ADVERTISEMENT

ബെംഗളൂരു ∙ സുഹൃത്തായ നടിക്ക് അശ്ലീല സന്ദേശമയച്ച യുവാവിനെ പ്രമുഖ കന്നട നടൻ ദർശൻ തൊഗുദീപ ഉൾപ്പെട്ട സംഘം കമ്പുകൊണ്ടും ബെൽറ്റ് കൊണ്ടു ക്രൂരമായി മർദിച്ചാണ് കൊലപ്പെടുത്തിയതെന്നു പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. ക്രൂരമർദനത്തിനുശേഷം ഭിത്തിയിലേക്ക് വലിച്ചെറിഞ്ഞത് മരണത്തിനിടയാക്കിയെന്നും പൊലീസ് പറയുന്നു. ചിത്രദുർഗ സ്വദേശിയും ഫാർമസി ജീവനക്കാരനുമായ രേണുകസ്വാമിയാണ് (33) കൊല്ലപ്പെട്ടത്. സംഭവത്തിൽ ദർശൻ തൊഗുദീപ ഉൾപ്പെടെ 13 പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സുഹൃത്തും നടിയുമായ പവിത്ര ഗൗഡയെയും അറസ്റ്റ് ചെയ്തു. 

പവിത്രയാണ് രേണുകാസ്വാമിയെ ‘ശിക്ഷിക്കാൻ’ ദർശനെ നിർബന്ധിച്ചതെന്നു പൊലീസ് പറയുന്നു. ദർശൻ ചിത്രദുർഗയിലെ ഫാൻസ് അസോസിയേഷൻ നേതാവ് രാഘവേന്ദ്രയെ ബന്ധപ്പെട്ടു. രാഘവേന്ദ്രയാണ് രേണുകാസ്വാമിയെക്കുറിച്ചുള്ള വിവരങ്ങൾ കൈമാറിയത്. തന്റെ ഭർത്താവിനെ വീട്ടിൽനിന്ന് കൂട്ടിക്കൊണ്ടുപോയത് രാഘവേന്ദ്രയാണെന്നു രേണുകാസ്വാമിയുടെ ഭാര്യ പൊലീസിനു മൊഴി നൽകി. 

രേണുകാസ്വാമിയെ പിന്നീട് കാമാക്ഷിപാളയത്തെ ഒരു ഷെഡിലേക്ക് കൊണ്ടുപോയി. അവിടെയെത്തിയ ദർശൻ ബെൽറ്റ് ഉപയോഗിച്ച് രേണുകാസ്വാമിയെ അടിച്ചു. ബോധരഹിതനായപ്പോൾ സംഘത്തിലുള്ളവർ വടി കൊണ്ട് അടിച്ചു. പിന്നീട് ഭിത്തിയിലേക്ക് വലിച്ചെറിഞ്ഞു. ആഘാതത്തിൽ രേണുകാസ്വാമിയുടെ എല്ലുകൾ ഒടിഞ്ഞു. പിന്നീട് മൃതദേഹം ഓടയിൽ തള്ളി. ഭക്ഷണം വിതരണം ചെയ്യുന്ന കമ്പനിയിൽ പ്രവർത്തിക്കുന്ന യുവാവാണ് നായ്ക്കൾ ഭക്ഷിക്കുന്ന മൃതദേഹം കണ്ടെത്തിയത്. പൊലീസ് അന്വേഷണം ആരംഭിച്ചപ്പോൾ മൂന്നുപേർ കീഴടങ്ങി. സാമ്പത്തിക പ്രശ്നങ്ങളാണ് കൊലപാതകത്തിന് കാരണമായി പറഞ്ഞത്. മൊബൈൽ രേഖകൾ പരിശോധിച്ചപ്പോൾ നടന്റെ പങ്ക് വ്യക്തമാകുകയായിരുന്നു.

ഭാര്യയുമായി അകന്നു താമസിക്കുന്ന ദർശനുമായി 10 വർഷമായി പവിത്ര ഗൗഡ അടുപ്പത്തിലാണ്. പവിത്രയുടെ സമൂഹമാധ്യമ അക്കൗണ്ടുകളിൽ പോസ്റ്റിട്ടും നേരിട്ട് അശ്ലീല സന്ദേശങ്ങളയച്ചും രേണുകസ്വാമി അപമാനിച്ചതാണ് കൊലപാതക കാരണം. ദർശന്റെ കടുത്ത ആരാധകനായ ഇയാൾ പവിത്രയുമായുള്ള ബന്ധത്തെ രൂക്ഷമായി എതിർത്തിരുന്നു. രേണുകസ്വാമിയെ 8ന് ചിത്രദുർഗയിൽ നിന്നു കാണാതായതിനു പിന്നാലെ തൊട്ടടുത്ത ദിവസം ബെംഗളൂരു സുമനഹള്ളി പാലത്തിനു സമീപത്തെ മലിനജല കനാലിൽ നിന്ന് മൃതദേഹം കണ്ടെടുത്തു.‌ 2011ൽ ഭാര്യ നൽകിയ ഗാർഹിക പീഡന കേസിൽ ദർശൻ അറസ്റ്റിലായിരുന്നു. യുവതിയെ പട്ടിയെ വിട്ടു കടിപ്പിച്ചെന്ന കേസും മൈസൂരുവിലെ ഫാമിൽ അനധികൃതമായി ദേശാടനപക്ഷികളെ കൂട്ടിലടച്ചെന്ന കേസും ഇയാൾക്കെതിരെയുണ്ട്. 

English Summary:

Actor Darshan, Aides Beat Victim With Belt, Threw Him Against Wall: Probe

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com