ADVERTISEMENT

തിരുവനന്തപുരം ∙ ചേലക്കരയിലെ തന്റെ സ്ഥാനാർഥിത്വത്തിൽ അന്തിമ തീരുമാനം പാർട്ടിയുടേതാണെന്നു രമ്യ ഹരിദാസ്. താൻ അടിമുടി പാർട്ടിക്കാരിയാണ്. പാർട്ടി പറയുന്നത് കേൾക്കും. പാർട്ടിയാണ് അവസാന വാക്കെന്നും രമ്യ ഹരിദാസ് മനോരമ ഓൺലൈനോട് പറഞ്ഞു. 

‘‘ജനങ്ങൾ‌ക്ക് എന്നെ പരിചയപ്പെടുത്തിയതും 2019ൽ ലോക്സഭാ തിരഞ്ഞെടുപ്പിൽ അവിചാരിതമായി എനിക്കു സീറ്റ് നൽകിയതും കോൺഗ്രസ് പാർട്ടിയാണ്. പാർട്ടി ഏൽപിക്കുന്ന ഉത്തരാവാദിത്തങ്ങൾ പരമാവധി നിറവേറ്റാൻ സാധിച്ചിട്ടുണ്ട്. ജനങ്ങളോടൊപ്പം ചേർന്നുനിന്നു പാർട്ടിക്കു വേണ്ടി പ്രവർ‌ത്തിക്കുക എന്നത് എന്റെ ഉത്തരവാദിത്തമാണ്. ആലത്തൂർ ലോക്സഭാ മണ്ഡലത്തിൽ ഞാൻ സജീവമായുണ്ട്. മറ്റെല്ലാം തീരുമാനിക്കുന്നത് പാർട്ടിയാണ്. പാർട്ടിയാണ് എല്ലാ കാര്യത്തിന്റെയും അവസാന വാക്ക്. ആലത്തൂരിലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ രാധാകൃഷ്ണൻ സാറിന്റെ ബൂത്തിൽ എനിക്ക് ലീഡുണ്ടായിരുന്നു. യുഡിഎഫിനു വളരെയധികം സ്വാധീനമുള്ള മേഖലയാണ് ചേലക്കര. പാർട്ടി ആ രീതിയിലുള്ള ഏകോപനം ഉപതിരഞ്ഞെടുപ്പിൽ നടത്തും’’ – രമ്യ ഹരിദാസ് പറഞ്ഞു.

ചേലക്കരയിൽ മറ്റാരെയെങ്കിലും കോൺഗ്രസ് സ്ഥാനാർഥിയാക്കിയാൽ അംഗീകരിക്കുമോ എന്ന ചോദ്യത്തിനു രമ്യയുടെ മറുപടി ഇങ്ങനെ: 

‘‘ആ തീരുമാനങ്ങളെല്ലാം പാർട്ടിയുടേതാണ്. പാർട്ടിയുടെ എളിയ പ്രവർ‌ത്തക എന്ന രീതിയിൽ പാർട്ടി തീരുമാനങ്ങൾ ഉൾക്കൊള്ളും. ചേലക്കര ഉൾപ്പെടുന്ന പ്രദേശത്തൊക്കെ ജനങ്ങൾ വലിയ പിന്തുണ എനിക്കു നൽകിയിട്ടുണ്ട്. എന്നെ ബ്ലോക്ക് പഞ്ചായത്തിലേക്കു മത്സരിപ്പിച്ചതും ബ്ലോക്ക് പഞ്ചായത്ത് പ്രസി‍ഡന്റാക്കിയതും കോൺഗ്രസ് പാർട്ടിയാണ്. ആ പാർട്ടി പിന്നീട് എന്നെ എംപിയാക്കി. ഞാൻ പാർട്ടിയോടു കടപ്പെട്ടവളാണ്. ആലത്തൂരിലെ തോൽവിയെപ്പറ്റി പാർട്ടി വിശദമായ കണക്കെടുക്കുന്നേയുള്ളൂ. 2019ൽ ബിഡിജെഎസ് സ്ഥാനാർ‌ഥിയായിരുന്നു. ഇത്തവണ ബിജെപി സ്ഥാനാർ‌ഥി മത്സരിച്ചപ്പോൾ ഒരു ലക്ഷത്തിലധികം വോട്ടുകൾ അധികമായി പിടിച്ചു. ഏതു പാർട്ടിക്കു സ്വാധീനമുള്ള മേഖലയിൽനിന്നാണു വോട്ടുകൾ ചോർന്നതെന്ന് കോൺഗ്രസ് പഠിച്ചുവരുന്നതേയുള്ളൂവെന്നും രമ്യ ഹരിദാസ് പറഞ്ഞു.

English Summary:

Ramya Haridas Awaits Congress Party Decision on Chelakkara Candidature

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com