സിപിഎം പഞ്ചായത്ത് അംഗം സ്കൂട്ടറിൽനിന്ന് മാലിന്യം റോഡിൽ തള്ളിയ സംഭവം; ഇടപെട്ട് ഹൈക്കോടതിയും
Mail This Article
കൊച്ചി∙ സ്കൂട്ടറിൽ വച്ചിരുന്ന മാലിന്യപായ്ക്കറ്റ് റോഡരികിൽ ഉപേക്ഷിച്ച പഞ്ചായത്ത് അംഗം നടപടിക്കെതിരെ ഹൈക്കോടതിയും. മാലിന്യം റോഡരുകിൽ തട്ടിയ അംഗത്തിനെതിരെ എന്തു നടപടിയെടുത്തെന്ന് അറിയിക്കാൻ ഹൈക്കോടതി സർക്കാരിനു നിര്‍ദേശം നൽകി. മൂവാറ്റുപുഴ താലൂക്കിലെ മഞ്ഞള്ളൂർ പഞ്ചായത്ത് 13–ാം വാർഡ് അംഗവും സിപിഎം നേതാവുമായ പി.എസ്.സുധാകരനാണ് കഥാനായകൻ. ഇയാൾ വഴിയരികിലേക്കു മാലിന്യം തട്ടുന്ന വിഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലായിരുന്നു. ബ്രഹ്മപുരം മാലിന്യസംസ്കരണവുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുന്നതിനിടെയായിരുന്നു ജസ്റ്റിസുമാരായ ബെച്ചു കുര്യൻ തോമസ്, പി.ഗോപിനാഥ് എന്നിവരുടെ ബെഞ്ച് സുധാകരന്റെ വിഷയവും പരാമർശിച്ചത്.
മാലിന്യം തട്ടുന്ന ദൃശ്യം സമീപത്തെ സിസിടിവിയിൽ പതിഞ്ഞതാണു സുധാകരനു വിനയായത്. ഈ സംഭവത്തിനുശേഷം അറവുമാലിന്യങ്ങൾ പഞ്ചായത്തിൽ തള്ളിയവർക്കെതിരെ സുധാകരൻ പ്രതികരിച്ചതോടെ ഏതോ വിരുതൻ ഇത് ‘ഫുട്ബോൾ’ വിഡിയോ കമന്ററി രൂപത്തിൽ സമൂഹമാധ്യമത്തിൽ പ്രചരിപ്പിക്കുകയായിരുന്നു. സംഭവം വിവാദമായതോടെ, വണ്ടി ഓടിച്ച് സ്പീഡിൽ പോകുമ്പോൾ താഴെപ്പോകാൻ ശ്രമിച്ച പായ്ക്കറ്റ് കാലുകൊണ്ടു പൊക്കി നേരെ വയ്ക്കാൻ ശ്രമിക്കുന്ന രംഗമാണു തൊഴിച്ചു കളയുന്നതായി എഡിറ്റ് ചെയ്തിരിക്കുന്നത് എന്ന് സുധാകരൻ വിശദീകരിച്ചിരുന്നു. എന്നാൽ പ്രശ്നം അവിടം കൊണ്ട് അവസാനിച്ചില്ല.
സ്കൂട്ടറിലെത്തിയ സുധാകരൻ ആവോലി പഞ്ചായത്ത് പരിധിയിൽ ആളൊഴിഞ്ഞ സ്ഥലമെത്തിയപ്പോൾ വാഹനത്തിൽ സൂക്ഷിച്ചിരുന്ന മാലിന്യം കാലു കൊണ്ടു തട്ടി റോഡരികിൽ നിക്ഷേപിക്കുകയായിരുന്നു. ഈ രംഗങ്ങൾ സഹിതം പ്രദേശവാസികൾ പഞ്ചായത്ത് അധികൃതർക്കു പരാതി നൽകി. പ്രതിഷേധം ശക്തമായതോടെ 1,000 രൂപ പിഴയടച്ചു തലയൂരി. പഞ്ചായത്തിൽ മാലിന്യം തള്ളുന്നതിനു 10,000 രൂപയാണു പിഴയെങ്കിലും ചെറിയ തുക പിഴയടപ്പിച്ച വിഷയത്തിലും പ്രതിഷേധം ഉയർന്നിരുന്നു. പഞ്ചായത്ത് അംഗം എന്ന നിലയിൽ സമൂഹത്തിനു മാതൃകയാകേണ്ട ആൾ തന്നെയാണു സാമൂഹികവിരുദ്ധരെ പോലെ പൊതുസ്ഥലത്ത് മാലിന്യം തള്ളിയത് എന്ന് ആക്ഷേപം ഉയര്‍ന്നു. ഈ സാഹചര്യത്തിൽ സുധാകരനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മിഷന് യൂത്ത് കോൺഗ്രസ് പരാതിയും നല്‍കിയിരുന്നു.
ഇതിനിടെ, ബ്രഹ്മപുരം മാലിന്യസംസ്കരണവുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുന്നതിനിടെ സുധാകരൻ മാലിന്യം തട്ടുന്ന വിഷയവും കോടതി പരാമർശിച്ചു. മാലിന്യ നിർമാർജനത്തിൽ വ്യക്തികൾക്കും പങ്കുവഹിക്കാനുണ്ടെന്നും അഭിപ്രായപ്പെട്ടു. റെയിൽവേ ട്രാക്കുകളിൽ ഉൾപ്പെടെ പലയിടത്തും മാലിന്യ കൂമ്പാരമുണ്ടെന്നു ചൂണ്ടിക്കാട്ടിയ കോടതി, മാലിന്യനീക്കത്തിനായി എന്തൊക്കെ നടപടികൾ സ്വീകരിച്ചു എന്നറിയിക്കാൻ റെയിൽവേക്കും നിർദേശം നൽകി.