ആന്ധ്രയിൽ വൈഎസ്ആർ കോൺഗ്രസ് ആസ്ഥാനം ഇടിച്ചുനിരത്തി; വിശാഖപട്ടണത്തെ ‘കൊട്ടാര’വും വിവാദം – വിഡിയോ
Mail This Article
അമരാവതി ∙ ആന്ധ്രപ്രദേശിൽ പ്രതിപക്ഷ കക്ഷിയായ വൈ എസ്ആർ കോൺഗ്രസ് പാർട്ടിയുടെ, നിർമാണത്തിലിരുന്ന ആസ്ഥാനമന്ദിരം സർക്കാർ ഇടിച്ചുനിരത്തി. തെലുങ്കുദേശം പാർട്ടി (ടിഡിപി) നേതാവായ മുഖ്യമന്ത്രി എൻ.ചന്ദ്രബാബു നായിഡുവിന്റെ പ്രതികാര രാഷ്ട്രീയമാണിതെന്ന് വൈഎസ്ആർ കോൺഗ്രസ് അധ്യക്ഷൻ ജഗൻ മോഹൻ റെഡ്ഡി ആരോപിച്ചു.
എസ്കവേറ്ററും ബുൾഡോസറും ഉപയോഗിച്ച് ഇന്നലെ പുലർച്ചെ 5.30ന് ആണു കെട്ടിടം പൊളിച്ചുനീക്കാൻ ആരംഭിച്ചത്. ഇതിനെതിരെ വെള്ളിയാഴ്ചതന്നെ ഹൈക്കോടതിയെ സമീപിക്കുകയും അനുകൂല ഉത്തരവു നേടുകയും ചെയ്തിരുന്നതായി ജഗൻമോഹൻ പറഞ്ഞു.
ഗുണ്ടൂർ ജില്ലയിലെ തേഡപള്ളിയിൽ ജലസേചനവകുപ്പിന്റെ രണ്ടേക്കർ ഭൂമിയിൽ വൈഎസ്ആർ കോൺഗ്രസ് അനധികൃതമായി നിർമിച്ച കെട്ടിടമാണ് പൊളിച്ചതെന്ന് ടിഡിപി വിശദീകരിച്ചു.
വിശാഖപട്ടണത്തെ ‘കൊട്ടാര’വും വിവാദം
ജഗൻ വിശാഖപട്ടണത്ത് കുന്നിടിച്ച് നിർമിക്കുന്ന 560 കോടിയുടെ ആഡംബര മന്ദിരത്തിനെതിരെയും ടിഡിപി രംഗത്ത്. ഇതേപ്പറ്റി അന്വേഷണം നടത്തുമെന്ന് ടിഡിപി നേതാവും മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ മകനുമായ നാരാ ലോകേഷ് പറഞ്ഞു. എന്നാൽ, രുഷികൊണ്ട പാലസ് എന്നറിയപ്പെടുന്ന ഈ കെട്ടിടങ്ങൾ ജഗന്റെ സ്വകാര്യസ്വത്തല്ലെന്നും സർക്കാരിന്റേതാണെന്നും വൈഎസ്ആർ കോൺഗ്രസ് വിശദീകരിച്ചു.
61 ഏക്കറുള്ള രുഷികൊണ്ട കുന്നിലെ 9.8 ഏക്കറിലാണ് 1.41 ലക്ഷം ചതുരശ്ര മീറ്റർ വിസ്തൃതിയിൽ റിസോർട്ട് മാതൃകയിൽ ആഡംബര മന്ദിരം പണിയുന്നത്. നിർമാണം ഏറക്കുറെ പൂർത്തിയായ കെട്ടിടത്തിൽ 12 കിടപ്പുമുറികളുണ്ട്. നീന്തൽക്കുളം, പടുകൂറ്റൻ സ്ക്രീനുള്ള ഹോം തിയേറ്റർ തുടങ്ങിയവയാണ് മറ്റ് ആകർഷണം.
ഭൂമി നിരപ്പാക്കി മോടിപിടിപ്പിക്കാൻ മാത്രം 50 കോടി രൂപയും മന്ദിരത്തിനുള്ളിലെ അലങ്കാരങ്ങൾക്ക് 33 കോടി രൂപയും ചെലവഴിച്ചെന്നാണു കണക്ക്. വിദേശ പ്രതിനിധികൾക്കു താമസിക്കാൻ മികച്ച സൗകര്യമില്ലാത്തതിനാൽ ടൂറിസം വകുപ്പിനു വേണ്ടിയാണ് പാലസ് നിർമിച്ചതെന്നാണ് വൈഎസ്ആർ കോൺഗ്രസിന്റെ വിശദീകരണം.