ADVERTISEMENT

കൊച്ചി∙ സമൂഹ മാധ്യമങ്ങളിൽ അടക്കം തനിക്കെതിരെ വലിയ ആക്രമണം നടന്നപ്പോഴും ‘അമ്മ’ സംഘടനയിലെ ഒരാൾ പോലും തന്നെ പിന്തുണച്ചില്ലെന്ന് ഇടവേള ബാബു. താരസംഘടനയായ അമ്മയുടെ ജനറൽ സെക്രട്ടറി സ്ഥാനത്തു നിന്ന് 25 വർഷങ്ങൾക്കു ശേഷം പടിയിറങ്ങുന്നതിനു മുൻപായി അംഗങ്ങളെ അഭിസംബോധന ചെയ്തു കൊണ്ട് സംസാരിക്കുമ്പോഴായിരുന്നു ഇടവേള ബാബു മനസ്സു തുറന്നത്. എന്നാൽ സംഘടനയുടെ പ്രവർത്തനങ്ങളിൽ മമ്മൂട്ടിയും മോഹൻ ലാലും ഇന്നസെന്റും അടക്കം നേതൃത്വത്തിലുണ്ടായിരുന്നവർ വലിയ പിന്തുണയാണു നൽകിയതെന്നും അദ്ദേഹം പറഞ്ഞു. 

വലിയ പ്രതിസന്ധികളിൽ കൂടി ‘അമ്മ’ കടന്നുപോയി. പലരും തന്നെ ബലിയാടാക്കി സമൂഹ മാധ്യമങ്ങളിൽ‌ അടക്കം വിമർശനം ഉന്നയിച്ചപ്പോൾ ഒരാൾ പോലും അതിനു മറുപടി പറഞ്ഞില്ല. അത്തരം കാര്യങ്ങൾ പറയുന്നതിനു പരിമിതിയുണ്ട്. ഈ പദവിയിലിരിക്കുന്ന ആളിനു വേണ്ടി മറ്റുള്ളവരായിരുന്നു സംസാരിക്കേണ്ടിയിരുന്നത്. വരുന്ന ഭരണസമിതിയിൽ ഉള്ളവർക്ക് ഇത്തരം പ്രശ്നങ്ങൾ നേരിടുമ്പോൾ പിന്തുണ കൊടുക്കണമെന്നും ഇടവേള ബാബു പറഞ്ഞു.

താൻ പെയ്ഡ് സെക്രട്ടറിയാണെന്നു ചില കോണുകളിൽനിന്ന് ആരോപണം ഉയർന്നെന്നും ഇടവേള ബാബു പറഞ്ഞു. ‘‘എനിക്ക് ശമ്പളം തരണമെന്ന് ആദ്യമായി പറഞ്ഞതു ജഗതി ശ്രീകുമാറാണ്. എന്നാൽ അക്കാര്യം മുന്നോട്ടു പോയില്ല. അതിനുശേഷം 9 വർഷം മുൻപു മാത്രമാണു 30,000 രൂപ വീതം അലവൻസ് തരാൻ തീരുമാനിക്കുന്നത്. പിന്നീട് കഴിഞ്ഞ ഭരണസമിതിയാണ് അത് 50,000 രൂപയാക്കിയത്. അതിൽ 20,000 രൂപ ഡ്രൈവറിനും 20,000 രൂപ ഫ്ലാറ്റിനുമാണ് നൽകുന്നത്. 10,000 രൂപ മാത്രമാണ് എന്റെ ഉപയോഗത്തിന് എടുത്തത്. ഞാൻ കഴിഞ്ഞ തവണ ജനറൽ സെക്രട്ടറിയായിരുന്നപ്പോൾ സംഘടനയ്ക്ക് 36 ലക്ഷം രൂപയും ഇത്തവണ ഒരു കോടി രൂപയും നീക്കിയിരിപ്പ് ഉണ്ടാക്കിയിട്ടുണ്ട്. ആറര കോടി രൂപ കൂടി സംഘടനയ്ക്കായി ബാക്കിവച്ചിട്ടാണ് ഞാൻ പടിയിറങ്ങുന്നത്. ഞാൻ പദവിയിലിരുന്നപ്പോൾ ഒരു ദിവസം പോലും മലയാള സിനിമയുടെ ഷൂട്ടിങ് മുടങ്ങിയിട്ടില്ല. നിർമാതാക്കളും അഭിനേതാക്കളുമായി തർക്കങ്ങളുണ്ടാകുമ്പോൾ സിനിമ നിർത്തി വയ്ക്കരുത് എന്നാണ് അഭിനേതാക്കളോട് പറഞ്ഞിട്ടുള്ളത്’’ – ഇടവേള ബാബു പറഞ്ഞു.

English Summary:

AMMA general secretary edavela babu steps down

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com