ADVERTISEMENT

തിരുവനന്തപുരം ∙ മലയാള മനോരമ മുൻ അസിസ്റ്റന്റ് എഡിറ്റർ സിബി കാട്ടാമ്പള്ളി (ജോർജ് തോമസ്, 63) നിര്യാതനായി. പ്രസ് ക്ലബ് ഐജെടി ഡയറക്ടർ ആയിരുന്നു. രാവിലെ 11.30 ഓടെ കോസ്മോപൊളിറ്റൻ ആശുപത്രിയിലായിരുന്നു അന്ത്യം. മാധ്യമപ്രവർത്തന മികവിന് ഒട്ടേറെ പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. കേരള പത്രപ്രവര്‍ത്തക യൂണിയന്‍ തിരുവനന്തപുരം ജില്ലാ പ്രസിഡന്റായിരുന്നു. ഭാര്യ: കൊച്ചുറാണി ജോര്‍ജ്. മക്കള്‍: അമ്മു ജോര്‍ജ് (അയര്‍ലന്‍ഡ്), തോമസ് ജോര്‍ജ്. മരുമകന്‍: അരുണ്‍ പുളിക്കന്‍. സംസ്‌കാരം പിന്നീട്.

മലയാള മനോരമയിൽ 38 വർഷം പത്രപ്രവർത്തകനായിരുന്ന അദ്ദേഹം റിപ്പോർട്ടിങ്ങിലും ന്യൂസ് ഡസ്‌കിലും പ്രാഗത്ഭ്യം തെളിയിച്ചിട്ടുണ്ട്. മനോരമയുടെ വിവിധ യൂണിറ്റുകളിൽ, വിവിധ തസ്‌തികകളിൽ പ്രവർത്തിച്ചിച്ചിട്ടുണ്ട്. തിരുവനന്തപുരം യൂണിറ്റിൽനിന്ന് അസിസ്റ്റന്റ് എഡിറ്ററായി 2020 ൽ വിരമിച്ചു.

കേരള രാഷ്‌ട്രീയത്തിൽ കോളിളക്കമുണ്ടാക്കിയ, ഇടുക്കി ജില്ലയിലെ തങ്കമണിയിൽ പൊലീസ് നടത്തിയ അതിക്രമങ്ങൾ പുറംലോകത്തെ അറിയിച്ചത് സിബി കാട്ടാമ്പള്ളിയാണ്. രാഷ്‌ട്രീയം, പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാനം തുടങ്ങി വൈവിധ്യമാർന്ന വിഷയങ്ങളിൽ ശ്രദ്ധേയമായ നിരവധി റിപ്പോർട്ടുകൾ അദ്ദേഹമെഴുതിയിട്ടുണ്ട്. ഗ്രാമീണ റിപ്പോർട്ടിങ്ങിനുള്ള സ്റ്റേറ്റ്സ്‌മാൻ പുരസ്കാരം രണ്ട് തവണ നേടി.

അന്വേഷണാത്മക പത്രപ്രവർത്തനത്തിനുള്ള ലാഡ്​ലി മീഡിയ ദേശീയ അവാർഡ്, ഫ്രാൻസിലെ ക്ലബ് ഓഫ് പ്രസ് ആൻഡ് റിപ്പോർട്ടേഴ്‌സ് വിത്തൗട്ട് ബോർഡേഴ്സ് ഏർപ്പെടുത്തിയ ഫ്രഞ്ച് ഫ്രീഡം പ്രൈസ് തുടങ്ങിയ പുരസ്കാരങ്ങൾ നേടിയ അദ്ദേഹം യൂറോപ്യൻ കമ്മിഷന്റെ ലൊറൻസോ നടാലി ഇന്റർനാഷനൽ പ്രൈസ് നേടിയ ഏക ദക്ഷിണേന്ത്യൻ പത്രപ്രവർത്തകൻ, സ്റ്റാൻഫഡ് യൂണിവേഴ്‌സിറ്റിയും റോയിട്ടേഴ്സ് ഫൗണ്ടേഷനും ചേർന്നു നൽകുന്ന ജോൺ എസ്. നൈറ്റ് ഫെലോഷിപ്പ് നേടിയ കേരളത്തിൽനിന്നുള്ള ഏക പത്രപ്രവർത്തകൻ എന്നീ നിലകളിലും ശ്രദ്ധേയനാണ്.

കാലാവസ്ഥയെക്കുറിച്ച് കോപ്പൻഹേഗനിൽ നടന്ന യുഎൻ കൺവൻഷനിൽ പ്രത്യേക ക്ഷണിതാവായി പങ്കെടുത്തു. 1992 ലെ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പും തുടർന്ന് ബിൽ ക്ലിന്റന്റെ സ്ഥാനാരോഹണവും റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്.

English Summary:

Senior Journalist Sibi Kattampally Passes Away

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com