കേരളത്തിൽ നാലുവര്‍ഷ ബിരുദം; പരമ്പരാഗത കോഴ്സുകളെ ആധുനികവൽക്കരിക്കും: മുഖ്യമന്ത്രി
Mail This Article
തിരുവനന്തപുരം∙ ഉന്നത വിദ്യാഭ്യാസ മേഖലയില്‍ ലോകത്താകെ നടക്കുന്ന മാറ്റങ്ങളുടെ സാഹചര്യത്തിലാണു കേരളത്തില്‍ നാലുവര്‍ഷ ബിരുദ പ്രോഗ്രാം ആരംഭിച്ചതെന്നു മുഖ്യമന്ത്രി പിണറായി വിജയന്. സംസ്ഥാനത്തു നാലുവര്‍ഷ ബിരുദ പ്രോഗ്രാം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ലോകത്തെ വൈജ്ഞാനിക മേഖലയിലുള്ള എല്ലാ വിഷയങ്ങളും പഠിക്കാന്‍ കഴിയുന്നുവെന്നതാണു നാലു വര്‍ഷ ബിരുദത്തിന്റെ നേട്ടമെന്നും മുഖ്യമന്ത്രി പറഞ്ഞു.
‘‘ക്യാംപസുകളില്‍ നിന്നുള്ള വിദ്യാഭ്യാസത്തിനു പുറമേ തൊഴില്‍പരമായ പരിശീലനത്തിനും പ്രാമുഖ്യം നല്കുന്ന പരിഷ്കരിച്ച പാഠ്യപദ്ധതിയാണ് അവലംബിക്കുന്നത്. ഒറ്റ അച്ചില്‍ കുട്ടികളെ വാര്‍ത്തെടുക്കാതെ അവരുടെ അഭിരുചിക്കനുസരിച്ച് മുന്നേറാനുള്ള അവസരമാണു നല്‍കുന്നത്. ഓരോ മേഖലയിലേക്കും പോകാന്‍ ആഗ്രഹിക്കുന്ന കുട്ടികള്‍ക്ക് അതിനനുസരിച്ച പരിശീലനമാകും നല്‍കുക. കുട്ടികളെ ആധുനിക കാലത്തെ തൊഴിലിനു പ്രാപ്തരാക്കുന്ന തരത്തിലുള്ള പാഠ്യ, പാഠ്യേതര പദ്ധതിയാണ് ആവിഷ്കരിക്കുന്നത്’’ –മുഖ്യമന്ത്രി പറഞ്ഞു.
പരമ്പരാഗത കോഴ്സുകളടക്കം ആധുനികവല്‍ക്കരിക്കും. കുട്ടികള്‍ക്ക് ഒരു കോഴ്സിനു ചേരുമ്പോള്‍ നിശ്ചിത വിഷയങ്ങള്‍ മാത്രമേ പഠിക്കാന്‍ കഴിയൂ എന്ന വിലക്കുണ്ടാകില്ല. ഇഷ്ടമുള്ള വിഷയങ്ങള്‍ തിരഞ്ഞെടുക്കാനുള്ള അവസരമുണ്ടാകും. എല്ലാ വിഷയങ്ങളും പഠിക്കുകയും ഇഷ്ടമുള്ള വിഷയം കൂടുതല്‍ പഠിക്കുകയും ചെയ്യാനുള്ള അവസരമുണ്ടാകും. ആര്‍ജിക്കുന്ന കഴിവുകളെ ജീവിതവുമായി ബന്ധപ്പെടുത്തണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ലോകമെങ്ങും സര്‍വകലാശാലകള്‍ പിന്തുടരുന്നത് നാലു വര്‍ഷ ബിരുദമാണെന്ന് മന്ത്രി ആര്.ബിന്ദു പറഞ്ഞു.