ADVERTISEMENT

ന്യൂഡൽഹി∙ എൻഡിഎ സർക്കാരിന്റെ ഭരണനേട്ടങ്ങളെ എണ്ണിപ്പറഞ്ഞും അടിയന്തരാവസ്ഥക്കാലത്തെ ചരിത്രത്തിലെ ഇരുണ്ട അധ്യായമെന്നു വിശേഷിപ്പിച്ചും പാർലമെന്റിന്റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്ത് രാഷ്ട്രപതി ദ്രൗപതി മുർമു. മൂന്നാം എൻഡിഎ സർക്കാർ അധികാരമേറ്റതിനുശേഷമുള്ള രാഷ്ട്രപതിയുടെ ആദ്യ അഭിസംബോധനയാണിത്. ലോക്സഭാ തിരഞ്ഞെടുപ്പിൽ വിജയിച്ച ലോക്സഭാ അംഗങ്ങളെയും സ്പീക്കർ ഓം ബിർലയെയും അഭിനന്ദിച്ചുകൊണ്ടാണു രാഷ്ട്രപതി പ്രസംഗം ആരംഭിച്ചത്. തിരഞ്ഞെടുപ്പ് കമ്മിഷനു രാഷ്ട്രപതി നന്ദി അറിയിക്കുകയും ചെയ്തു.

∙ പ്രസംഗത്തിലെ പ്രസക്ത ഭാഗങ്ങൾ

മൂന്നാം തവണയും ജനങ്ങൾ ഈ സർക്കാരിൽ വിശ്വാസമർപ്പിച്ചിരിക്കുകയാണ്. അവരുടെ ലക്ഷ്യങ്ങളെ പൂർണതയിലെത്തിക്കാൻ ഈ സർക്കാരിനേ കഴിയൂ എന്നവർക്കറിയാം. 18–ാം ലോക്സഭ പലവിധത്തിൽ ചരിത്രപരമാണ്. പത്തുവർഷത്തിനുള്ളിൽ 11–ാം സ്ഥാനത്തായിരുന്ന ഇന്ത്യ അഞ്ചാമത്തെ വലിയ സാമ്പത്തിക രാഷ്ട്രമായി മാറി. ലോകത്തെ മൂന്നാമത്തെ സാമ്പത്തിക ശക്തിയായി ഇന്ത്യയെ വളർത്താനാണ് സർക്കാർ ശ്രമിക്കുന്നത്. സർക്കാർ അവതരിപ്പിക്കാൻ പോകുന്ന ബജറ്റ് സർക്കാരിന്റെ ഭാവി കാഴ്ചപ്പാടുകൾ വ്യക്തമാക്കുന്ന ഒന്നായിരിക്കും. വലിയ സാമ്പത്തിക സാമൂഹിക തീരുമാനങ്ങൾക്കൊപ്പം വലിയ ചരിത്രപരമായ ചുവടുകളും ബജറ്റിൽ കാണാൻ സാധിക്കും. കർഷകർക്കായി സർക്കാർ 3.20 ലക്ഷം കോടി രൂപയാണ് പിഎം കിസാൻ സമ്മാൻ നിധി പ്രകാരം ചെലവഴിച്ചത്. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ സമാധാനം പുനഃസ്ഥാപിക്കുന്നതിന് വേണ്ടി സർക്കാർ പരിശ്രമിച്ചുകൊണ്ടിരിക്കുകയാണ്. നീറ്റ് പരീക്ഷാ ക്രമക്കേടുകളിൽ സർക്കാർ അന്വേഷണം നടത്തുന്നുണ്ട്. കുറ്റക്കാർക്ക് മതിയായ ശിക്ഷ ഉറപ്പാക്കും. ജൂലൈ ഒന്നുമുതൽ ഭാരതീയ ന്യായ സംഹിത ഇന്ത്യയിൽ നിലവിൽ വരും. ഇത് നിയമനടപടികളുടെ കാര്യക്ഷമത വർധിപ്പിക്കും. സിഎഎ നിയമപ്രകാരം സർക്കാർ അഭയാർഥികൾക്ക് പൗരത്വം നൽകിത്തുടങ്ങിയിരിക്കുകയാണ്. ചരിത്രത്തിലെ ഏറ്റവും വലിയ ഇരുളടഞ്ഞ അധ്യായമാണ് അടിയന്തരാവസ്ഥ. അടിയന്തരാവസ്ഥക്കാലത്ത് മുഴുവൻ രാജ്യവും അരാജത്വത്തിലേക്കു കൂപ്പുകുത്തി. എന്നാൽ ഇത്തരം ശക്തികൾക്കെതിരെ വിജയം വരിച്ചു. നളന്ദ സർവകലാശാല, സർവകലാശാല മാത്രമല്ല അടിസ്ഥാന അറിവുകളുടെ കേന്ദ്രമെന്ന നിലയിൽ ഇന്ത്യയുടെ തിളക്കമാർന്ന ഭൂതകാലം ഓർമിപ്പിക്കുന്നതാണത്. ഇന്ത്യയെ ആഗോള വിദ്യാഭ്യാസ കേന്ദ്രമായി ഉയർത്തുന്നതിന് നളന്ദ സർവകലാശാലയ്ക്ക് സാധിക്കുമെന്ന് ഉറപ്പാണ്.

നേരത്തേ, ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ, ലോക്സഭാ സ്പീക്കർ ഓം ബിർല, പ്രധാനമന്ത്രി നരേന്ദ്ര മോദി, പാർലമെന്ററികാര്യ മന്ത്രി കിരൺ റിജിജു എന്നിവർ ചേർന്നാണ് രാഷ്ട്രപതിയെ സഭയിലേക്ക് ആനയിച്ചത്. പാർലമെന്റ് ഉദ്യോഗസ്ഥൻ ചെങ്കോൽ പിടിച്ച് രാഷ്ട്രപതിയുടെ സംഘത്തിനു മുന്നിലായി നടന്നിരുന്നു.

English Summary:

President Droupadi Murmu Addresses Parliament Session - Live Updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com