ജയിക്കുമായിരുന്ന സിറ്റിങ് സീറ്റ് വിട്ട് പോയത് തെറ്റ്: എക്സ് എംപി പാസ് വാങ്ങി മുരളീധരൻ
Mail This Article
ന്യൂഡൽഹി∙ കേരളത്തിൽ നിയമസഭാ തിരഞ്ഞെടുപ്പിനു 2 വർഷം മാത്രമുള്ളപ്പോള്‍ എല്ലായിടത്തും പോയി മത്സരിക്കേണ്ട കാര്യമില്ലെന്നു കോൺഗ്രസ് നേതാവ് കെ.മുരളീധരൻ. തൃശൂരിൽ ജയിക്കാൻ ബുദ്ധിമുട്ടുണ്ടെന്ന് ടി.എൻ.പ്രതാപനും പറഞ്ഞിരുന്നില്ല. പത്മജ വേണുഗോപാൽ ബിജെപിയിൽ ചേർന്നത് ഒരു ശതമാനം പോലും തോൽവിക്ക് കാരണമായിട്ടില്ല. രാഹുൽ ഗാന്ധി വയനാട് ഒഴിയുകയാണെങ്കിൽ പ്രിയങ്കാ ഗാന്ധി മത്സരിക്കണമെന്നാണ് തന്റെ അഭിപ്രായമെന്നും മുരളീധരൻ ഡൽഹിയിൽ പറഞ്ഞു.
എക്സ് എംപി പാസ് വാങ്ങാനും ഔദ്യോഗിക വസതി ഒഴിയാനുമായി ഡൽഹിയിലെത്തിയതായിരുന്നു അദ്ദേഹം. തൃശൂരില്‍ സുരേഷ് ഗോപി നടത്തിയ പ്രവർത്തനങ്ങള്‍ വിലയിരുത്തുന്നതില്‍ പാര്‍ട്ടി സംവിധാനത്തിനും തനിക്കും വീഴ്ച പറ്റിയെന്നു മുരളീധരൻ പറഞ്ഞു. തോല്‍വിയെ കുറിച്ച് ചോദിക്കാനാണ് രാഹുല്‍ ഫോണിൽ വിളിച്ച് സംസാരിച്ചത്. എന്നോട് അഭിപ്രായം ചോദിച്ചത് ബഹുമതിയായി കാണുന്നു. തൃശൂരില്‍ ക്രൈസ്തവ വോട്ടുകളില്‍ വിള്ളല്‍ വീണെങ്കിലും മറ്റ് മണ്ഡലങ്ങളില്‍ ചോർച്ച ഉണ്ടായിട്ടില്ല. അതിനാലാണ് കോട്ടയത്തും ഇടുക്കിയിലും യുഡിഎഫ് വലിയ ഭൂരിപക്ഷത്തിൽ വിജയിച്ചത്.
ജയിക്കുമായിരുന്ന സിറ്റിങ് സീറ്റ് വിട്ട് മറ്റൊരു സീറ്റില്‍ മത്സരിക്കാന്‍ പോയത് എന്‍റെ തെറ്റാണ്. അടുത്ത ഒരു വര്‍ഷത്തേക്ക് പ്രവര്‍ത്തനത്തില്‍ സജീവമായുണ്ടാകില്ല. പ്രവര്‍ത്തന കേന്ദ്രം ഇനി കേരളമാണ്. എംപി അല്ലാത്തതിനാല്‍ ഇനി ഡല്‍ഹിക്ക് വരേണ്ടല്ലോ– മുരളീധരൻ പറഞ്ഞു.