ADVERTISEMENT

കൊച്ചി∙ സൂര്യനെല്ലി പീഡനക്കേസിലെ അതിജീവിതയുടെ വ്യക്തിവിവരങ്ങൾ വെളിപ്പെടുത്തിയ മുൻ ഡിജിപി സിബി മാത്യൂസിനെതിരെ കേസെടുക്കാൻ ഹൈക്കോടതി ഉത്തരവ്. സിബി മാത്യൂസിന്റെ ‘നിര്‍ഭയം-ഒരു ഐപിഎസ്. ഓഫിസറുടെ അനുഭവക്കുറിപ്പുകള്‍’ എന്ന പുസ്തകത്തിലാണ് ഇരയുടെ വിവരങ്ങൾ പരാമർശിച്ചിട്ടുള്ളത്.

പുസ്തകത്തിൽ പറഞ്ഞിട്ടുള്ള കാര്യങ്ങളിൽനിന്ന് അതിജീവിത ആരാണെന്ന് വ്യക്തമാകുമെന്നു ചൂണ്ടിക്കാട്ടിയാണു ജസ്റ്റിസ് എ.ബദറുദീൻ കേസെടുക്കാൻ ഉത്തരവിട്ടത്. ‘‘അതിജീവിതയുടെ പേര് നേരിട്ടു പറഞ്ഞിട്ടില്ലെങ്കിലും മാതാപിതാക്കളുടെ പേരും അവർ താമസിക്കുന്ന സ്ഥലവും അതിജീവിത പഠിച്ച സ്കൂളിന്റെ പേരുമെല്ലാം വിശദമായി പുസ്തകത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഇത് 228എ വകുപ്പിന്റെ ലംഘനമാണെന്ന് പ്രാഥമികമായി ‌വെളിപ്പെടുന്നു’’–കോടതി ചൂണ്ടിക്കാട്ടി.

കെ.കെ.ജോഷ്വ എന്നയാളാണ് സിബി മാത്യൂസിന് എതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. ആദ്യം മണ്ണന്തല പൊലീസിനും തിരുവനന്തപുരം ജില്ലാ പൊലീസ് മേധാവിക്കും പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ല. തുടർന്നാണ് ഹൈക്കോടതിയെ സമീപിച്ചത്. പരാതി പരിശോധിക്കാൻ കോടതി പൊലീസിന് നിർദേശം നൽകി. എന്നാൽ കൂടുതൽ നടപടികൾ ഉണ്ടാകാതെ വന്നതോടെ പരാതിക്കാരൻ വീണ്ടും ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

സിബി മാത്യൂസിന്റെ പുസ്തകത്തിലെ വിവരങ്ങൾ വച്ച് അതിജീവിതയെ തിരിച്ചറിയാൻ പറ്റുമെന്ന് പരാതിക്കാരന്റെ അഭിഭാഷകൻ വാദിച്ചു. ഇത്തരത്തിൽ വിവരങ്ങൾ പുറത്തുവിട്ടാൽ കേസെടുക്കണമെന്നു സുപ്രീംകോടതി  വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ പുസ്തകം പുറത്തിറങ്ങി 2 വർഷം കഴിഞ്ഞു മാത്രമാണ് പരാതിപ്പെട്ടതെന്നും എഫ്ഐആർ റജിസ്റ്റർ ചെയ്യുന്നതിനു പകരം പ്രാഥമികാന്വേഷണം മതിയെന്നും സിബി മാത്യൂസിന്റെ അഭിഭാഷകൻ വാദിച്ചു. 2017 മേയിലാണ് പുസ്തകം പുറത്തു വന്നത്. പരാതി നൽകിയത് 2019 ഒക്ടോബറിലും.

English Summary:

Suryanelli Case High Court Orders Case Against Siby Mathews

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com