ഹൈറിച്ച് സാമ്പത്തിക തട്ടിപ്പ്: പൊലീസിന് അന്വേഷണം തുടരാമെന്ന് ഹൈക്കോടതി
Mail This Article
കൊച്ചി∙ ഹൈറിച്ച് സാമ്പത്തിക തട്ടിപ്പു കേസിൽ സംസ്ഥാന പൊലീസിന് അന്വേഷണം തുടരാമെന്ന് ഹൈക്കോടതി. സിബിഐ ഈ കേസ് ഇതുവരെ ഏറ്റെടുത്തിട്ടില്ലാത്ത സാഹചര്യത്തിലാണ് പൊലീസ് അന്വേഷണം തുടരാമെന്ന് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് ഉത്തരവിട്ടത്. സിബിഐ ഈ കേസ് ഏറ്റെടുക്കുന്നതു വരെയാണ് പൊലീസ് അന്വേഷണം തുടരാൻ ഉത്തരവ്. കേസിൽ മറുപടി സമർപ്പിക്കാൻ സിബിഐ സമയം തേടി. കേസ് അടുത്ത മാസം 17ന് വീണ്ടും പരിഗണിക്കും.
സിബിഐ ഈ കേസ് ഏറ്റെടുത്തതായോ ഇതു സംബന്ധിച്ച് കേന്ദ്ര സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചതായോ ഉള്ള രേഖകളൊന്നും കോടതി മുമ്പാകെ സമർപ്പിക്കപ്പെട്ടിട്ടില്ലെന്ന് ജസ്റ്റിസ് ബെച്ചു കുര്യൻ ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തിൽ അന്വേഷണം എവിടെയും എത്താതെ പോകാൻ പാടില്ല. അതുകൊണ്ട് പരാതികൾ കിട്ടുന്ന മുറയ്ക്ക് അവ റജിസ്റ്റർ ചെയ്ത് പൊലീസിന് അന്വേഷണം ആരംഭിക്കാമെന്നും കോടതി വ്യക്തമാക്കി. ചേർപ്പ് പൊലീസാണ് ഇതുവരെ കേസ് അന്വേഷിച്ചിരുന്നത്.
2024 ഏപ്രിൽ എട്ടിനാണ് ഹൈറിച്ച് കമ്പനിക്കെതിരായ സാമ്പത്തിക തട്ടിപ്പു കേസ് സംസ്ഥാന സർക്കാർ സിബിഐക്ക് വിട്ടത്. കേസ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും അന്വേഷിക്കുന്നുണ്ട്. എന്നാൽ ഇ.ഡി റെയ്ഡിനെത്തുന്ന വിവരങ്ങൾ അടക്കം പ്രതികൾക്ക് ചോർന്നു കിട്ടിയ സാഹചര്യത്തിൽ അതീവ രഹസ്യമായാണ് കേസ് സിബിഐക്ക് വിടാനുള്ള നടപടികൾ സർക്കാർ നടപ്പാക്കിയത്. പിന്നാലെ കേസ് സിബിഐക്ക് വിട്ടുകൊണ്ടുള്ള വിജ്ഞാപനം പുറത്തിറക്കി ബന്ധപ്പെട്ട പെർഫോമ റിപ്പോർട്ട് അടിയന്തരമായി കേന്ദ്രത്തിന് കൈമാറുകയും ചെയ്തിരുന്നു.
എന്നാൽ 3 മാസം കഴിഞ്ഞിട്ടും കേന്ദ്രത്തിന്റെ വിജ്ഞാപനം പുറത്തുവന്നില്ല. കേസിൽ ഇ.ഡി അന്വേഷണം പുരോഗമിക്കുന്നതിനാൽ സാമ്പത്തിക തട്ടിപ്പു കേസിൽ മറ്റൊരു കേന്ദ്ര ഏജൻസി കൂടി അന്വേഷിക്കേണ്ടതുണ്ടോ എന്ന സംശയം നിലനിൽക്കുന്നതിനാലാണ് ഇതെന്ന വാർത്തകൾ പുറത്തു വന്നിരുന്നു. ഹൈറിച്ച് കമ്പനിയുടെ 260 കോടി രൂപയുടെ സ്വത്തുക്കൾ ഇ.ഡി ഇതിനിടെ മരവിപ്പിക്കുകയും ചെയ്തിരുന്നു. കേരളം കണ്ട ഏറ്റവും വലിയ സാമ്പത്തിക തട്ടിപ്പാണ് ഹൈറിച്ച് ഉടമകളായ കെ.ഡി.പ്രതാപൻ, ഭാര്യ ശ്രീന എന്നിവർ ചേർന്ന് നടത്തിയത് എന്നാണ് ഇ.ഡി പറയുന്നത്.
വിവിധ തരത്തിലുള്ള സാമ്പത്തിക തട്ടിപ്പുകൾ ചൂണ്ടിക്കാട്ടി 20ഓളം കേസുകൾ ചേർപ്പ് കമ്പനിക്കെതിരെ റജിസ്റ്റർ ചെയ്തിരുന്നു. തട്ടിപ്പിന്റെ ഭാഗമായി 3141 കോടിയിലേറെ രൂപ പ്രതികൾ സംസ്ഥാനത്തിന് അകത്തുനിന്നും പുറത്തുനിന്നുമായി സമാഹരിച്ചതായി പൊലിസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. പലചരക്ക് ഉൾപ്പെടെ ഓൺലൈൻ ഷോപ്പിങ്ങിന്റെ മറവിൽ മണിചെയിൻ മാതൃകയിലാണ് ഹൈറിച്ച് കമ്പനി ഉടമകൾ തട്ടിപ്പ് നടത്തിയത് എന്നാണ് പൊലീസ് കണ്ടെത്തിയത്. ക്രിപ്റ്റോകറൻസി വഴി 1000 കോടി രൂപയിലേറെ വിദേശത്തേക്ക് കടത്തിയതായും കണ്ടെത്തിയിരുന്നു. ഇതാണ് ഇ.ഡി അന്വേഷിക്കുന്നത്.
തങ്ങൾക്കെതിരെ പുതിയ കേസുകൾ റജിസ്റ്റർ ചെയ്യാൻ അനുവദിക്കരുതെന്നും തങ്ങൾക്കെതിരെയുള്ള കേസുകൾ പിൻവലിക്കണമെന്നും ആവശ്യപ്പെട്ടാണ് കമ്പനി ഉടമകൾ ഹൈക്കോടതിയെ സമീപിച്ചത്. ഇതാണ് ഇന്ന് കോടതി തള്ളിയത്.