‘മകൾക്ക് 26 വയസ്സ്, ആരുടെ കൂടെ പോകണമെന്ന് തീരുമാനിക്കാം; മര്‍ദനമേറ്റെന്ന് പറഞ്ഞത് അവളാണ്’
Mail This Article
കൊച്ചി∙ മകളുടെയും ഭർത്താവിന്റെയും കാര്യത്തിൽ ഇനി ഇടപെടുന്നില്ലെന്നും പ്രായപൂർത്തിയായവർ എന്ന നിലയിൽ അവർക്കു കാര്യങ്ങൾ തീരുമാനിക്കാമെന്നും പന്തീരാങ്കാവിലെ ഗാർഹിക പീഡനത്തിന് ഇരയായ യുവതിയുടെ പിതാവ്. മകളുടെ മൊബൈൽ ഫോൺ സ്വിച്ച്ഡ് ഓഫ് ആണെന്നും അതിനാൽ ബന്ധപ്പെടാൻ സാധിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
‘‘മകൾക്ക് 26 വയസ്സായി. ആരുടെ കൂടെ, എവിടെ പോകണം എന്നു തീരുമാനിക്കാനുള്ള അവകാശം അവർക്കുണ്ട്. അതിൽ അഭിപ്രായം പറയുന്നില്ല. നിയമപരമായും എന്റെ അഭിപ്രായത്തിന് സാധുതയില്ല’’– പിതാവ് പറഞ്ഞു. താനും ഭാര്യയുമായി ഉണ്ടായിരുന്നതു തെറ്റിദ്ധാരണകൾ മാത്രമായിരുന്നെന്നും അതു പരിഹരിച്ച സാഹചര്യത്തിൽ ഒരുമിച്ച് ജീവിക്കാൻ ആഗ്രഹിക്കുന്നുവെന്നും തനിക്കും കുടുംബത്തിനുമെതിരെയുള്ള ക്രിമിനൽ കേസ് പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ട് രാഹുൽ നൽകിയ ഹർജി ഹൈക്കോടതി പരിഗണിച്ചിരുന്നു. ഹർജിയിൽ സർക്കാരിന്റെ അഭിപ്രായം തേടിയിരിക്കുകയാണ് കോടതി.
വിവാഹം കഴിഞ്ഞിട്ട് ഒരു മാസമേ ആയിട്ടുള്ളൂ എന്നും നിലവിലുള്ള ക്രിമിനൽ കേസ് മൂലം ഭാര്യയും ഭർത്താവുമായി ഒരുമിച്ച് ജീവിക്കാൻ സാധിക്കുന്നില്ലെന്നും പൊലീസിന്റെ തുടർച്ചയായ ഇടപെടലിനെ തുടർന്നാണിത് എന്നും ഹൈക്കോടതിയില്‍ സമർപ്പിച്ച ഹർജിയിൽ രാഹുൽ പറയുന്നു. തന്നെ രാഹുല്‍ മർദിച്ചിട്ടില്ലെന്നും തങ്ങൾക്കിടയിലുള്ള പ്രശ്നങ്ങൾ അവസാനിച്ചു എന്നു കാണിച്ച് ഹർജിക്കൊപ്പം യുവതിയും സത്യവാങ്മൂലം സമർപ്പിച്ചിട്ടുണ്ട്.
തങ്ങളുടെ ഇടയിൽ ഉണ്ടായിരുന്നതു തെറ്റിദ്ധാരണ മാത്രമാണെന്ന് രാഹുലും മകളും പറഞ്ഞിട്ടുണ്ടല്ലോ എന്ന ചോദ്യത്തോട് പിതാവ് പ്രതികരിച്ചത് ഇങ്ങനെ: ‘‘തെറ്റിദ്ധാരണ അല്ലല്ലോ. ഞങ്ങൾ 26 പേര് അവിടെ പോയതിൽ 20 ഓളം പേർ മുതിർന്നവരാണ്. മകളുടെ ശരീരത്തിൽ നേരിട്ടു കണ്ടതാണ് ആ പാടുകളൊക്കെ. ആദ്യം കുളിമുറിയിൽ വീണതാണ് എന്ന് പറഞ്ഞ മകൾ തന്നെയാണ് പിന്നീട് മര്‍ദനമേറ്റതിന്റെയാണെന്ന് പറഞ്ഞത്. ആ പറഞ്ഞതിന്റെയും നേരിട്ട് കണ്ടതിന്റെയും അടിസ്ഥാനത്തിലാണ് പരാതി കൊടുത്തത്’’.
മജിസ്ട്രേറ്റിന്റെ മുന്നിൽ ഹാജരാക്കിയപ്പോൾ മകളെ വീട്ടിലേക്ക് കൊണ്ടുപോകണമെന്നാണു താൻ പറഞ്ഞതെന്നും എന്നാൽ അതിനു തയാറല്ല, തിരിച്ചു ഡൽഹിക്ക് പോകാനാണ് തീരുമാനിച്ചിരിക്കുന്നത് എന്നാണു മകൾ പറഞ്ഞതെന്നും പിതാവ് വ്യക്തമാക്കി. അവർ എന്താണ് ചെയ്യേണ്ടത് എന്ന് അവർ തീരുമാനിക്കട്ടെ, താൻ ഇടപെടുന്നില്ല എന്നും അദ്ദേഹം വ്യക്തമാക്കി. നേരത്തേ, പന്തീരാങ്കാവ് ഗാർഹിക പീഡനവുമായി ബന്ധപ്പെട്ട് യുവതി തന്റെ മാതാപിതാക്കൾക്കും ബന്ധുക്കൾക്കുമെതിരെ രംഗത്തു വന്നിരുന്നു. തന്നെ രാഹുൽ മർദിച്ചിട്ടില്ലെന്നും സ്ത്രീധനം ആവശ്യപ്പെട്ടിട്ടില്ലെന്നും യുവതി യൂട്യൂബ് വിഡിയോയിലൂടെ വെളിപ്പെടുത്തി.