വെള്ളച്ചാട്ടത്തിൽ പതിയിരുന്നത് അപ്രതീക്ഷിത അപകടം; ഒൻപതുകാരി കൂടി മരിച്ചു, മറ്റൊരു കുട്ടിക്കായി തിരച്ചിൽ
Mail This Article
മുംബൈ∙ മഹാരാഷ്ട്രയിലെ ലോണോവാലയിൽ വെള്ളച്ചാട്ടത്തിലുണ്ടായ അപ്രതീക്ഷിത മലവെള്ളപ്പാച്ചിലിൽപ്പെട്ട് കാണാതായവരിൽ ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി. ഒൻപതു വയസ്സുകാരിയുടെ മൃതദേഹമാണു കണ്ടെത്തിയത്. ഇതോടെ മരണസംഖ്യ നാലായി. അപകടത്തിൽപ്പെട്ടു കാണാതായ നാലു വയസ്സുകാരിക്കായുള്ള തിരച്ചിൽ തുടരുകയാണ്. ബുഷി അണക്കെട്ടിനടുത്തെ വെള്ളച്ചാട്ടത്തിനു സമീപത്തുവച്ചാണ് ഏഴംഗ കുടുംബം അപകടത്തിൽപ്പെട്ടത്.
മുംബൈയിൽനിന്ന് 80 കിലോമീറ്റർ അകലെയുള്ള ഹിൽ സ്റ്റേഷനിൽ അവധിയാഘോഷിക്കാൻ എത്തിയതായിരുന്നു കുടുംബം. മേഖലയിൽ പുലർച്ചെ മുതൽ പെയ്ത കനത്ത മഴയിൽ തടയണ നിറഞ്ഞു കവിഞ്ഞതോടെ വെള്ളച്ചാട്ടത്തിലെ നീരൊഴുക്ക് അപ്രതീക്ഷിതമായി കൂടിയതാണ് അപകടകാരണം. വെള്ളച്ചാട്ടത്തിനു നടുവിലെ പാറയിൽ കുടുങ്ങിയ കുടുംബത്തിന്റെ വിഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. സഹായത്തിനായി നിലവിളിച്ച കുടുംബാംഗങ്ങൾ അവിടെനിന്നു കരയിലേക്കെത്താൻ ശ്രമിക്കുന്നതിനിടെയാണ് ഒഴുക്കിൽപെട്ടത്.
ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെയാണ് അപകടമുണ്ടായത്. നാട്ടുകാരും പൊലീസും സംഭവസ്ഥലത്തെത്തി തിരച്ചിൽ നടത്തിയെങ്കിലും രക്ഷാശ്രമം വിഫലമാകുകയായിരുന്നു. വിനോദസഞ്ചാരികൾ അപകടമേഖലയിലേക്കു പോകുന്നതു തടയാനുള്ള ക്രമീകരണങ്ങൾ ഇവിടെയില്ല.