ADVERTISEMENT

മുംബൈ∙ മഹാരാഷ്ട്രയിൽ നിന്നുള്ള ലോക്സഭാ എംപി രവീന്ദ്ര വയ്ക്കറുടെ ബന്ധു ഇലക്ട്രോണിക് വോട്ടിങ് മെഷീൻ (ഇവിഎം) അൺലോക്ക് ചെയ്യാൻ കഴിയുന്ന ഫോൺ ഉപയോഗിച്ചിരുന്നതായി പൊലീസ്. വയ്കറിന്റെ മരുമകൻ മങ്കേഷ് പണ്ടിൽക്കറാണ് ഇവിഎമ്മുമായി ബന്ധിപ്പിച്ചിട്ടുള്ള ഫോൺ ഉപയോഗിച്ചിരുന്നതായി വൻറായ് പൊലീസ് കണ്ടെത്തിയത്. ഇവിഎം അൺലോക്ക് ചെയ്യാനുള്ള ഒടിപി ലഭിക്കാനായി  ഉപയോഗിച്ചിരുന്ന ഫോണാണ് പണ്ടിൽക്കർ ഉപയോഗിച്ചതായി കണ്ടെത്തിയത്.

ഇയാൾ പ്രസ്തുത ഫോൺ ഉപയോഗിച്ചിരുന്നതായി കണ്ടെത്തിയ സാഹചര്യത്തിൽ, മങ്കേഷിനും തിരഞ്ഞെടുപ്പ് കമ്മിഷൻ പോൾ പോർട്ടലായ എൻകോറിന്റെ ഓപ്പറേറ്റർ ദിനേഷ് ഗൗരവിനും നോട്ടിസ് അയച്ചതായി പൊലീസ് അറിയിച്ചു. ഈ ഫോൺ പരിശോധനയ്ക്കായി ഫൊറൻസിക് ലബോറട്ടിയിലേക്ക് അയച്ചെന്നും പൊലീസ് വ്യക്തമാക്കി. മൊബൈൽ ഫോണിലെ വിവരങ്ങളും വിരലടയാളങ്ങളും വിശദമായി പരിശോധിക്കാനാണ് തീരുമാനം.

ശിവസേന (ഏക്നാഥ് ഷിൻഡെ പക്ഷം) സ്ഥാനാർഥിയായിരുന്ന രവീന്ദ്ര വയ്ക്കർ മുംബൈ നോർത്ത് വെസ്റ്റ് ലോക്സഭാ സീറ്റിൽനിന്ന് 48 വോട്ടിനാണ് വിജയിച്ചത്. ഇത്തവണത്തെ ഏറ്റവും കുറഞ്ഞ ഭൂരിപക്ഷമായിരുന്നു ഇത്. ജൂൺ 4ന് വോട്ടെണ്ണുമ്പോഴാണ് വോട്ടെണ്ണൽ കേന്ദ്രത്തിൽവച്ച് മങ്കേഷ് മൊബൈൽ ഫോൺ ഉപയോഗിച്ചതായി മറ്റു സ്ഥാനാർഥികൾ പരാതി ഉന്നയിച്ചത്. 6.30 വരെ വോട്ടെണ്ണുമ്പോൾ ചെറിയ വോട്ടിന് ശിവസേന ഉദ്ധവ് വിഭാഗം സ്ഥാനാർഥി അമോൽ ക്രിതികർ ആയിരുന്നു മുന്നിൽ.

എന്നാൽ അസാധുവാക്കപ്പെട്ട പോസ്റ്റൽ വോട്ടുകളേക്കാൾ കുറവാണ് വിജയിച്ച സ്ഥാനാർഥിയുടെ ഭൂരിപക്ഷമെങ്കിൽ റിട്ടേണിങ് ഓഫിസർ സ്വമേധയാ റീകൗണ്ടിങ് നടത്തണമെന്ന തിരഞ്ഞെടുപ്പ് ഹാൻഡ്ബുക്കിലെ നിയമപ്രകാരം വീണ്ടും വോട്ടെണ്ണുകയായിരുന്നു. തുടർന്ന് രണ്ടു തവണ വോട്ടെണ്ണിയതോടെ 48 വോട്ടിന് വയ്കറിനെ വിജയിയായി പ്രഖ്യാപിക്കുകയായിരുന്നു.

റീകൗണ്ടിങ്ങിന്റെ സമയത്താണ് മങ്കേഷ് ഫോണിൽ നിരന്തരം സംസാരിച്ചെന്ന ആരോപണമുയർന്നിട്ടുള്ളത്. 19ാം ഘട്ട വോട്ടെണ്ണലിനുശേഷം എണ്ണിയ വോട്ടുകളുടെ വിവരം നൽകുന്നത് അവസാനിപ്പിച്ചെന്നും തുടർന്ന് 26 റൗണ്ടിനുശേഷം വയ്ക്കറിനെ വിജയിയായി പ്രഖ്യാപിക്കുകയായിരുന്നെന്നും ക്രിതികർ ആരോപിച്ചു. ഇതേത്തുടർന്ന് പിന്നെയും വോട്ടെണ്ണണം എന്ന് ആവശ്യപ്പെട്ടിട്ടും അംഗീകരിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.

ക്രിതികറും മറ്റ് സ്ഥാനാർഥികളും നൽകിയ പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് പോസ്റ്റൽ ബാലറ്റ് സിസ്റ്റം അൺലോക്ക് ചെയ്യാനുള്ള ഒടിപി കിട്ടുന്ന ഫോണാണ് മങ്കേഷ് ഉപയോഗിച്ചതെന്നും ഈ ഫോൺ ദിനേഷ് ഗൗരവിന്റെ പക്കലാണ് ഉണ്ടാകേണ്ടിയിരുന്നത് എന്നും കണ്ടെത്തിയത്.

ഇന്ത്യയിൽ വോട്ടിങ് മെഷീൻ ‘ബ്ലാക്ക് ബോക്സ്’ പോലെ ദുരൂഹമായി തുടരുകയാണെന്നും അത് പരിശോധിക്കാൻ ആർക്കും അനുവാദമില്ലെന്നും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പ്രതികരിച്ചു. രാജ്യത്തെ തിരഞ്ഞെടുപ്പ് സംവിധാനത്തിന്റെ സുതാര്യതയെക്കുറിച്ച് ഗുരുതര ആരോപണങ്ങളാണ് ഉയരുന്നതെന്നും എന്നാൽ സംവിധാനങ്ങൾക്ക് ഉത്തരവാദിത്വം നഷ്ടപ്പെടുമ്പോൾ ജനാധിപത്യം തട്ടിപ്പിനും വഞ്ചനയ്ക്കും പാത്രമാകുന്നുവെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ഇവിഎമ്മുകളിൽ കൃത്രിമത്തിന് സാധ്യതയുണ്ടെന്ന ഇലോൺ മസ്കിന്റെ പരാമർശവും പങ്കുവെച്ചുകൊണ്ടായിരുന്നു എക്സിൽ രാഹുലിന്റെ പ്രതികരണം.

English Summary:

Ravindra Waikar’s kin had phone that unlocks EVM

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com