യുഎസിൽ സ്കോളർഷിപ്പോടെ പഠനം തുടരണം: അച്ഛൻ മരിച്ചെന്ന് വ്യാജ സർട്ടിഫിക്കറ്റുണ്ടാക്കി ഇന്ത്യൻ വിദ്യാർഥി
Mail This Article
പെൻസിൽവാനിയ ∙ യുഎസ് സർവകലാശാലയിൽ സ്കോളര്‍ഷിപ്പോടെ പഠിക്കാൻ, ജീവിച്ചിരിക്കുന്ന അച്ഛന്റെ മരണസർട്ടിഫിക്കറ്റും മാർക്ക് ലിസ്റ്റും വ്യാജമായി ഉണ്ടാക്കി ഇന്ത്യൻ വിദ്യാർഥി. പെൻസിൽവാനിയയിലെ ലീഹായ് സര്‍വകലാശാലാ വിദ്യാർഥി ആര്യൻ ആനന്ദ് (19) ആണ് തട്ടിപ്പിനു ശ്രമിച്ചത്. വ്യാജരേഖ കെട്ടിച്ചമച്ച കേസില്‍ ആര്യനെ നോർത്താംപ്ടൺ കൗണ്ടി കോടതി 20 വർഷത്തെ തടവുശിക്ഷയ്ക്കു വിധിച്ചിരുന്നു. എന്നാൽ സർവകലാശാലയുടെ പ്രത്യേക അഭ്യർഥന മാനിച്ച് ശിക്ഷ ഒഴിവാക്കി ഇയാളെ കോളജില്‍നിന്നും പുറത്താക്കുകയും ഇന്ത്യയിലേക്കു നാടുകടത്തുകയും ചെയ്തു.
‘നുണകളിൽ കെട്ടിപ്പടുത്ത എന്റെ ജീവിതവും ജോലിയും’ എന്ന തലക്കെട്ടോടെ ആര്യൻ ‘റെഡ്ഡിറ്റ്’ എന്ന സമൂഹ മാധ്യമത്തിൽ പങ്കുവച്ച പോസ്റ്റിലൂടെയാണു സംഭവം ചർച്ചയായത്.
കോളജ് അഡ്മിഷൻ ലഭിച്ചശേഷം പഠനത്തിൽ താല്‍പര്യം നഷ്ടപ്പെട്ട ആര്യൻ മദ്യത്തിന് അടിമപ്പെടുകയും സ്കോളർഷിപ്പ് നിലനിർത്താൻ തട്ടിപ്പു തുടരുകയും ചെയ്യുകയായിരുന്നു. ഇന്റേൺഷിപ്പ് രേഖകളിൽ ഇയാൾ കൃത്രിമം കാട്ടിയതായും പണം തട്ടിയെടുത്തതായും സർവകലാശാല പറയുന്നു. തുടർന്ന്, പൊലീസ് നടത്തിയ അന്വേഷണത്തിലാണു വ്യാജരേഖകൾ നിർമിച്ചതായി ഇയാൾ വെളിപ്പെടുത്തിയത്.
പത്താം ക്ലാസ് മാര്‍ക്ക് ലിസ്റ്റും സർവകലാശാലാ പ്രവേശനത്തിനു സമർപ്പിച്ച രേഖകളും ജീവിച്ചിരിക്കുന്ന പിതാവിന്റെ മരണ സർട്ടിഫിക്കറ്റും വ്യാജരേഖകളിൽ ഉൾപ്പെടും. കഴിഞ്ഞ വർഷം ഓഗസ്റ്റിലാണ് ആര്യൻ ആനന്ദ് ലീഹായ് സര്‍വകലാശാലയിൽ അഡ്മിഷൻ നേടിയത്.