ADVERTISEMENT

തിരുവനന്തപുരം∙ കോട്ടയത്തെ ആകാശപ്പാത നിര്‍മാണവുമായി മുന്നോട്ടു പോകാന്‍ കഴിയില്ലെന്ന് ഗതാഗത മന്ത്രി ഗണേഷ് കുമാര്‍ നിയമസഭയെ അറിയിച്ചു. സര്‍ക്കാരിന്റെ പൊതുമുതല്‍ ഇത്തരം കാര്യങ്ങള്‍ക്ക് ദുര്‍വ്യയം ചെയ്യാന്‍ പാടില്ലെന്നാണ് തന്റെ അഭിപ്രായമെന്നും മന്ത്രി പറഞ്ഞു. ആദ്യഘട്ടത്തില്‍ അഞ്ചു കോടി രൂപ നിശ്ചയിച്ച പദ്ധതിക്ക് ഇപ്പോള്‍ 17.82 കോടിയിലേറെ രൂപ വേണ്ടിവരും. സ്ഥലം ഏറ്റെടുക്കേണ്ടി വന്നാല്‍ അതിലും കൂടുതല്‍ പണം വേണ്ടിവരും. ഇത്രയും പണം മുടക്കി ആകാശപ്പാത നിര്‍മിച്ചാല്‍ ഭാവിയില്‍ കോട്ടയത്തിന്റെ തുടര്‍വികസനവുമായി ബന്ധപ്പെട്ട് അതു പൊളിച്ചുനീക്കേണ്ട അവസ്ഥയും ഉണ്ടാകും. 

ഈ സാഹചര്യത്തില്‍ റോഡ് സേഫ്റ്റി അതോറിറ്റിയുടെ ഫണ്ട് ഉപയോഗിച്ച് നിര്‍മാണവുമായി മുന്നോട്ടുപോകാന്‍ കഴിയില്ലെന്നും ഗണേഷ് കുമാര്‍ പറഞ്ഞു. ആകാശപ്പാതയുടെ നിര്‍മാണം എത്രയും വേഗം പൂര്‍ത്തിയാക്കണമെന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ ആവശ്യത്തോടു പ്രതികരിക്കുകയായിരുന്നു മന്ത്രി. തിരുവഞ്ചൂര്‍ വനംമന്ത്രിയായിരുന്നപ്പോള്‍ താന്‍ സമര്‍പ്പിച്ച ഒരു പദ്ധതി നിഷ്‌കരുണം തള്ളിയിരുന്നു. അതിനു പകരമായാണ് ഇതു ചെയ്യുന്നതെന്നു കരുതരുതെന്നും ഗണേഷ്‌കുമാര്‍ പറഞ്ഞു. 

ഇത്തരം നിര്‍മാണങ്ങള്‍ റോഡ്‌സ് ആന്‍ഡ് ബ്രിഡ്ജസ് കോർപറേഷന് നല്‍കണമെന്ന നിയമം ലംഘിച്ചാണ് അന്നത്തെ മന്ത്രിയുടെ നിര്‍ദേശപ്രകാരം കിറ്റ്‌കോയ്ക്ക് കരാര്‍ നല്‍കിയത്. ഈ രൂപത്തിൽ കോട്ടയം നഗരത്തിൽ എന്താണ് നില്‍ക്കുന്നതെന്ന് താനും വിചാരിച്ചെന്നു മന്ത്രി പറഞ്ഞു. എറണാകുളത്ത് ബിനാലെയ്ക്ക് വന്ന ഏതോ കലാകാരന്‍ സ്ഥലത്തെ എംഎല്‍എയോടുള്ള ബന്ധം കൊണ്ട് ഉണ്ടാക്കിയ ശില്‍പമാണെന്നാണ് കരുതിയത്. 

മന്ത്രിയായി ചുമതലയേറ്റ ശേഷമാണ് അതൊരു സ്‌കൈവാക്കാണെന്നു മനസിലാക്കിയത്. ഇതു പൊളിച്ചു മാറ്റണമെന്ന് ആവശ്യപ്പെട്ട് ഒരാള്‍ ഹൈക്കോടതിയെ സമീപിച്ചു. പദ്ധതിക്ക് സ്വകാര്യസ്ഥലം ഏറ്റെടുക്കേണ്ടിവരില്ലെന്നാണ് അന്നത്തെ കലക്ടര്‍ റിപ്പോര്‍ട്ട് നല്‍കിയത്. സൗജന്യമായി ഭൂമി വിട്ടു നല്‍കുമെന്നാണ് പറഞ്ഞിരുന്നത്. എന്നാല്‍, ഇപ്പോള്‍ അവര്‍ വിസമ്മതിക്കുന്നതിനാല്‍ കോടിക്കണക്കിനു രൂപ സ്ഥലം ഏറ്റെടുക്കാന്‍ വേണ്ടിവരും. പണം കൊടുത്ത് സ്ഥലം ഏറ്റെടുക്കാന്‍ റോഡ് സേഫ്റ്റി അതോറിറ്റിക്ക് അധികാരമില്ല. 

നിര്‍ദിഷ്ട സ്‌കൈവാക്ക് ഘടനയില്‍ മതിയായ തൃപ്തിയില്ലെന്നാണ് പാലക്കാട് ഐഐടി റിപ്പോര്‍ട്ട് നല്‍കിയത്. അപര്യാപ്തമായ സ്ട്രക്ചര്‍ ശക്തിപ്പെടുത്താന്‍ സാധ്യത പരിശോധിക്കണമെന്നും ഫൗണ്ടേഷന്‍ അപര്യാപ്തമാണെന്നും അവര്‍ അറിയിച്ചു. ഇതു കോടതിയെ അറിയിച്ചിട്ടുണ്ട്. 6 ലിഫ്റ്റും മൂന്നു സ്‌റ്റെയര്‍കെയ്‌സും വേണമെന്ന് നാറ്റ്പാക്ക് പറയുന്നു. ഇതുള്‍പ്പെടെ തയാറാക്കിയ പുതിയ എസ്റ്റിമേറ്റ് പ്രകാരം 17.85 കോടി രൂപ വേണ്ടിവരും. 

അതിനിടെ കിറ്റ്‌കോയില്‍ നടന്ന ക്രമക്കേടുകളില്‍ വിജിലന്‍സ് അന്വേഷണം നടന്നു. ഇതിന്റെ എന്‍ജിനീയറിങ്ങില്‍ ചില പിഴവുകള്‍ പറ്റിയെന്നും ആ തുക ഉദ്യോഗസ്ഥരില്‍നിന്നു പിടിച്ചെടുക്കണമെന്നും വിജിലന്‍സ് വ്യക്തമാക്കുന്നു. 

പദ്ധതിയുടെ തുടര്‍പരിപാലനം, സ്ഥലമേറ്റെടുക്കല്‍ എന്നിവ ഉള്‍പ്പെടെ കലക്ടര്‍ക്ക് ഒരു ചോദ്യാവലി നല്‍കി. പദ്ധതിക്കായി സ്ഥലം ഏറ്റെടുക്കാന്‍ കഴിയില്ലെന്ന് കലക്ടർ വ്യക്തമാക്കിയിട്ടുണ്ട്. സ്ഥലം ഏറ്റെടുക്കാതെ നിർമാണം നടത്തിയാല്‍ കോട്ടയത്തിന്റെ തുടര്‍വികസനത്തിന്റെ ഭാഗമായി പൊളിച്ചു മാറ്റേണ്ടിവരും. 17 കോടി മുടക്കി നിര്‍മിക്കാമെന്നു വിചാരിച്ചാലും പിന്നീടു പൊളിക്കേണ്ടിവരുമെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.

കോട്ടയത്തെ ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ നാറ്റ്പാക്ക് പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ആകാശപ്പാത നിര്‍മിക്കാന്‍ തീരുമാനിച്ചതെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. ഈ സമയത്തു തുടങ്ങിയ കോട്ടയത്തെ പദ്ധതി ഒഴിച്ചുള്ള എല്ലാ ആകാശപ്പാതകള്‍ക്കും സര്‍ക്കാര്‍ അനുമതി നല്‍കുകയും ഉദ്ഘാടനം നടത്തുകയും ചെയ്തു. എന്നാല്‍ ഇതിന്റെ മാത്രം നിര്‍മാണം പാതി വഴിയില്‍ മന്ദീഭവിച്ച് കിടക്കുകയാണ്. മുഖ്യമന്ത്രിയും പലവട്ടം അതുവഴി പോയപ്പോള്‍ അതെന്താണ് ഇങ്ങനെ നില്‍ക്കുന്നത് എന്ന് ആലോചിച്ചിട്ടുണ്ടാകും. മുഖ്യമന്ത്രി ഉള്‍പ്പെടെ ഇടപെട്ട് നിര്‍മാണം പൂര്‍ത്തിയാക്കണമെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു.

English Summary:

Transport Minister Ganesh Kumar Halts Kottayam Skyway Project Over High Cost

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com