ADVERTISEMENT

ലണ്ടൻ∙ വിക്കിലീക്സ് സ്ഥാപകൻ ജൂലിയന്‍ അസാന്‍ജിന് യുഎസ് ജാമ്യം അനുവദിച്ചു. ജാമ്യം ലഭിച്ചതിനു പിന്നാലെ അസാന്‍ജ് ഓസ്ട്രേലിയയിലേക്കു മടങ്ങി. അഞ്ചു വർഷത്തോളമാണ് ജൂലിയൻ അസാന്‍ജ് ജയിലി‍ൽ കഴിഞ്ഞത്. അമേരിക്കയുടെ പ്രതിരോധ രഹസ്യങ്ങൾ ചോർത്തിയതായിരുന്നു അദ്ദേഹത്തിനു മേൽ ചുമത്തിയ കുറ്റം. തന്റെ സ്വാതന്ത്ര്യത്തിനു പകരമായി യുഎസ് കോടതിയിൽ കുറ്റമേൽക്കാമെന്ന് അസാൻജ് സമ്മതിച്ചതുകൊണ്ടാണ് ജയിൽമോചനം സാധ്യമായതെന്നാണ് തിങ്കളാഴ്ച രാത്രി പുറത്തുവന്ന കോടതി രേഖകൾ ഉദ്ധരിച്ച് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 2019 ഏപ്രിൽ മുതൽ ലണ്ടനിലെ ബെല്‍മാര്‍ഷ് ജയിലിലായിരുന്നു ജൂലിയൻ അസാൻജ് കഴിഞ്ഞിരുന്നത്. യുഎസ് സര്‍ക്കാരിന്റെ ആയിരക്കണക്കിനു രഹസ്യരേഖകള്‍ ചോര്‍ത്തി തന്റെ വെബ്‌സൈറ്റായ വിക്കിലീക്‌സിലൂടെ പ്രസിദ്ധീകരിച്ചത് ആഭ്യന്തരസുരക്ഷയ്ക്ക് ഭീഷണിയുണ്ടാക്കി എന്നാണ് അമേരിക്കയുടെ ആരോപണം.

എല്ലാ രാജ്യങ്ങളിലുമുള്ള തങ്ങളുടെ എംബസികൾ വഴി യുഎസ് ചാര പ്രവർത്തനം നടത്തിയിരുന്നു എന്നതും സഖ്യ രാജ്യങ്ങളുടെ തലവന്മാരെപ്പറ്റി തരംതാണ രീതിയിൽ നേതാക്കൾ പരാമർശങ്ങൾ നടത്തി എന്നതുമടക്കമുള്ള വീക്കിലിക്സിന്റെ വെളിപ്പെടുത്തലുകൾ ഭരണകൂടത്തെ രാജ്യാന്തര തലത്തിൽ പ്രതിരോധത്തിലാക്കിയിരുന്നു. യുഎസിനു പുറമേ മറ്റു രാജ്യങ്ങളിലെ ഭരണത്തലവന്മാരുടെയും നേതാക്കളുടെയും പരാമർശങ്ങൾ പുറത്തുവരികയും ചെയ്തു. കേബിൾഗേറ്റ് വിവാദം എന്നാണിത് അറിയപ്പെട്ടത്. ഇതോടെ അസാൻജിനെ ശത്രു എന്ന് ഔദ്യോഗികമായി പ്രഖ്യാപിക്കുവാനും അദ്ദേഹത്തെ പിടികൂടുവാനും അമേരിക്ക ശ്രമങ്ങളാരംഭിച്ചു.

അമേരിക്ക, ഓസ്ട്രേലിയ, ചൈന തുടങ്ങി നിരവധി രാജ്യങ്ങൾ വിക്കിലീക്സ് നിരോധിക്കുകയോ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയോ ചെയ്തു. ഫെയ്സ്ബുക്, ഓൺലൈൻ സാമ്പത്തിക സ്ഥാപനങ്ങളായ വീസ, മാസ്റ്റർകാർഡ് തുടങ്ങിയവ വിക്കിലീക്സിനെതിരെ സേവന നിരോധനങ്ങൾ നടപ്പിലാക്കി. ഇതു വിപുലമായ പ്രതിഷേധങ്ങൾക്കും വിക്കിലീക്സിനോട് അനുഭാവം പ്രകടിപ്പിക്കുന്ന ഹാക്കർ ഗ്രൂപ്പുകളുടെ പ്രതികാര നടപടികൾക്കും കാരണമായി.

ഇതിനിടെ, സ്വീഡനിൽ അസാൻജിനെതിരെ ലൈം​ഗികാരോപണം ഉയർന്നു. ഇതിന്റെ പേരിൽ അദ്ദേഹത്തെ ജയിലിലടയ്ക്കാൻ സ്വീഡൻ ശ്രമം തുടങ്ങി. അമേരിക്കയുടെ സമ്മർദ്ദഫലമായുണ്ടായ കേസാണിതെന്ന് ആരോപണങ്ങളുയർന്നു. പിന്നീടു പല രാജ്യങ്ങളിലായി അഭയം തേടിയ അസാൻജിനെ 2019 ഏപ്രിലിൽ ഇക്വഡോർ എംബസിയിൽനിന്നാണ് ലണ്ടൻ പൊലീസ് അറസ്റ്റ് ചെയ്തത്. 2012 മുതൽ അദ്ദേഹത്തിന് അഭയം നൽകിയത് ഇക്വഡോർ ആയിരുന്നു.

English Summary:

Julian Assange Freed From UK Prison

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com