ADVERTISEMENT

തിരുവനന്തപുരം ∙ ക്വാറി ഉടമ മലയിൻകീഴ് സ്വദേശി ദീപുവിനെ (46) കളിയിക്കാവിളയിൽ കാറിനുള്ളിൽ കഴുത്തറുത്ത് കൊലപ്പെടുത്തിയ ഗുണ്ടാ നേതാവ് ചൂഴാറ്റുകോട്ട അമ്പിളി, തന്റെ ജീവിതത്തെ ആസ്പദമാക്കി സിനിമ ചിത്രീകരിക്കാൻ മാസങ്ങൾക്കു മുൻപ് ചിലർ സമീപിച്ചിരുന്നതായി തമിഴ്നാട് പൊലീസിനു മൊഴി നൽകിയതായി സൂചന. തിങ്കളാഴ്ചയാണ് ദീപു കൊല്ലപ്പെട്ടത്. സിസിടിവി ദൃശ്യങ്ങളും ഫോൺ രേഖകളും കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് ഗുണ്ടാ നേതാവായ അമ്പിളി പിടിയിലായത്.

വേദന അറിയാതെ ഒരാളെ കൊല്ലാൻ ആസൂത്രണം ചെയ്യുന്നതിനെക്കുറിച്ചും അമ്പിളി പൊലീസിനോടു പറഞ്ഞതായും വിവരമുണ്ട്. അമ്പിളിയുടെ പൂർവ ചരിത്രവും മറ്റും കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് പൊലീസിനു ഇക്കാര്യം വ്യക്തമായത്. മാസങ്ങൾ നീണ്ട ആസൂത്രണമാണ് ദീപുവിനെ കൊലപ്പെടുത്താൻ അമ്പിളി തയാറാക്കിയതെന്നു വ്യക്തമാണ്. ഇരുവരും സൗഹൃദത്തിലായിരുന്നു. ഒരു വർഷമായി ദീപുവും അമ്പിളിയും പലയിടത്തായി ഒത്തു കൂടിയിട്ടുണ്ട്. കഴിഞ്ഞ ഒരു മാസമായി ഇരുവരും സ്ഥിരം ഒരുമിച്ചു കൂടിയിരുന്നു. അമ്പിളിയുടെ വീട്ടിലും ദീപു എത്തിയിരുന്നതായി നാട്ടുകാരിൽ ചിലർ പറഞ്ഞു. മാസങ്ങൾക്ക് മുൻപ് 3.85 കോടിയോളം രൂപയുടെ ഇൻഷുറൻസ് ദീപു എടുത്തിരുന്നതായി പൊലീസ് കണ്ടെത്തി. കൊലപാതകത്തിന് കാരണമെന്താണ് എന്നതിൽ വ്യക്തതയില്ല.

ദീപുവിനെ കൊലപ്പെടുത്തിയ കേസിൽ ഒരാൾ കൂടി കഴിഞ്ഞ ദിവസം അറസ്റ്റിലായി. കേസിൽ ഒളിവിലുള്ള നെയ്യാറ്റിൻകരയിലെ സർജിക്കൽ സ്ഥാപന ഉടമ പാറശാല സ്വദേശി സുനിൽകുമാറിന്റെ സുഹൃത്ത് പുങ്കുളം സ്വദേശി പ്രദീപ് ചന്ദ്രൻ(42) ആണ് തമിഴ്നാട് പൊലീസിന്റെ പിടിയിലായത്. കെ‍ാലപാതകം നടന്ന 24ന് രാത്രി, കേസിലെ ഒന്നാം പ്രതി ചൂഴാറ്റുകോട്ട അമ്പിളി കളിയിക്കാവിളയിൽ എത്തിയത് സുനിൽകുമാറിനും പ്രദീപ് ചന്ദ്രനും ഒപ്പമായിരുന്നുവെന്ന് പൊലീസ് കണ്ടെത്തി. അമ്പിളിയെ കളിയിക്കാവിളയിൽ ഇറക്കിയ ശേഷം സുനിലും പ്രദീപും പാറശാലയിലേക്കു മടങ്ങുകയായിരുന്നു.

സുനിൽകുമാറും അമ്പിളിയും തമ്മിൽ അടുത്ത ബന്ധം ഉണ്ടെന്ന് പൊലീസ് പറഞ്ഞു. കെ‍ാലയ്ക്കു ദിവസങ്ങൾക്ക് മുൻപും ഇയാൾ പാറശാലയിലെ സുനിൽകുമാറിന്റെ സ്ഥാപനത്തിൽ എത്തിയിരുന്നു. ഇവർ ഒരുമിച്ച് കാറിൽ യാത്ര ചെയ്തതായും പൊലീസിന് വിവരം ലഭിച്ചു. കെ‍ാലയ്ക്കു ഉപയോഗിച്ച സർജിക്കൽ ബ്ലേഡ്, ക്ലോറോഫാം, കയ്യുറ, മാസ്ക് തുടങ്ങിയവ നെയ്യാറ്റിൻകരനിന്ന് യാത്ര പുറപ്പെടുന്നതിനു മുൻപാണ് അമ്പിളിയെ സുനിലും പ്രദീപും ഏൽപിച്ചത്.

English Summary:

Kaliyikawila Murder Case: Insurance worth around four crore in the name of Deepu

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com