മത്സ്യത്തൊഴിലാളികളെ സർക്കാർ മരണത്തിനു വിട്ടുകൊടുക്കുന്നുവെന്ന് സതീശൻ; ചെയ്യാവുന്നതെല്ലാം ചെയ്തെന്ന് മന്ത്രി
Mail This Article
തിരുവനന്തപുരം ∙ തീരദേശത്തെ ജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്താൻ സർക്കാർ നടപടികൾ സ്വീകരിക്കാതെ മത്സ്യത്തൊളിലാളികളെ മരണത്തിനു വിട്ടുനൽകുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. അടിയന്തര പ്രമേയത്തിന് അനുമതി നൽകാത്തതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയിൽ നിന്നും ഇറങ്ങിപ്പോയി. മുതലപ്പൊഴിയിൽ തുടർച്ചയായി ഉണ്ടാകുന്ന അപകടമരണങ്ങളിൽ രക്ഷാപ്രവർത്തനത്തിനു വേണ്ട ആംബുലൻസുകളോ ബോട്ടുകളോ ഇല്ലെന്നും ഒരേ ഗ്രാമത്തിലെ 72 പേര്‍ മരിച്ചിട്ടും ആഴംകൂട്ടൽ പ്രവർത്തനങ്ങളിലടക്കം നടപടി വൈകുന്നതായും പ്രതിപക്ഷം ആരോപിച്ചു.
മുതലപ്പൊഴിയില്‍ മരണപ്പെട്ട മത്സ്യത്തൊഴിലാളികൾക്ക് ധനസഹായം നൽകിയിട്ടുണ്ടെന്നും പ്രതുകൂല കാലാവസ്ഥയാണ് പരിഹാര പദ്ധതികൾക്ക് കാലതാമസമുണ്ടാക്കുന്നതെന്നും മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. മുതലപ്പൊഴി അപകടങ്ങളിൽ മനുഷ്യസാധ്യമായി ചെയ്യാവുന്നതെല്ലാം ചെയ്തെന്നും ആഴംകൂട്ടൽ പ്രവർത്തനങ്ങൾ ഏറ്റെടുത്തിട്ടുള്ള അദാനി കമ്പനിയുമായി ആവർത്തിച്ച് ചര്‍ച്ചകൾ നടത്തിയെന്നും മന്ത്രി കൂട്ടിച്ചേർത്തു. എന്നാൽ കടലിൽ പോയില്ലെങ്കിൽ മത്സ്യബന്ധനത്തൊഴിലാളികൾ പട്ടിണിയിലാണെന്നും ഭാര്യയുടെ കെട്ടുതാലിയടക്കം വിറ്റാണ് അവർ ജീവിക്കുന്നതെന്നും വി.ഡി. സതീശൻ പറഞ്ഞു. ശാശ്വതമായ ഒരു പരിഹാരം നൽകാനോ അവരെ ചേര്‍ത്ത് നിർത്താനോ സർക്കാരിനു സാധിക്കുന്നില്ലെന്നും പ്രതിപക്ഷം ആരോപിച്ചു.