‘ക്ഷേമപെൻഷൻ കൊടുത്തിരുന്നെങ്കിൽ എൽഡിഎഫ് തരംഗം; പന്ന്യൻ ജയിക്കുമെന്നു പ്രതീക്ഷിച്ചിട്ടില്ല’
Mail This Article
കോട്ടയം ∙ ക്ഷേമ പെൻഷൻ കൃത്യമായി കൊടുത്തിരുന്നെങ്കിൽ ലോക്സഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് സർക്കാരിന് അനുകൂലമായ തരംഗമുണ്ടാവുമായിരുന്നുവെന്ന് സിപിഐ ദേശീയ എക്സിക്യൂട്ടീവ് അംഗം കെ.പ്രകാശ് ബാബു. ഇടതുപക്ഷത്തുനിന്നും യുഡിഎഫിൽനിന്നും ബിജെപിയിലേക്കു വോട്ട് മാറിയിയിട്ടുണ്ട്. സിപിഎമ്മോ സിപിഐയോ മുൻകയ്യെടുത്ത് തിരുവനന്തപുരം, കൊല്ലം ലോക്സഭാ സീറ്റുകൾ വച്ചുമാറുന്നത് ചർച്ച നടത്തുകയാണെങ്കിൽ രണ്ട് സാഹചര്യങ്ങളും ചർച്ച ചെയ്യും. തിരുവനന്തപുരത്തെക്കാൾ സിപിഐയ്ക്ക് വിജയ സാധ്യതയുള്ള മണ്ഡലമാണ് കൊല്ലം. രാജ്യസഭാ സീറ്റ് കിട്ടാത്തതിൽ യാതൊരു നിരാശയുമില്ലെന്നും പ്രകാശ് ബാബു മനോരമ ഓൺലൈനു നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
∙ ലോക്സഭാ തിരഞ്ഞെടുപ്പിനു ശേഷം ഉണ്ടായ മാറ്റത്തെ എങ്ങനെ വിലയിരുത്തുന്നു?
ഇന്ത്യ മുന്നണിക്ക് അനുകൂലമായി ഒരു പൊതു തരംഗം ദേശീയ തലത്തിൽ ഉണ്ടായിട്ടുണ്ട്. അതിന്റെയൊരു അംശം കേരളത്തിലും എത്തിയിട്ടുണ്ട്. ബിജെപി 400 സീറ്റ് നേടുമെന്നൊക്കെയുള്ള അവരുടെ പ്രഖ്യാപനങ്ങൾ ആദ്യ റൗണ്ടിൽത്തന്നെ തള്ളിപ്പോയി. 200 സീറ്റിലേക്ക് ബിജെപി ചുരുങ്ങുമെന്ന് ഞങ്ങൾ നേരത്തേ വിലയിരുത്തിയിരുന്നു. കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള ഇന്ത്യാ സഖ്യം നല്ലരീതിയിൽ മുന്നോട്ടുവന്നു.
∙ കേരളത്തിൽ എന്താണു സംഭവിച്ചത്?
ഇന്ത്യയിൽ എമ്പാടും ഉണ്ടായ, ഇന്ത്യാ മുന്നണിക്ക് അനുകൂലമായ തരംഗം കേരളത്തിലുമുണ്ടായി. പാർലമെന്റിൽ മോദിയെയും ബിജെപിയെയും ശക്തമായി എതിർക്കുന്നതിനു പരമാവധി കോൺഗ്രസ് എംപിമാർ വേണമെന്ന് കേരളത്തിലെ ജനങ്ങൾ ചിന്തിച്ചു.
∙ സിപിഐയ്ക്ക് സ്വാധീനമുള്ള തൃശൂരിൽ ബിജെപി വിജയിച്ചത് പാർട്ടിയുടെ ഭാഗത്തു നിന്നുണ്ടായ വീഴ്ചയാണോ?
അതു പാർട്ടിയുടെ ഭാഗത്തു നിന്നുള്ള വീഴ്ചയല്ല. കഴിഞ്ഞ തവണത്തെക്കാൾ കൂടുതൽ വോട്ട് എൽഡിഎഫിനു കിട്ടി. യുഡിഎഫിന്റെ കുറച്ച് വോട്ട് ബിജെപിക്ക് അനുകൂലമാകുകയും ചെയ്തു. തൃശൂർ ജില്ലാഘടകം വിശദ പരിശോധന നടത്തി റിപ്പോർട്ട് നൽകിയ ശേഷമേ കൂടുതൽ കാര്യങ്ങൾ പറയാൻ പറ്റുകയുള്ളൂ.
∙ 11 നിയമസഭാ മണ്ഡലങ്ങളിൽ ബിജെപി ഒന്നാമതെത്തി. സംസ്ഥാനത്ത് ബിജെപിയുടെ വളർച്ച മനസ്സിലാക്കുന്നതിൽ ഇടതുപക്ഷം പരാജയപ്പെട്ടോ?
ബിജെപി 11 നിയമസഭാ മണ്ഡലങ്ങളിൽ ഒന്നാമതെത്തിയതും എട്ടിടത്ത് രണ്ടാമത് എത്തിയതും കരുതിയിരിക്കണം എന്നതിന്റെ സൂചനയാണ്. തൃശൂരിലെ വിജയം ബിജെപിയുടെ നേട്ടമല്ല. സുരേഷ് ഗോപി എന്ന വ്യക്തിക്ക് കിട്ടിയ വോട്ടു കൂടിയാണ്. ബിജെപിയിലേക്ക് ഒരു വോട്ട് ഷിഫ്റ്റ് ഇടതുപക്ഷത്തുനിന്നും യുഡിഎഫിൽനിന്നും ഉണ്ടായിട്ടുണ്ട്.
∙ തിരുവനന്തപുരത്ത് സിപിഐ തുടർച്ചയായി മൂന്നാം സ്ഥാനത്തേക്ക് പോവുകയാണല്ലോ?
തിരുവനന്തപുരത്ത് വളരെ വലിയ നിലയിൽത്തന്നെ യുഡിഎഫും എൻഡിഎയും പ്രചാരണം നടത്തിയിരുന്നു. എങ്കിലും പന്ന്യൻ രവീന്ദ്രന് അനുകൂലമായ വിധിയുണ്ടാകുമെന്നാണ് തിരുവനന്തപുരം ജില്ലയിലെ സഖാക്കൾ റിപ്പോർട്ട് ചെയ്തത്. ജയിക്കുമെന്ന് ഞങ്ങൾ കരുതിയിരുന്നില്ല. ജയിക്കുമെന്ന് കരുതിയിരുന്നത് മാവേലിക്കരയും തൃശൂരുമാണ്. തിരുവനന്തപുരത്തു തോൽക്കുമെങ്കിലും മൂന്നാം സ്ഥാനത്തു പോകുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല.
∙ തുടർച്ചയായ തോൽവികളുടെ പശ്ചാത്തലത്തിൽ തിരുവനന്തപുരം, കൊല്ലം സീറ്റുകൾ സിപിഎമ്മും സിപിഐയും വച്ചുമാറാൻ സാധ്യതയുണ്ടോ?
പാർട്ടി സംസ്ഥാന നേതൃത്വങ്ങൾ തമ്മിൽ അങ്ങനെ ചർച്ചകൾ നടന്നിട്ടില്ല. അത്തരം അഭ്യൂഹങ്ങൾ തിരഞ്ഞെടുപ്പിനു മുൻപ് ഉണ്ടായിരുന്നു.
∙ അതൊരു നല്ല കാര്യമാണോ?
ഏതെങ്കിലും പാർട്ടി മുൻകൈയ്യെടുത്ത് അങ്ങനെയൊരു ചർച്ച നടത്തുകയാണെങ്കിൽ രണ്ട് സാഹചര്യങ്ങളും ചർച്ച ചെയ്യും. തിരുവനന്തപുരത്തെക്കാൾ സിപിഐയ്ക്ക് വിജയ സാധ്യതയുള്ള മണ്ഡലമാണ് കൊല്ലം. പക്ഷേ ചർച്ചകൾ നടന്നിട്ടില്ല.
∙ ചർച്ചകൾക്ക് സിപിഐ മുൻകയ്യെടുക്കുമോ?
അത് എനിക്ക് പറയാൻ പറ്റില്ല.
∙ വയനാട്ടിൽ പ്രിയങ്ക ഗാന്ധി മത്സരിക്കാൻ എത്തുമെന്ന് കേൾക്കുന്നു. എന്താണ് സിപിഐയുടെ നിലപാട്?
തിരഞ്ഞെടുപ്പ് വരട്ടെ. അപ്പോൾ അതു ചർച്ച ചെയ്യാം. പക്ഷേ ബിജെപിക്കെതിരെ മത്സരിക്കാവുന്ന ഒരു സീറ്റ് രാഹുൽ ഗാന്ധിക്കു തിരഞ്ഞെടുക്കാമായിരുന്നു.
∙ ഈ തിരഞ്ഞെടുപ്പിൽ ഭരണവിരുദ്ധ തരംഗമുണ്ടായിട്ടുണ്ടോ?
സർക്കാരിന് അനുകൂലമായ തരംഗമൊന്നും കേരളത്തിൽ ഉണ്ടായിരുന്നില്ല. ക്ഷേമ പെൻഷനൊക്കെ കൃത്യമായി കൊടുത്തിരുന്നെങ്കിൽ സർക്കാരിന് അനുകൂലമായ തരംഗമുണ്ടാവുമായിരുന്നു.
∙ സംസ്ഥാന ഭരണത്തിൽ തൃപ്തനാണോ?
വ്യക്തിപരമായ എന്റെ അഭിപ്രായത്തിന് പ്രസക്തിയില്ല.
∙ സിപിഐ വകുപ്പുകൾക്ക് അർഹമായ പണം കിട്ടുന്നുണ്ടോ?
ഞങ്ങളുടെ മന്ത്രിമാർ ആരും കമ്മിറ്റികളിൽ പരാതിയൊന്നും പറഞ്ഞിട്ടില്ല.
∙ സിപിഐക്കു കിട്ടിയ രാജ്യസഭാ സീറ്റിൽ സജീവമായി താങ്കളുടെ പേരും പരിഗണിച്ചിരുന്നു. കിട്ടാത്തതിൽ നിരാശനാണോ?
അതൊക്കെ പാർട്ടി തീരുമാനമാണ്. എല്ലാം കൂടി ചേരുന്നതല്ലേ രാഷ്ട്രീയം.
∙ പ്രകാശ് ബാബു രാജ്യസഭാ സീറ്റിന് അർഹനാണെന്നാണ് സീറ്റ് കിട്ടിയ പി.പി. സുനീർ പറഞ്ഞത്?
നല്ല കാര്യം
∙ രാജ്യസഭാ സീറ്റ് പ്രതീക്ഷിച്ചിരുന്നോ?
അതൊക്കെ പാർട്ടിയുടെ തീരുമാനമാണ്. പാർട്ടിയുടെ തീരുമാനത്തിന് അനുസരിച്ചാണ് പ്രവർത്തിക്കുന്നത്. ഞാൻ പാർട്ടിക്കു വിധേയനാണ്.
∙ സിപിഐയിൽ ഇപ്പോഴും പല പക്ഷങ്ങളുണ്ടോ? കാനം പക്ഷം ഇപ്പോഴുമുണ്ടോ?
അതൊക്കെ വെറുതേ ആളുകൾ ഉണ്ടാക്കുന്ന വാർത്തകളല്ലേ. മരിച്ചുപോയ മുൻ സെക്രട്ടറിയുടെ പേര് ഇങ്ങനെ എല്ലാത്തിലും വലിച്ചിഴയ്ക്കുന്നതു തന്നെ തെറ്റാണ്.