ADVERTISEMENT

കൊച്ചി ∙ കേരളത്തിൽനിന്ന് ഗൾഫ് രാജ്യങ്ങളിലേക്കു കപ്പൽ സർവീസ് നടത്താനുള്ള അന്തിമപട്ടികയിൽ രണ്ടു കമ്പനികൾ. കൊച്ചി–ദുബായ് യാത്രക്കപ്പൽ സർവീസ് ആരംഭിക്കാനുള്ള നടപടിക്രമങ്ങൾക്കും ഇതോടെ വേഗം വച്ചു. കേരള മാരിടൈം ബോര്‍ഡാണ് ഇതു സംബന്ധിച്ച ചർച്ചകൾക്കു നേതൃത്വം നൽകുന്നത്. മാരിടൈം ബോർഡ് കപ്പൽ സർവീസ് ആരംഭിക്കാൻ താൽപര്യമുള്ളവരിൽനിന്ന് കഴിഞ്ഞ മാർച്ചിൽ താൽപര്യപത്രം ക്ഷണിച്ചിരുന്നു. അതിൽ നിന്നാണ് രണ്ടു കമ്പനികളെ തിരഞ്ഞടുത്തിരിക്കുന്നത്. 

കോഴിക്കോട് ആസ്ഥാനമായുള്ള ജബല്‍ വെഞ്ചേഴ്സ് പ്രൈവറ്റ് ലിമിറ്റഡ്, ചെന്നൈ ആസ്ഥാനമായുള്ള വൈറ്റ് ഷിപ്പിങ് എന്നീ കമ്പനികളാണ് പട്ടികയിലുള്ളത്. ഈ രണ്ടു കമ്പനികളുമായും ചർച്ച നടത്തിയെന്നും ഇരുകൂട്ടരും താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നും മാരിടൈം ബോർ‍ഡ് ചെയർമാൻ എൻ.എസ്.പിള്ള ‘മനോരമ ഓൺലൈനോ’ട് പറഞ്ഞു. 

കേന്ദ്ര തുറമുഖ വകുപ്പ്, ഷിപ്പിങ് കോർപറേഷൻ ഓഫ് ഇന്ത്യ തുടങ്ങിയവരുമായി ‌ബന്ധപ്പെട്ട്, നിയമതടസ്സങ്ങൾ അടക്കം പരിഹരിക്കുകയും രണ്ടു കമ്പനികളഉം നൽകുന്ന സാധ്യതാ പഠനമടക്കം സംസ്ഥാന സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്യും. തുടർന്ന്, ഷിപ്പിങ് കമ്പനികൾക്ക് എന്തൊക്കെ ഇളവുകൾ നൽകാം തുടങ്ങിയ കാര്യങ്ങളഉം പരിശോധിച്ച ശേഷമായിരിക്കും സമ്മതപത്രം നൽകുന്നത്. സമ്മതപത്രം ലഭിച്ചു മൂന്നു മാസത്തിനുള്ളിൽ കപ്പൽ സർവീസ് ആരംഭിക്കാൻ കഴിയുമെന്നു കമ്പനികൾ അറിയിച്ചിട്ടുണ്ടെന്നും മാരിടൈം ബോർഡ് ചെയർമാൻ വ്യക്തമാക്കി. 

നേരത്തേ ബേപ്പൂർ തുറമുഖത്തുനിന്ന് ദുബായിലേക്കു പുറപ്പെടുന്ന രീതിയിലായിരുന്നു പദ്ധതി വിഭാവനം ചെയ്തിരുന്നത് എങ്കിലും കൊച്ചിയാണ് അന്തിമമായി തീരുമാനിക്കപ്പെട്ടിട്ടുള്ളത്. മൂന്നോ മൂന്നരയോ ദിവസമാണ് കേരളത്തിലെ തുറമുഖങ്ങളിൽനിന്നു ദുബായിലേക്കുള്ള ദൂരം. 10,000 ഇന്ത്യൻ രൂപയിൽ താഴെയുള്ള ടിക്കറ്റ് നിരക്കിൽ യാത്ര സാധ്യമാക്കണമെന്ന ആവശ്യം നേരത്തേ തന്നെ പല കോണുകളിൽനിന്ന് ഉയർന്നിരുന്നു. പദ്ധതിക്ക് വേണ്ടി വാദിക്കുന്ന മലബാർ ഡവലപ്മെന്റ് കൗൺസിലും കുറഞ്ഞ നിരക്കിൽ ടിക്കറ്റ് ഏർപ്പെടുത്തിയാൽ കപ്പൽ സര്‍വീസ് വലിയ വിജയമാകുമെന്ന് വ്യക്തമാക്കിയിരുന്നു. ചെരിപ്പ്, കോഴിക്കോടൻ ഹല്‍വ ഉള്‍പ്പെടെയുള്ള ഭക്ഷ്യസാധനങ്ങൾ, കാർഷിക വിളകൾ തുടങ്ങിയ ഗൾഫ് രാജ്യങ്ങളിലേക്ക് കൊണ്ടുപോകുന്നതിന് നിലവിൽ ആവശ്യമായ വിമാന സര്‍വീസുകൾ ഇല്ല എന്നതും ഇവർ മുന്നോട്ടു വച്ചിരുന്നു. 1200 പേരെയെങ്കിലും ഉള്‍ക്കൊള്ളുന്ന കപ്പലുകളാണ് ദുബായ് സര്‍വീസിനായി പരിഗണിക്കുന്നത്. യാത്രക്കാർക്ക് പുറമെ ടൂറിസം രംഗത്തു കൂടി കുതിപ്പേകുന്നതാണ് ഇതെന്ന് അധികൃതർ ചൂണ്ടിക്കാട്ടുന്നു. യാത്രാ–ചരക്കുകപ്പൽ എന്ന സാധ്യത തന്നെയായിരിക്കും പദ്ധതിയുടെ പ്രധാന ഘടകമെന്നും ഇവര്‍ പറയുന്നു.

സംസ്ഥാനത്തെ വിവിധ തുറമുഖങ്ങൾ തമ്മിലും ഇതര സംസ്ഥാനങ്ങൾ തമ്മിലും ഭാവിയിൽ മറ്റു രാജ്യങ്ങളിലേക്കും ക്രൂസ് സർവീസുകൾ തുടങ്ങുന്ന കാര്യവും മാരിൈടം ബോർഡിന്റെ പരിഗണനയിലുണ്ട്. ഇതിനുള്ള താൽപര്യപത്രം ബോര്‍ഡ് ക്ഷണിക്കുകയും 12 കമ്പനികൾ താൽപര്യം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.

English Summary:

Kochi to Gulf: New Ferry Services Set to Launch Soon

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com