ADVERTISEMENT

വാഷിങ്ടൻ∙ രാജ്യാന്തര ബഹിരാകാശ നിലയം (ഐഎസ്എസ്) കാലാവധി പൂർത്തിയാക്കുമ്പോൾ തകർത്തുതരിപ്പണമാക്കേണ്ട ചുമതല ഇലോൺ മസ്ക്കിന്റെ സ്പേസ് എക്സ് കമ്പനിക്ക്. 430 ടണ്ണോളം ഭാരം വരുന്ന നിലയത്തെ പസിഫിക് സമുദ്രത്തിലേക്കു തള്ളിയിടാൻ കരുത്തുള്ള വാഹനം കമ്പനി നിർമിക്കും. അടുത്ത പതിറ്റാണ്ടിന്റെ ആദ്യമാണ് ഇതു വേണ്ടിവരിക. ഫുട്ബോൾ മൈതാനത്തിന്റെ വലുപ്പം വരുന്ന നിലയം യുഎസ്, റഷ്യ എന്നിവിടങ്ങളിലെ ബഹിരാകാശ ശാസ്ത്രജ്ഞരാണ് പ്രധാനമായും നയിക്കുന്നത്. 

തിരിച്ചിറക്കാൻ ആവശ്യമായ റഷ്യൻ സാങ്കേതികവിദ്യയുമായാണ് നിലയം നിൽക്കുന്നത്. എന്നാൽ രാജ്യാന്തര ബഹിരാകാശ ധാരണകളിൽനിന്ന് റഷ്യ പെട്ടെന്നൊരു ദിവസം പിന്നോട്ടുപോയാലോ എന്നു കരുതി നിലയത്തെ തിരികെകൊണ്ടുവരാൻ ആവശ്യമായ കാര്യങ്ങൾ നാസ സ്വന്തം നിലയിൽ അന്വേഷിക്കുന്നുണ്ടായിരുന്നു. 24 വർഷമായി നിലനിൽക്കുന്ന നിലയത്തിന്റെ കാലാവധി 2030ൽ അവസാനിപ്പിക്കാനാണു നാസയുടെ പദ്ധതി. 

യുഎസ്, ജപ്പാൻ, കാനഡ, യൂറോപ്യൻ സ്പേസ് ഏജൻസി എന്നിവരും ബഹിരാകാശ നിലയത്തിന്റെ നിലനിൽപ്പിനായി 2030 വരെ കൈകോർക്കാൻ ധാരണയുണ്ട്. 2028 വരെയേ നിലയത്തിന്റെ ഭാഗമായിരിക്കൂ എന്നാണ് റഷ്യയുടെ നിലപാട്. യുക്രെയ്ൻ യുദ്ധം ഉൾപ്പെടെ അടുത്തിടെ രാജ്യാന്തര തലത്തിൽ റഷ്യ മറ്റു രാജ്യങ്ങളുമായി ചേരാതെ നിൽക്കുകയാണ്. ഇക്കാരണങ്ങളാൽ കൃത്യമായ പദ്ധതിയൊരുക്കണമെന്ന് വൈറ്റ് ഹൗസ് ഉൾപ്പെടെയുള്ള മറ്റു സർക്കാർ നേതൃത്വവും നാസയോട് ആവശ്യപ്പെട്ടു. 

ഭൂമിയുടെ അന്തരീക്ഷത്തിലേക്കു തിരിച്ചുവരുമ്പോൾ നിലയത്തിന്റെ വലിയൊരു പങ്കും കത്തിയമരും. എങ്കിലും ബാക്കി ആളപായമുണ്ടാക്കാത്ത വിധം സമുദ്രത്തിൽ വീഴുന്ന തരത്തിലായിരിക്കും ക്രമീകരണമെന്നാണു കരുതുന്നത്. ഇതിനുള്ള ഒരുക്കങ്ങൾക്കായി 7032 കോടി രൂപയുടെ കരാർ ബുധനാഴ്ച പ്രഖ്യാപിച്ചു. പ്രായമേറുന്നതിനാൽ രാജ്യാന്തര നിലയം 2031ൽ തിരിച്ചിറക്കുമെന്നു കഴിഞ്ഞ വർഷം നാസ പ്രഖ്യാപിച്ചിരുന്നു. 1998ൽ റഷ്യയുടെ പ്രോട്ടോൺ റോക്കറ്റാണ് സ്പേസ് സ്റ്റേഷൻ നിർമാണത്തിനുള്ള ആദ്യ മൊഡ്യൂൾ ബഹിരാകാശത്തെത്തിച്ചത്.

English Summary:

Musk's SpaceX hired to destroy ISS space station

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com