ADVERTISEMENT

ന്യൂഡൽഹി ∙ നീറ്റ്–യുജി, യുജിസി–നെറ്റ് പരീക്ഷാ വിവാദങ്ങൾ തിരിച്ചടിയായതോടെ ദേശീയ പരീക്ഷാ ഏജൻസിയുടെ (എൻടിഎ) ഡയറക്ടർ ജനറൽ സുബോധ് കുമാർ സിങ്ങിനെ കേന്ദ്രസർക്കാർ മാറ്റി. ഇന്ത്യ ട്രേഡ് പ്രമോഷൻ ഓർഗനൈസേഷന്റെ (ഐടിപിഒ) ചെയർമാനും മാനേജിങ് ഡയറക്ടറുമായ പ്രദീപ് കുമാർ ഖരോലയ്ക്കാണ് പുതിയ ചുമതല. ഇന്നലെ രാത്രി വൈകിയാണ് കേന്ദ്രസർക്കാരിന്റെ മുഖംരക്ഷിക്കൽ നടപടിയുണ്ടായത്. 

അതേസമയം, നീറ്റ് യുജി 2024 ചോദ്യ പേപ്പർ ചോർച്ചയുടെ മുഖ്യ സൂത്രധാരൻ രവി അത്രിയെ ഉത്തർപ്രദേശ് സ്പെഷ്യൽ ടാസ്‌ക് ഫോഴ്‌സ് (എസ്‌ടിഎഫ്) അറസ്റ്റ് ചെയ്തു. ഗ്രേറ്റർ നോയിഡയിലെ നീംക സ്വദേശിയാണ് അത്രി. സോൾവർ ഗ്യാങ് എന്നറിയപ്പെടുന്ന ഒരു നെറ്റ്‌വർക്ക് വഴി സമൂഹ മാധ്യമങ്ങളിൽ സോൾവ്ഡ് ചോദ്യപേപ്പറുകൾ അപ്‌ലോഡ് ചെയ്യുന്നതാണ് ഇയാളുടെ പ്രവർത്തന രീതി. മെഡിക്കൽ പ്രവേശന പരീക്ഷ പേപ്പറുകൾ ചോർത്തിയെന്നാരോപിച്ച് 2012ൽ ഡൽഹി പൊലീസ് ക്രൈംബ്രാഞ്ച് ഇയാളെ അറസ്റ്റ് ചെയ്തിരുന്നു.

നീറ്റ്–യുജിയുമായി ബന്ധപ്പെട്ട ക്രമക്കേടുകൾ സിബിഐ അന്വേഷിക്കും. മേയ് 5നു നടന്ന പരീക്ഷയുമായി ബന്ധപ്പെട്ടു ക്രമക്കേട്, തട്ടിപ്പു കേസുകൾ റജിസ്റ്റർ ചെയ്തിരുന്നുവെന്നും പരീക്ഷയുടെ സുതാര്യതയും വിശ്വാസ്യതയും ഉറപ്പാക്കുന്നതിന്റെ ഭാഗമായി അന്വേഷണം സിബിഐയെ ഏൽപ്പിക്കാൻ തീരുമാനിച്ചതായും കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം ഇന്നലെ രാത്രി അറിയിക്കുകയായിരുന്നു.

നീറ്റ്–യുജി ചോദ്യക്കടലാസ് ചോർച്ചയ്ക്കു പിന്നിൽ രാജ്യവ്യാപക ശൃംഖലയുണ്ടെന്ന് വിവരം ലഭിച്ചതോടെ ബിഹാർ പൊലീസിന്റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം അന്വേഷണം വിവിധ സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിക്കുകയാണ്. ജാർഖണ്ഡിലെ ദേവ്‌ഘറിൽ നിന്ന് 6 പേരെ സംഘം ഇന്നലെ കസ്റ്റഡിയിലെടുത്തു. ഗ്രേസ് മാർക്ക് അനുവദിച്ചതിന്റെ പേരിൽ 6 കേന്ദ്രങ്ങളിലെ 1563 വിദ്യാർഥികൾക്കായി നടത്തുന്ന നീറ്റ്–യുജി പുനഃപരീക്ഷ ഇന്നാണ്.

സിഎസ്ഐആർ–യുജിസി നെറ്റ് പരീക്ഷയിൽ ചോദ്യക്കടലാസ് ചോർച്ചയുണ്ടായിട്ടില്ലെന്നും പരീക്ഷയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട അടിസ്ഥാനസൗകര്യ പ്രശ്നങ്ങൾ പരിഗണിച്ചാണു പരീക്ഷ മാറ്റിയതെന്നും കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാൻ പറഞ്ഞു. വിവാദങ്ങളുടെ പശ്ചാത്തലത്തിൽ ദേശീയ ബിരുദ പ്രവേശന പരീക്ഷയുടെ (സിയുഇടി–യുജി) ഉൾപ്പെടെ ഫലം വൈകാനും സാധ്യതയുമുണ്ട്. 

പരിഹാരത്തിന് ഉന്നതതല സമിതി

പൊതുപരീക്ഷകളുടെ സുതാര്യത ഉറപ്പാക്കാനുള്ള പരിഷ്കാരങ്ങൾ നിർദേശിക്കാൻ ഐഎസ്ആർഒ മുൻ ചെയർമാൻ ഡോ.കെ. രാധാകൃഷ്ണൻ അധ്യക്ഷനായ ഉന്നതതല സമിതിയെ നിയോഗിച്ചു. 2 മാസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കും. ഡോ. രൺദീപ് ഗുലേറിയ (ഡൽഹി എയിംസ് മുൻ ഡയറക്ടർ), പ്രഫ. ബി.ജെ. റാവു (ഹൈദരാബാദ് കേന്ദ്രസർവകലാശാല വൈസ് ചാൻസലർ), പ്രഫ.കെ. രാമമൂർത്തി (പ്രഫസർ ഇമെരിറ്റസ്, ഐഐടി മദ്രാസ്), പങ്കജ് ബൻസൽ (പീപ്പിൾ സ്ട്രോങ് സഹസ്ഥാപകൻ), പ്രഫ. ആദിത്യ മിത്തൽ (ഡീൻ, സ്റ്റുഡന്റ് അഫയേഴ്സ്, ഐഐടി ഡൽഹി) എന്നിവരാണു സമിതിയിലെ മറ്റ് അംഗങ്ങൾ. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം ജോയിന്റ് സെക്രട്ടറി ഗോവിന്ദ് ജയ്‌സ്വാൾ സമിതിയുടെ മെംബർ സെക്രട്ടറിയായി പ്രവർത്തിക്കും.

ഇന്നത്തെ നീറ്റ്– പിജി മാറ്റി

ന്യൂഡൽഹി ∙ ഇന്നു നടക്കേണ്ട ദേശീയ മെഡിക്കൽ പിജി പ്രവേശന പരീക്ഷ (നീറ്റ്–പിജി) മാറ്റി. രാവിലെ 9 മുതൽ 12.30 വരെ നിശ്ചയിച്ചിരുന്ന പരീക്ഷ മാറ്റിയെന്ന അറിയിപ്പ്  ഇന്നലെ രാത്രി പത്തോടെയാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം നൽകിയത്.

പുതുക്കിയ തീയതി പിന്നീടു പറയുമെന്നാണ് പരീക്ഷയുടെ നടത്തിപ്പുകാരായ നാഷനൽ ബോർഡ് ഓഫ് എക്സാമിനേഷൻ ഇൻ മെഡിക്കൽ സയൻസസ് (എൻബിഇഎംഎസ്) അറിയിപ്പ്. രാജ്യത്തെ 292 നഗരങ്ങളിൽ നടക്കുന്ന നീറ്റ്–പിജി പരീക്ഷയ്ക്കു 228,757 പേരാണു റജിസ്റ്റർ ചെയ്തിരുന്നത്. നീറ്റ്-പിജിയുടെ തീയതി നേരത്തേ 2 തവണ മാറ്റിയിരുന്നു. മാർച്ച് മൂന്നിനു നിശ്ചയിച്ചിരുന്ന പരീക്ഷ ജൂലൈ ഏഴിലേക്കാണ് ആദ്യം മാറ്റിയത്. പിന്നീടു ജൂൺ 23ലേക്കു മാറ്റി. ഇതാണ് പരീക്ഷയ്ക്കു തലേന്നു വീണ്ടും മാറ്റിയത്.

ദിവസങ്ങൾക്കിടെ മാറ്റുന്ന നാലാമത്തെ പരീക്ഷ

∙ ജൂൺ 12: നാലു  വർഷ ബിഎഡ് പ്രോഗ്രാമുകളിലേക്കു എൻടിഎ നടത്തിയ നാഷനൽ കോമൺ എൻട്രൻസ് ടെസ്റ്റ് സാങ്കേതിക പ്രശ്നങ്ങളെ തുടർന്നു റദ്ദാക്കുന്നു. ബാധിച്ചതു 29,000 വിദ്യാർഥികളെ. 

∙ ജൂൺ 19: 18നു നടന്ന കോളജ് അധ്യാപന യോഗ്യതാപരീക്ഷ യുജിസി നെറ്റ് ചോദ്യക്കടലാസ് ചോർച്ചയെ തുടർന്നു റദ്ദാക്കി. പരീക്ഷയെഴുതിയത് 9.08 ലക്ഷം പേർ. പരീക്ഷാച്ചുമതല എൻടിഎയ്ക്ക്. 

∙ ജൂൺ 21: ഈ മാസം 25 മുതൽ 27 വരെ നടക്കേണ്ടിയിരുന്ന ജോയിന്റ് സിഎസ്ഐആർ–യുജിസി നെറ്റ് പരീക്ഷ മാറ്റിവച്ചു. റജിസ്റ്റർ ചെയ്തിരുന്നതു 2 ലക്ഷത്തിലേറെപ്പേർ.

English Summary:

NTA chief Subodh Kumar Singh removed amid NEET, NET controversies

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com