തിരഞ്ഞെടുപ്പ് തോൽവി അന്വേഷിക്കാൻ കോൺഗ്രസ്; പി.ജെ.കുര്യനും ഹൈബിയും സമിതിയിൽ
Mail This Article
ന്യൂഡൽഹി ∙ ലോക്സഭാ തിരഞ്ഞെടുപ്പ് തോൽവി അന്വേഷിക്കാൻ സമിതി രൂപീകരിച്ച് കോൺഗ്രസ്. മധ്യപ്രദേശ്, ഛത്തീസ്ഗഡ്, ഒഡീഷ, ഡൽഹി, ഉത്തരാഖണ്ഡ്, ഹിമാചൽ പ്രദേശ്, കർണാടക, തെലങ്കാന എന്നീ സംസ്ഥാനങ്ങളിലെ തോൽവി പഠിക്കാനാണു സമിതി. എറണാകുളം എംപിയായ ഹൈബി ഈഡൻ കർണാടകയിലെ തോൽവി പഠിക്കാനുള്ള സമിതിയിലെ അംഗമാണ്. രാജ്യസഭയുടെ മുൻ ഡെപ്യൂട്ടി ചെയർമാനും മുതിർന്ന കോൺഗ്രസ് നേതാവുമായ പി.ജെ.കുര്യനാണ് തെലങ്കാനയിലെ തോൽവി പഠിക്കാനുള്ള സമിതിക്കു നേതൃത്വം നൽകുന്നത്.
പൃഥ്വിരാജ് ചൗഹാൻ, സപ്തഗിരി ഉലക, ജിഗ്നേഷ് മേവാനി എന്നിവരാണ് മധ്യപ്രദേശിലെ തിരഞ്ഞെടുപ്പ് തോൽവി അന്വേഷിക്കുക. വീരപ്പൻ മൊയ്‌ലിയും ഹരീഷ് ചൗധരിയുമാണ് ഛത്തീസ്ഗഡിലെ അംഗങ്ങൾ. അജയ് മാക്കനും താരിഖ് അൻവറും ഒഡീഷയിലെ തോൽവി പഠിക്കും. പി.എൽ.പൂനിയ, രജനി പാട്ടീൽ എന്നിവരാണ് ഡൽഹി, ഉത്തരാഖണ്ഡ്, ഹിമാചൽ പ്രദേശ് എന്നിവിടങ്ങളിലെ തോൽവി അന്വേഷിക്കുക. മധുസൂദനൻ മിസ്ത്രി, ഗൗരവ് ഗൊഗോയ്, ഹൈബി ഈഡൻ എന്നിവർ കർണാടകയിലെയും പി.ജെ.കുര്യൻ, രാകിബുൾ ഹുസൈൻ, പർഗത് സിങ് എന്നിവർ തെലങ്കാനയിലെയും തോൽവിയെപ്പറ്റി അന്വേഷിക്കും.