നാദാപുരത്ത് പഞ്ചായത്ത് വൈസ് പ്രസിഡന്റിന്റെ രാജി ആവശ്യപ്പെട്ട് സമരം; ഏറ്റുമുട്ടി വനിതാ അംഗങ്ങൾ–വിഡിയോ
Mail This Article
കോഴിക്കോട്∙ നാദാപുരം പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഖില മര്യാട്ടിന്റെ രാജി ആവശ്യപ്പെട്ട് എൽഡിഎഫ് നടത്തിയ സമരത്തിനിടെ വനിതാ അംഗങ്ങൾ തമ്മിൽ ഏറ്റുമുട്ടി. സംഘർഷത്തിൽ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട 2 വനിതാ അംഗങ്ങൾക്ക് പ്രഥമ ചികിത്സ നൽകി.
പഞ്ചായത്ത് ഭരണ സമിതി യോഗത്തിനു മുൻപായി ഒൻപതരയ്ക്ക് മാർച്ച് നടത്താനായിരുന്നു എൽഡിഎഫ് തീരുമാനം. 10.30നായിരുന്നു ഭരണസമിതിയോഗം. അഖില അടക്കമുള്ള യുഡിഎഫ് അംഗങ്ങൾ രാവിലെ എട്ടിനു തന്നെ ഓഫിസിലെത്തിയിരുന്നു. അജണ്ടയിലില്ലാത്ത കാര്യമാണെങ്കിലും പ്രസിഡന്റ് വി.വി.മുഹമ്മദലി അഖിലയ്ക്ക് വിശദീകരണം നൽകാൻ അവസരം നൽകി.
അഖില പ്രസംഗിച്ചു തുടങ്ങിയതോടെ എൽഡിഎഫ് അംഗങ്ങൾ ഡയസിലേക്ക് ഇരച്ചു കയറുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്തു. ഇതിനിടയിൽ അഖിലക്കെതിരെ സിപിഎം അംഗം നിഷാ മനോജ് കയ്യേറ്റത്തിനു മുതിർന്നതോടെ യുഡിഎഫിന്റെ വനിതാ അംഗങ്ങൾ ചെറുത്തു. ഇതോടെ ഉന്തും തള്ളും സംഘർഷവുമായി. ലീഗ് അംഗങ്ങളായ കാക്കൽ അബ്ബാസ്, എ.കെ.സുബൈർ, എം.സി.സുബൈർ, കോൺഗ്രസ് അംഗം പി.പി.വാസു എന്നിവർ വനിതാ അംഗങ്ങൾക്ക് സുരക്ഷയൊരുക്കി.
17-ാം വാർഡ് അംഗം സുമയ്യ പാട്ടത്തിലിനു കണ്ണിനു പരുക്കേറ്റു. സിപിഎം അംഗം നിഷാ മനോജിനും പരുക്കേറ്റു. ബഹളം ഏറെ നേരം തുടർന്നതോടെ എൽഡിഎഫ് അംഗങ്ങൾ ഇറങ്ങിപ്പോയി. അജണ്ട പൂർത്തീകരിച്ച ശേഷമാണ് യോഗ നടപടികൾ അവസാനിപ്പിച്ചത്. സ്ഥലത്ത് പൊലീസ് ക്യാംപ് ചെയ്യുന്നുണ്ട്.