ADVERTISEMENT

കാഞ്ഞങ്ങാട് ∙ പെരിയ ഇരട്ടക്കൊലക്കേസ് പ്രതിയുടെ മകന്റെ വിവാഹച്ചടങ്ങിൽ പങ്കെടുത്ത 4 നേതാക്കളെ കോൺഗ്രസ് പാർട്ടിയിൽനിന്ന് പുറത്താക്കി. കെപിസിസി അംഗം ബാലകൃഷ്ണൻ പെരിയ, ഉദുമ ബ്ലോക്ക് കോൺഗ്രസ് മുൻ പ്രസിഡന്റ്  സി.രാജൻ പെരിയ, പുല്ലൂർ പെരിയ മണ്ഡലം കോൺഗ്രസ് മുൻ പ്രസിഡന്റുമാരായ പ്രമോദ് പെരിയ, ടി.രാമകൃഷ്ണൻ എന്നിവരെയാണ് കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ പ്രാഥമിക അംഗത്വത്തിൽനിന്ന് പുറത്താക്കിയത്.

കോൺഗ്രസ് നിയോഗിച്ച രണ്ടംഗ അന്വേഷണ സമിതിയുടെ റിപ്പോർ‍ട്ട് പരിഗണിച്ചാണ് നടപടി. യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷിനെയും ശരത്‌ലാലിനെയും കൊലപ്പെടുത്തിയ കേസിലെ 13ാം പ്രതിയും സിപിഎം പ്രാദേശിക നേതാവുമായ എൻ.ബാലകൃഷ്ണന്റെ മകന്റെ വിവാഹ സൽക്കാരത്തിൽ പങ്കെടുക്കുകയും ഫോട്ടോയെടുക്കുകയും ചെയ്തുവെന്നാണ് ആരോപണം. സൽക്കാരം നടന്ന ഓഡിറ്റോറിയം രാജൻ പെരിയയുടെ ഉടമസ്ഥതയിലുള്ളതാണ്.

കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം എൻ.സുബ്രഹ്മണ്യൻ, കെപിസിസി ജനറൽ‍ സെക്രട്ടറി പി.എം.നിയാസ് എന്നിവരാണ് അന്വേഷണ സമിതി അംഗങ്ങൾ. രക്തസാക്ഷി കുടുംബങ്ങളെ അപമാനിക്കുന്ന തരത്തിലാണ് നേതാക്കൾ പെരുമാറിയതെന്നും ബാലകൃഷ്ണൻ പെരിയ രാജ്മോഹൻ ഉണ്ണിത്താൻ എംപിയെ സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തി പ്രചാരണം നടത്തിയെന്നും കമ്മിഷൻ കണ്ടെത്തി.

അതേസമയം, കെപിസിസി എടുത്ത നടപടി ഏകപക്ഷീയമാണെന്ന് ബാലകൃഷ്ണൻ പെരിയ പറഞ്ഞു. കെപിസിസി സമിതിയെ രാജ്മോഹൻ ഉണ്ണിത്താൻ ഹൈജാക്ക് ചെയ്യുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. 

English Summary:

Four Top Congress Leaders Expelled for Attending Periya Murder Accused's Son's Wedding

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com