ADVERTISEMENT

തിരുവനന്തപുരം∙ ടിപി ചന്ദ്രശേഖരനെ നിഷ്ഠൂരമായി കൊലപ്പെടുത്തിയ രീതിയില്‍ ഇനിയും ആരെയെങ്കിലും സിപിഎം കൊല്ലാന്‍ നോക്കിയാല്‍ അവര്‍ക്ക് കോണ്‍ഗ്രസ് സംരക്ഷണം നൽകുമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി. മുഖ്യമന്ത്രിയും പാര്‍ട്ടിയും നൽകുന്ന സംരക്ഷണമാണ് കൊലയാളികളുടെ പിന്‍ബലം. പാര്‍ട്ടിയില്‍ ഉയര്‍ന്നു വരുന്ന ഒറ്റപ്പെട്ട ശബ്ദങ്ങളെ ടിപി ചന്ദ്രശേഖരന്‍ മാതൃകയില്‍ തീര്‍ത്തുകളയാം എന്നാണ് കരുതുന്നതെങ്കില്‍ അവര്‍ക്ക് സംരക്ഷണം നല്‍കാനാണ് കോണ്‍ഗ്രസിന്റെ തീരുമാനമെന്ന് സുധാകരന്‍ പറഞ്ഞു. 

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബിനെ കൊന്ന കേസിലെ പ്രതി ആകാശ് തില്ലങ്കേരി വീണ്ടും വധഭീഷണി മുഴക്കി രംഗത്തുവന്നത് സിപിഎം സമുന്നത നേതാക്കളുടെ അറിവോടെയാണ്. ടിപി ചന്ദ്രശേഖരനെ കൊല്ലുന്നതിനു മുൻപും സമാനമായ ഭീഷണികള്‍ ഉയര്‍ന്നിരുന്നു. അന്നു കുലംകുത്തിയെന്ന് വിളിച്ച് ഭീഷണി മുഴക്കിയ ആളാണ് കേരളത്തിന്റെ മുഖ്യമന്ത്രിയായത്.

ടിപി ചന്ദ്രശേഖരന്‍ കൊലക്കേസിലെ പ്രതികളായ ടി.കെ.രജീഷ്, ഷാഫി, സിജിത്ത്, ട്രൗസര്‍ മനോജ് എന്നിവര്‍ക്ക് ശിക്ഷാ ഇളവു നൽകാന്‍ നടത്തിയ നീക്കത്തിനൊടുവില്‍ ഇരകളായത് മൂന്ന് ജയിൽ ഉദ്യോഗസ്ഥരാണ്. ഹൈക്കോടതി ഉത്തരവിനെ വെല്ലുവിളിച്ച് ഇത്തരമൊരു നീക്കം നടത്താന്‍ ഉദ്യോഗസ്ഥര്‍ക്ക് കഴിയില്ല. മുഖ്യമന്ത്രി പിണറായി വിജയന്റെ ഒടുങ്ങാത്ത പകയാണ് ഇതിനു പിന്നിലെന്നും സുധാകരന്‍ പറഞ്ഞു. 

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ പഞ്ചനക്ഷത്ര സൗകര്യങ്ങളോടെ ഈ കൊലയാളികള്‍ കഴിയുന്നത് പാര്‍ട്ടിയുടെയും സര്‍ക്കാരിന്റെയും പിന്തുണയോടെയാണ്. ജയില്‍ ഉദ്യോഗസ്ഥര്‍ ഇവരുടെ പാദസേവകരാണ്. ജയില്‍ സൂപ്രണ്ടിനെ മര്‍ദിച്ച സംഭവം വരെ അവിടെ ഉണ്ടായിട്ടുണ്ട്. ജയിലില്‍ കിടന്നുകൊണ്ടാണ് ഇവര്‍ പലിശയ്ക്ക് പണം നൽകുന്നത്. മൊബൈല്‍ ഫോണും മൊബൈലില്‍ സംസാരിക്കാനുള്ള അവകാശവും ജയിലിൽ ഇവര്‍ക്കുണ്ട്. കോഴിക്കോട് രാമനാട്ടുകരയില്‍ 5 പേരുടെ മരണത്തിന് ഇടയാക്കിയ സ്വര്‍ണം പൊട്ടിക്കല്‍ സംഭവത്തിനു പിന്നിലും ജയിലില്‍ കഴിയുന്ന പാര്‍ട്ടി ബന്ധമുള്ള കൊലയാളികളാണ്. ഇവര്‍ക്ക് യഥേഷ്ടമാണ് പരോള്‍ ലഭിക്കുന്നതെന്നും കെ.സുധാകരൻ പറഞ്ഞു.

English Summary:

K. Sudhakaran MP Warns CPM Over TP Chandrasekaran-Like Murders, Vows Congress Protection

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com