വാണിജ്യ–സുരക്ഷാ ബന്ധം വളർത്തും: 24 വർഷത്തിനുശേഷം പുട്ടിൻ ഉത്തര കൊറിയയിലേക്ക്
Mail This Article
പ്യോങ്യാങ് ∙ ഇരുരാജ്യങ്ങളും തമ്മിലുള്ള വാണിജ്യ – സുരക്ഷാ ബന്ധം ശക്തിപ്പെടുത്താന്‍ റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുട്ടിൻ ഉത്തര കൊറിയയിലെത്തും. 24 വർഷത്തിനു ശേഷമാണു ഒരു റഷ്യൻ പ്രസിഡന്റ് ഉത്തര കൊറിയ സന്ദർശിക്കുന്നത്. യാത്രയ്ക്കു മുൻപ്, യുക്രെയ്നുമായുള്ള യുദ്ധത്തില്‍ ഉത്തര കൊറിയ റഷ്യയ്ക്ക് നൽകിയ സഹായങ്ങളെ പുട്ടിൻ അഭിനന്ദിച്ചിരുന്നു. 2000 ലാണ് പുടിന്‍ അവസാനമായി ഉത്തര കൊറിയയുടെ തലസ്ഥാനമായ പ്യോങ്യാങ് സന്ദർശിച്ചത്.
‘‘ശക്തമായ പിന്തുണയാണ് ഉത്തര കൊറിയ റഷ്യയ്ക്ക് നൽകിയത്. പാശ്ചാത്യ രാജ്യങ്ങളുടെ പിടിയിൽ അകപ്പെട്ടിട്ടില്ലാത്ത ഉത്തര കൊറിയയുമായി വാണിജ്യ – സുരക്ഷാ ബന്ധം വളർത്തിയെടുക്കും. അമേരിക്കയുടെ ഭീഷണികളും സമ്മർദ്ദവും മറികടക്കാന്‍ ആർജവം കാണിച്ച രാജ്യത്തിന്റെ എല്ലാ താൽപര്യങ്ങൾക്കും പിന്തുണ നൽകും’’ – പുട്ടിനെ ഉദ്ധരിച്ച് ഉത്തര കൊറിയൻ മാധ്യമം റിപ്പോർട്ട് ചെയ്തു. എന്നാൽ ഇതൊരു സൗഹൃദസന്ദർശനമാണെന്നും സുരക്ഷാ പ്രശ്‌നങ്ങളുൾപ്പെടെയുള്ള കാര്യങ്ങളില്‍ ഇരുരാജ്യങ്ങളും പങ്കാളിത്ത കരാർ ഒപ്പിട്ടേക്കാമെന്നും റഷ്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
റഷ്യൻ പ്രതിരോധ മന്ത്രി ആൻഡ്രി ബെലോസോവിനും വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവിനും ഉപപ്രധാനമന്ത്രി അലക്സാണ്ടർ നൊവാക്കിനുമൊപ്പമാണ് പുട്ടിൻ പ്യോങ്യാങിൽ എത്തുക. ബഹിരാകാശ ഗവേഷണ രംഗത്ത് റഷ്യയുടെ സഹായം ഉത്തര കൊറിയയ്ക്ക് ആവശ്യമുണ്ട്. ഭക്ഷ്യ – സൈനിക മേഖലയിൽ റഷ്യ തിരിച്ചും സഹായം തേടുമെന്നാണ് റിപ്പോർട്ടുകൾ. റഷ്യൻ പ്രസിഡന്റായി ആദ്യമായി അധികാരത്തിലെത്തിയ വർഷമാണ് പുട്ടിൻ അവസാനമായി പ്യോങ്യാങ് സന്ദര്‍ശിച്ചത്. അന്ന് രാജ്യത്തെ പരമോന്നത നേതാവ് കിം ജോങ് ഇൽ ആയിരുന്നു.