ADVERTISEMENT

ന്യൂഡൽഹി ∙ നീറ്റ്–യുജി ക്രമക്കേട് ആരോപണങ്ങൾക്കും യുജിസി–നെറ്റ് ചോദ്യച്ചോർച്ചയ്ക്കും പിന്നാലെ, 25 മുതൽ 27 വരെ നടക്കേണ്ടിയിരുന്ന ജോയിന്റ് സിഎസ്‌ഐആർ–യുജിസി നെറ്റ് പരീക്ഷ ദേശീയ പരീക്ഷാ ഏജൻസി (എൻടിഎ) മാറ്റിവച്ചു. ഒഴിവാക്കാനാവാത്ത സാഹചര്യങ്ങളും പരീക്ഷയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട അടിസ്ഥാനസൗകര്യ വിഷയങ്ങളും പരിഗണിച്ചുള്ള തീരുമാനമെന്നാണ് ഔദ്യോഗിക വിശദീകരണം. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. ചോദ്യക്കടലാസ് ചോർന്നതിനെത്തുടർന്ന് 18നു നടന്ന യുജിസി നെറ്റ് പരീക്ഷയും സാങ്കേതിക പ്രശ്നങ്ങളെത്തുടർന്ന് 12ന് നടന്ന നാഷനൽ കോമൺ എൻട്രൻസ് ടെസ്റ്റും (എൻസിഇടി) റദ്ദാക്കിയിരുന്നു.

ജൂനിയർ റിസർച് ഫെലോഷിപ്പോടെ (ജെആർഎഫ്) സയൻസ്/ ടെക്നോളജി മേഖലയിൽ ഗവേഷണം, അസിസ്റ്റന്റ് പ്രഫസർ നിയമനം എന്നിവയ്ക്കുള്ള യോഗ്യതാപരീക്ഷയാണു സിഎസ്‌ഐആർ– നെറ്റ്. കൗൺസിൽ ഓഫ് സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച് (സിഎസ്ഐആർ) യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മിഷൻ (യുജിസി) എന്നിവ ചേർന്നൊരുക്കുന്ന പരീക്ഷയുടെ നടത്തിപ്പു ചുമതല എൻടിഎയ്ക്കാണ്. വിദ്യാർഥികൾക്ക് പരീക്ഷാ കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങൾ ഉൾപ്പെടെ ലഭ്യമാക്കിയ ശേഷമാണ് മാറ്റിവയ്ക്കുന്നത്.   

അതേസമയം, ഗ്രേസ് മാർക്ക് അനുവദിച്ചതിന്റെ പേരിൽ 6 കേന്ദ്രങ്ങളിലെ 1563 വിദ്യാർഥികൾക്കായി നടത്തുന്ന നീറ്റ്–യുജി പുനഃപരീക്ഷ നാളെ നടക്കും. മേയ് 5നു പരീക്ഷ നടന്ന കേന്ദ്രങ്ങളെ ഒഴിവാക്കി പുതിയ സ്ഥലങ്ങളാണ് അനുവദിച്ചിരിക്കുന്നത്. ഇവിടെ എൻടിഎയുടെയും കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെയും ഉദ്യോഗസ്ഥർ നിരീക്ഷണത്തിനുണ്ടാകും. നീറ്റ് പരീക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ടു പുതിയ ഹർജി സുപ്രീം കോടതിയുടെ പരിഗണനയിലെത്തിയിരുന്നെങ്കിലും ഇതു ജൂലൈ എട്ടിലേക്കു മാറ്റി. ഹർജിയിൽ എൻടിഎയ്ക്കു നോട്ടിസ് അയച്ചു. പ്രവേശന പരീക്ഷാവിവാദത്തിൽ പ്രതിപക്ഷ പാർട്ടികൾ‌ രാജ്യവ്യാപകമായി നടത്തുന്ന പ്രതിഷേധം പലയിടത്തും അക്രമാസക്തമായി.

യോഗ ഒഴിവാക്കി പ്രധാൻ
പരീക്ഷാ ക്രമക്കേടിനെതിരെയുള്ള വിദ്യാർഥികളുടെ പ്രതിഷേധത്തെത്തുടർന്നു ഡൽഹി സർവകലാശാലയിലെ യോഗാ ദിനാചരണത്തിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ പങ്കെടുത്തില്ല. പ്രതിഷേധവുമായി ഇടതു വിദ്യാർഥി സംഘടനയിലെ അംഗങ്ങൾ രാവിലെ തന്നെ സർവകലാശാല ആസ്ഥാനത്ത് എത്തിയിരുന്നു. ഇതിനിടെയാണു ചില ഔദ്യോഗിക പരിപാടികളിൽ പങ്കെടുക്കേണ്ടതു കൊണ്ട് എത്തിച്ചേരാൻ സാധിക്കില്ലെന്ന് മന്ത്രിയുടെ ഓഫിസിൽ നിന്ന് സർവകലാശാല അധികൃതരെ അറിയിച്ചത്.

English Summary:

CSIR NET Exam Postponed: New Dates to Be Announced Soon

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com