ADVERTISEMENT

അഹമ്മദ്നഗർ∙ എൻസിപി സ്ഥാനാർഥിയോട് 28,000ൽ പരം വോട്ടുകൾക്കു തോൽവിയേറ്റുവാങ്ങിയതിനു പിന്നാലെ വോട്ടിങ് യന്ത്രങ്ങൾ പരിശോധിക്കാനായി ബിജെപി സ്ഥാനാർഥി കെട്ടിവച്ചത് 18.90 ലക്ഷം രൂപ! ലോക്സഭാ തിരഞ്ഞെടുപ്പിൽ മഹാരാഷ്ട്രയിലെ അഹമ്മദ്നഗറിൽ എൻസിപിയുടെ നിലേഷ് ലങ്കെയോടാണ് ബിജെപി സ്ഥാനാർഥി സുജയ് വിഖേ പാട്ടീൽ പരാജയപ്പെട്ടത്. പിന്നാലെ 40 ഇവിഎമ്മുകളുടെ മൈക്രോ കൺട്രോളർ പരിശോധിക്കാനായാണു വിഖേ പാട്ടീൽ വൻ തുക കെട്ടിവച്ചത്. 

പാർനെർ, ശ്രീഗൊണ്ട നിയമസഭാ മണ്ഡലങ്ങളിൽ 10 വീതവും ഷെവ്ഗാവ്, രഹുരി, അഹമ്മദ്നഗർ സിറ്റി, കർജാത് ജാംഖേഡ് നിയമസഭാ മണ്ഡലങ്ങളിൽ അഞ്ച് വീതവും വോട്ടിങ് യന്ത്രങ്ങൾ പരിശോധിക്കണമെന്നാണു വിഖേ പാട്ടീലിന്റെ ആവശ്യം. ഈ 40 പോളിങ് സ്റ്റേഷനുകളും തിരഞ്ഞെടുത്തിരിക്കുന്നതു സമഗ്രമായ വിശകലനത്തിനും പാർട്ടി പ്രവർത്തകരിൽനിന്നുള്ള അഭിപ്രായങ്ങൾ കേട്ടശേഷവുമാണെന്നു വിഖേ പാട്ടീൽ പറഞ്ഞു. 

രണ്ടാം സ്ഥാനത്തും മൂന്നാം സ്ഥാനത്തും എത്തുന്ന സ്ഥാനാർഥികൾക്ക് വോട്ടിങ് യന്ത്രത്തിലെ അഞ്ചു ശതമാനം മൈക്രോ കൺട്രോളർ ചിപ്പുകൾ പരിശോധിക്കാമെന്ന് ഏപ്രിൽ 26ന് സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. 28,929 വോട്ടുകൾക്കു പരാജയപ്പെട്ട വിഖേ പാട്ടീൽ ഫലപ്രഖ്യാപനം കഴിഞ്ഞ് ഏഴ് ദിവസത്തിനുള്ളിൽ വോട്ടിങ് യന്ത്രങ്ങളുടെ പരിശോധനയ്ക്ക് അപേക്ഷിച്ചിരുന്നു. ഒരു വോട്ടിങ് യന്ത്രത്തിന് 40,000 രൂപയും 18% ജിഎസ്ടിയുമാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ നിർദ്ദേശിച്ചിരിക്കുന്നത്. 

40 പോളിങ് സ്റ്റേഷനുകളിലും ഏകപക്ഷീയമായ വോട്ടെടുപ്പ് നടന്നു എന്നാണു വിഖേ പാട്ടീൽ പറയുന്നത്. എന്നാൽ വിഖേ പാട്ടീൽ ഉന്നയിച്ച സംശയങ്ങൾ അടിസ്ഥാനരഹിതമാണെന്ന് നിലേഷ് ലങ്കെ പ്രതികരിച്ചു.

English Summary:

BJP's Sujay Vikhe Patil deposits Rs 18.9 lakh for EVM verification in Ahmednagar

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com