ADVERTISEMENT

തിരുവനന്തപുരം∙ ടിപി വധക്കേസിലെ പ്രതികൾക്ക് എത്ര ദിവസത്തെ പരോൾ ലഭിച്ചു? കഴിഞ്ഞ നിയമസഭാ സമ്മേളനത്തിലും ഈ സമ്മേളനത്തിലും ടിപി കേസുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ ഉന്നയിച്ച കെ.കെ.രമ എംഎൽഎയ്ക്ക് സർക്കാർ മറുപടി നൽകിയിട്ടില്ല. ഇതിനെതിരെ സ്പീക്കർക്ക് പരാതി നൽകാനാണ് തീരുമാനമെന്ന് കെ.കെ.രമയുടെ ഓഫിസ് പറഞ്ഞു. ടിപി വധക്കേസിലെ പ്രതികളുടെ ജയിലിലെ ചികിൽസ സംബന്ധിച്ചാണ് ഈ സമ്മേളനത്തിൽ കെ.കെ.രമ മുഖ്യമന്ത്രിയോട് ചോദ്യം ഉന്നയിച്ചത്. മറുപടി നൽകിയിട്ടില്ല. ടിപി കേസിലെ പ്രതികളുടെ പരോൾ സംബന്ധിച്ച് 2022 ലാണ് സർക്കാർ നിയമസഭയിൽ അവസാനമായി മറുപടി നൽകിയത്.

ടിപി കേസിലെ പ്രതികൾക്ക് ഇതുവരെ ലഭിച്ച പരോൾ (2021ലെ മറുപടി): അനൂപ്–175 ദിവസം, മനോജ്–180, സിജിത്ത്–255, റഫീഖ്–170, മനോജൻ–257, കെ.സി.രാമചന്ദ്രൻ–291, കുഞ്ഞനന്തൻ–327, ഷാഫി–180, ഷിനോജ്–150, രജീഷ്–160, സുനിൽകുമാർ–60. കൊടി സുനിയെന്ന സുനിൽകുമാറിന് ഒഴികെ മറ്റുള്ളവർക്കെല്ലാം 2020ൽ അനുവദിച്ച സ്പെഷൽ കൊറോണ അവധി 290 ദിവസം ലഭിച്ചു. കേന്ദ്ര സർക്കാരിന്റെ നിർദേശം അനുസരിച്ചാണ് കൊറോണ സ്പെഷൽ പരോൾ അനുവദിച്ചത്.

∙ പരോൾ ലഭിക്കുന്നത് ഇങ്ങനെ:

ജയിൽ ചട്ടങ്ങൾ അനുസരിച്ച് പതിവ് കുറ്റവാളികൾ, ഇന്ത്യൻ ശിക്ഷാ നിയമം 392 മുതൽ 402 വരെയുള്ള വകുപ്പിനു ശിക്ഷിച്ചവർ, ബലാൽസംഗക്കുറ്റത്തിനു ശിക്ഷിക്കപ്പെട്ടവർ, വധിശിക്ഷയ്ക്കു വിധിക്കപ്പെട്ടവർ, അപകടകാരികളായ തടവുകാർ, ഗുരുതരമായ ജയിൽ നിയമലംഘനങ്ങളുള്ളവർ, മാനസിക പ്രശ്നമുള്ളതും പകർച്ച വ്യാധിയുള്ളതുമായ തടവുകാർ, ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട് ശിക്ഷിക്കപ്പെട്ടവർ എന്നിവർക്കൊഴികെ പരോൾ അനുവദിക്കാം.

ഒരു  വർഷമോ അതിലധികമോ ശിക്ഷ ലഭിച്ചവർക്ക് ആകെ ശിക്ഷയുടെ മൂന്നിലൊന്നോ രണ്ടു വർഷമോ ഏതാണോ കുറവ് അത്രയും അനുഭവിച്ചിട്ടുണ്ടെങ്കിൽ അനുകൂല പൊലീസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തില്‍ പരോൾ ലഭിക്കും. വർഷത്തിൽ 60 ദിവസമാണ് സാധാരണ പരോൾ. മൂന്നു വർഷം ശിക്ഷ പൂര്‍ത്തിയാക്കിയിട്ടും മൂന്നു പൊലീസ് റിപ്പോർട്ടുകൾ പ്രതികൂലമായി ലഭിച്ചാൽ ജില്ലാ കലക്ടർ അധ്യക്ഷനായ സമിതിക്ക് അവധി അനുവദിക്കാൻ സർക്കാരിനു ശുപാർശ ചെയ്യാം. ഇവർക്ക് സാധാരണ അവധി ലഭിക്കും. 

English Summary:

Government Silent on Parole Decision for TP Chandrasekaran Murder Convicts Sparks Controversy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com