നീറ്റ്: അറസ്റ്റിലായ വിദ്യാർഥി നേടിയത് 720ൽ 185 മാർക്ക്; കെമിസ്ട്രിക്ക് വ്യക്തിഗത സ്‌കോർ 5 പെർസെന്റൈൽ!
Mail This Article
പട്‌ന∙ നീറ്റ് – യുജി, യുജിസി – നെറ്റ് പരീക്ഷകളിലെ ക്രമക്കേടുകളിൽ രാജ്യവ്യാപകമായി പ്രതിഷേധം തുടരവേ, പരീക്ഷയ്ക്ക് മുമ്പ് ചോദ്യക്കടലാസ് ചോർത്തിയെന്ന് ആരോപിക്കപ്പെട്ട നാലു ബിഹാർ വിദ്യാർഥികളുടെ സ്‌കോർകാർഡുകൾ ദേശീയമാധ്യമങ്ങൾ പുറത്തുവിട്ടു. നാഷനൽ ടെസ്റ്റിങ് ഏജൻസി (എൻടിഎ) പുറത്തുവിട്ട സ്‌കോർ കാർഡനുസരിച്ച് 720ൽ 185 മാർക്കാണ് അനുരാഗ് യാദവ് നേടിയത്. അതായത് 54.84 പെർസെന്റൈൽ. അതേസമയം, വ്യക്തിഗത വിഷയങ്ങളിലെ മാർക്ക് പരിശോധിക്കുമ്പോൾ ഫിസിക്‌സിൽ 85.8 പെർസെന്റൈലും ബയോളജിയിൽ 51 പെർസെന്റൈലും നേടിയ അനുരാഗിന് കെമിസ്ട്രിക്ക് 5 പെർസെന്റൈലുമാണ് മാർക്ക്.
പരീക്ഷയുടെ തലേദിവസം രാത്രി ചോദ്യക്കടലാസ് ലഭിച്ചതായി അറസ്റ്റിലായ അനുരാഗ് യാദവ് കുറ്റസമ്മതം നടത്തിയിട്ടുണ്ട്. തലേദിവസം ചോദ്യപേപ്പർ കിട്ടിയിട്ടും കെമിസ്ട്രി പരീക്ഷയുടെ ഉത്തരങ്ങൾ മനഃപാഠമാക്കാൻ അനുരാഗിനു കഴിഞ്ഞില്ലെന്നാണ് ഇതു വ്യക്തമാക്കുന്നതെന്നാണ് റിപ്പോർട്ട്. അനുരാഗിന്റെ ഓൾ ഇന്ത്യ റാങ്ക് 10,51,525 ആണ്. ഒബിസി വിഭാഗത്തിന്റെ സംവരണത്തിൽ റാങ്ക് 4,67,824 ആണ്.
ബന്ധുവായ സിക്കന്ദർ യാദവേന്ദു വഴിയാണ് ചോദ്യക്കടലാസ് ലഭിച്ചതെന്നും അനുരാഗ് യാദവ് പൊലീസിനോടു പറഞ്ഞിട്ടുണ്ട്. കസ്റ്റഡിയിൽ എടുത്ത അമിത് ആനന്ദ്, നിതീഷ് കുമാർ എന്നിവർ 30-32 ലക്ഷം രൂപയ്ക്കാണ് സിക്കന്ദറിൽനിന്ന് ചോദ്യപ്പേപ്പർ വാങ്ങിയതെന്നാണ് വിവരം. സിക്കന്ദർ സഹായിച്ച മൂന്നുപേരും ഒബിസി വിഭാഗത്തിൽപ്പെടുന്നവരാണ്. ഇതിലൊരാൾക്ക് 720ൽ 300 മാര്‍ക്ക് നേടാനായിട്ടുണ്ട്. അതായത് 73.37 പെർസെന്റൈൽ. എന്നാൽ ഇവരുടെ വ്യക്തിഗത വിഷയങ്ങളിലെ മാർക്ക് വളരെ കുറവാണ്. ഒരാൾക്ക് ബയോളജിയിൽ 87.8 പെർസെന്റൈൽ നേടാനായപ്പോൾ ഫിസിക്സിന് 15.5 പെർസെന്റൈലും കെമിസ്ട്രിക്ക് 15.3 പെർസെന്റൈലും മാത്രമാണ് നേടാനായത്.