മക്കിമലയിൽ കണ്ടെത്തിയ കുഴിബോംബ് നിർവീര്യമാക്കി; കൂടുതൽ സ്ഥലങ്ങളിൽ പരിശോധന
Mail This Article
മാനന്തവാടി ∙ തലപ്പുഴ മക്കിമല കൊടക്കാട് വനമേഖലയിൽ കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയ സ്ഫോടക വസ്തുക്കൾ നിർവീര്യമാക്കി. കോഴിക്കോട്, കണ്ണൂർ ബോംബ് സ്ക്വാഡുകൾ, അരീക്കോട്ടു നിന്നുള്ള തണ്ടർബോൾട്ട് സ്പെഷൽ ഓപ്പറേഷൻ ടീം എന്നിവർ ചേർന്ന് ഇന്നു രാവിലെയാണ് സ്ഫോടക വസ്തുക്കൾ നിർവീര്യമാക്കിയത്. ബോംബ് കണ്ടെത്തിയ മേഖലയിലേക്ക് ആരെയും കടത്തി വിടുന്നില്ല. നിർവീര്യമാക്കുന്ന സ്ഥലത്തുനിന്ന് സ്ഫോടന ശബ്ദം കേട്ടതായി നാട്ടുകാർ പറഞ്ഞു. തണ്ടർബോൾട്ട്, എടിഎസ് തുടങ്ങിയവർ വനമേഖലയിൽ വ്യാപക തിരച്ചിൽ തുടരുന്നുണ്ട്. കൂടുതൽ സ്ഥലങ്ങളിൽ സ്ഫോടക വസ്തുക്കൾ സ്ഥാപിച്ചിട്ടുണ്ടോ എന്നറിയാൻ ഡോഗ് സ്ക്വാഡും ബോംബ് സ്ക്വാഡും പരിശോധന നടത്തുന്നുണ്ട്.
വനാതിർത്തിയിലെ വേലി നന്നാക്കാൻ ചൊവ്വാഴ്ച മൂന്നരയോടെ പരിശോധന നടത്തിയ മൂന്ന് വനംവകുപ്പ് വാച്ചർമാരാണ് സ്ഫോടക വസ്തു കണ്ടെത്തിയത്. സ്ഫോടകവസ്തുവാണെന്ന് തിരിച്ചറിയാതെ ഐഇഡിയുമായി (ഇംപ്രവൈസ്ഡ് എക്സ്പ്ലോസീവ് ഡിവൈസ്) ബന്ധിപ്പിച്ച വയർ ഉൾപ്പെടെ പുറത്തെടുത്ത് പരിശോധിക്കുകയായിരുന്നു. സ്ഫോടകവസ്തു ബാറ്ററിയുമായി ബന്ധിപ്പിക്കാതിരുന്നതിനാൽ പൊട്ടിത്തെറിച്ചില്ല. തുടർന്ന് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. ഇന്നലെ രാത്രിയോടെ കോഴിക്കോട്ടു നിന്നുൾപ്പെടെയുള്ള ബോംബ് സ്ക്വാഡ് അംഗങ്ങൾ സ്ഥലത്തെത്തി.
വലിയ തൂക്കുപാത്രത്തിൽ സ്ഫോടകവസ്തു നിറച്ച് പ്ലാസ്റ്റിക് കവറിലാണ് കുഴിച്ചിട്ടിരുന്നത്. ഇത് അടുത്തിടെപ്പൊഴോ കുഴിച്ചിട്ടതാണെന്നാണ് കരുതുന്നത്. കുഴിബോംബിൽനിന്ന് 50 മീറ്ററോളം നീളത്തിൽ ഇലക്ട്രിക് വയർ കുഴിച്ചിട്ടിട്ടുണ്ട്. ഇത് ചപ്പുചവറുകൾകൊണ്ട് മൂടിയ നിലയിലായിരുന്നു. ദൂരെനിന്ന് സ്ഫോടനം നടത്താവുന്ന രീതിയിലാണ് സ്ഫോടകവസ്തുക്കൾ സ്ഥാപിച്ചിരുന്നത്. സ്ഫോടക വസ്തു സൂക്ഷിച്ച കുഴിക്ക് 20 മീറ്ററോളം മാറി മരത്തിനു സമീപത്തായി മറ്റൊരു കുഴികൂടി കണ്ടെത്തി. ഇതിനു സമീപത്തായി ജലാറ്റിൻ സ്റ്റിക്കുകളും ഇരുമ്പാണികളും കൂട്ടിയിട്ടതും കണ്ടെത്തി.
മാവോയിസ്റ്റ് സാന്നിധ്യമുള്ള മേഖലയാണ് മക്കിമല. ബോംബ് വച്ചത് മാവോയിസ്റ്റുകളാണോ എന്നതിൽ സ്ഥിരീകരണം ഇല്ല. എന്നാൽ മറ്റാരെങ്കിലും ഇവിടെ ഇത്തരത്തിൽ ബോംബ് സ്ഥാപിക്കാൻ സാധ്യതയില്ലെന്നാണ് പൊലീസ് നൽകുന്ന വിവരം. കബനീദളത്തിന്റെ ഭാഗമായ മാവോയിസ്റ്റുകളായ സി.പി.മൊയ്തീൻ, സോമൻ, സന്തോഷ്, ആഷിക് (മനോജ്) എന്നിവർ ആറളം, കമ്പമല വനമേഖലയിൽ തമ്പടിക്കുന്നുണ്ടെന്ന് പൊലീസ് സ്ഥിരീകരിച്ചിരുന്നു. മൊയ്തീനും മനോജും സ്ഫോടകവസ്തു നിർമാണത്തിൽ പരിശീലനം നേടിയിട്ടുള്ളവരാണ്. വോട്ട് ബഹിഷ്കരിക്കണമെന്നാവശ്യപ്പെട്ട് ഇവർ കമ്പമലയിൽ എത്തിയിരുന്നു.