ADVERTISEMENT

തിരുവനന്തപുരം ∙ മഴക്കാലം എത്തിയതോടെ സംസ്ഥാനത്തു പ്രതിദിന പനിബാധിതരുടെ എണ്ണം കൂടുന്നു. ഈ ദിവസങ്ങളിൽ പതിനായിരത്തോളം പേരാണു പനി ബാധിതരായി വിവിധ ആശുപത്രികളിൽ ചികിത്സ തേടിയിരിക്കുന്നത്. മഴ കനക്കുന്ന സാഹചര്യത്തില്‍ കനത്ത ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകി. ഡെങ്കിപ്പനി ലക്ഷണങ്ങളോടെ മൂന്നൂറോളം പേരാണ് ഇന്നലെ ചികിത്സ തേടിയെത്തിയത്. 122 പേര്‍ക്കാണു ഡെങ്കിപ്പനി സ്ഥിരീകരിച്ചിരിക്കുന്നത്. എലിപ്പനി ലക്ഷണങ്ങളോടെ 17 പേര്‍ ചികിത്സ തേടിയിട്ടുണ്ട്. 13 പേര്‍ക്ക് എലിപ്പനി സ്ഥിരീകരിച്ചു.

കുട്ടികള്‍ക്കു വൈറല്‍ പനി പടരുന്നതിലും ആരോഗ്യവകുപ്പ് ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. അതീവജാഗ്രത പാലിക്കണമെന്നും വിദഗ്ധര്‍ മുന്നറിയിപ്പു നല്‍കുന്നു. മലപ്പുറത്താണ് ഏറ്റവും കൂടുതല്‍ പേര്‍ പനി ബാധിച്ച് ഇന്നലെ ചികിത്സ തേടിയത്. 1532 പേർ ചികിത്സ തേടി. തിരുവനന്തപുരത്തും പാലക്കാട്ടും ആയിരത്തോളം പേര്‍ക്കാണ് ഇന്നലെ പനി ബാധിച്ചത്. എറണാകുളത്ത് 37 പേര്‍ക്കും കൊല്ലത്ത് 10 പേര്‍ക്കും ഡെങ്കിപ്പനി സ്ഥിരീകരിച്ചിട്ടുണ്ട്.

കൊച്ചിയെ പലതരം പനികൾ വിടാതെ പിന്തുടരുകയാണ്. ഹെപ്പറ്റൈറ്റിസ് ബി, ഹെപ്പറ്റൈറ്റിസ് എ ബാധിച്ച് മഞ്ഞപ്പിത്തം, ഡെങ്കി, പകർച്ചപ്പനി, എലിപ്പനി, ഛർദി, വയറിളക്കം തുടങ്ങി മഴക്കാലത്തിന്റെ തുടക്കത്തിൽ എറണാകുളം ജില്ല കടന്നുപോകുന്ന രോഗങ്ങളിൽ ചിലതാണ് ഇത്. കഴിഞ്ഞ 19 ദിവസത്തിനിടെ 10,255 പേർക്കാണ് എറണാകുളം ജില്ലയിൽ വിവിധതരത്തിലുള്ള പനി ബാധിച്ച് ചികിത്സ തേടിയത്. ആശുപത്രിയിൽ ചികിത്സ തേടാതെ തന്നെ സുഖപ്പെട്ടവർ ഇതിനു പുറമെയാണ്. കളമശേരി മേഖലയിൽ ഡെങ്കിപ്പനിയും മഞ്ഞപ്പിത്തവും സ്ഥിരീകരിച്ചു. ഗ്രാമീണ മേഖലകളിലാണ് ഡെങ്കിപ്പനി പടർന്നു പിടിക്കുന്നത്.

കളമശേരി മേഖലയിൽ ഡെങ്കിപ്പനിയും പകർച്ചപ്പനിയും വ്യാപകമാണ്. കളമശേരി നഗരസഭയിൽ 25ഓളം പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചിരുന്നു. നഗരസഭ ഓഫീസിലെ സൂപ്രണ്ട് അടക്കം ആറ് ഉദ്യോഗസ്ഥരും ഡെങ്കി ബാധിച്ചവരിൽ ഉൾപ്പെടും. എറണാകുളം ജില്ലയുടെ കിഴക്കൻ മേഖലയിൽ ഹെപ്പറ്റൈറ്റിസ് ബി, ഡെങ്കിപ്പനി, പകർച്ചപ്പനി എന്നിവ പടരുന്നുണ്ട്. ഹെപ്പറ്റൈറ്റിസ് ബി ബാധിച്ച് മൂവാറ്റുപുഴ തൃക്കളത്തൂരിൽ ഒരാൾ മരിച്ചിരുന്നു. നിലവിൽ 10 പേര്‍ ആശുപത്രിയിൽ ചികിത്സയിലുണ്ട്.

മുവാറ്റുപുഴ നഗരസഭയിൽ ഏഴുപേർക്കും പായിപ്ര, മഞ്ഞള്ളൂർ പഞ്ചായത്തുകളിലായി 25 പേർക്കും ഡെങ്കിപ്പനി ബാധിച്ചിട്ടുണ്ട്. പെരുമ്പാവൂരിനടുത്ത് വേങ്ങൂരിൽ ഏപ്രിൽ 17ന് സ്ഥിരീകരിച്ച മഞ്ഞപ്പിത്ത ബാധയെ തുടർന്ന് 3 പേർ മരിക്കുകയും നൂറുകണക്കിന് പേർക്ക് രോഗം ബാധിക്കുകയും ചെയ്തു. 

കോഴിക്കോട് ജില്ലയിൽ വ്യാഴാഴ്ച പനി ബാധിച്ച് ചികിത്സ തേടിയവർ 733 പേർ. ഇതിൽ രണ്ട് പേരാണ് അ‍ഡ്മിറ്റ് ആയത്. 41 പേർക്ക് ഡെങ്കിപ്പനി ബാധിച്ചു. പത്ത് പേർക്ക് മഞ്ഞപ്പിത്തം ബാധിച്ചു. വയനാട്ടിൽ 554 പേർക്കാണ് പനി ബാധിച്ചത്. 27 പേർക്ക് ഡെങ്കിപ്പനി ബാധിച്ചു. ബുധനാഴ്ച കോഴിക്കോട് 1045 പേർക്ക് പനിയും 21 പേർക്ക് െഡങ്കിപ്പനിയും 12 പേർക്ക് മഞ്ഞപ്പിത്തവും ബാധിച്ചു.

അതേസമയം കഴിഞ്ഞ ആഴ്ചത്തേക്കാളും പനി ബാധിതരുടെ എണ്ണം ഈ ആഴ്ച കുറവാണ്. കഴിഞ്ഞ ആഴ്ച മിക്ക ദിവസങ്ങളിലും ആയിരത്തിനടുത്തായിരുന്നു പനി ബാധിതരുടെ എണ്ണം. സ്കൂൾ തുറന്നതോടെ കുട്ടികളിലും വ്യാപകമായി പനി പടരുന്നുണ്ട്.

English Summary:

Heavy Rains Trigger Spread of Dengue and Rabies Concerns

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com