ADVERTISEMENT

ഗുരുഗ്രാം∙ ടിവി പരമ്പരയെ പുനരാവിഷ്കരിക്കും വിധം അതിക്രൂര കൊലപാതകം നടത്തി പതിനാറുകാരൻ. ഗുരുഗ്രാമിൽ ദ്വാരക എക്സ്പ്രസ്‌വേയിൽ സെക്ടർ 107ലെ അപ്പാർട്മെന്റ് കോംപ്ലക്സിൽ തിങ്കളാഴ്ച രാവിലെയാണു സംഭവം. ഒൻപതുകാരിയെ വീട്ടിൽവച്ച് കഴുത്തുഞെരിച്ചു കൊലപ്പെടുത്തിയ പതിനാറുകാരൻ പിന്നീട് നാഫ്തലിൻ ബോളുകൾ ഉപയോഗിച്ച് ശരീരം കത്തിക്കാനും ശ്രമിച്ചു. വീട്ടിലെത്തിയ പതിനാറുകാരൻ അമ്മയുടെ ആഭരണങ്ങൾ മോഷ്ടിക്കുന്നതു തടയാൻ ശ്രമിച്ചപ്പോഴാണു പെൺകുട്ടിയെ കൊന്നത്.

ഗുരുഗ്രാമിൽ ഭാരതീയ ന്യായ് സംഹിതയ്ക്കു (ബിഎൻഎസ്) കീഴിൽ റജിസ്റ്റർ ചെയ്യുന്ന ആദ്യ കേസാണിത്. പതിനാറുകാരനെ ജുവനൈൽ ജസ്റ്റിസ് ബോർഡിനുമുന്നിൽ ഹാജരാക്കിയശേഷം ഒബ്സർവേഷൻ ഹോമിലേക്ക് അയച്ചു. പീഡനശ്രമം നടന്നോയെന്ന് പോസ്റ്റ്‌മോർട്ടത്തിനുശേഷമേ വ്യക്തമാകൂയെന്ന് പൊലീസ് അറിയിച്ചു. ഇരുവരുടെയും അമ്മമാർ പരിചയക്കാരാണ്.

പെൺകുട്ടിയുടെ രണ്ടുവയസ്സുകാരൻ അനിയനെ കളിപ്പിക്കാനായി പതിനാറുകാരൻ രണ്ടു അപ്പാർട്‌മെന്റുകൾ മാറിയുള്ള തന്റെ ഫ്ലാറ്റിലേക്ക് എടുത്തുകൊണ്ടുപോയിരുന്നു. അൽപസമയത്തിനുശേഷം കുട്ടിയെ തിരികെ എടുത്തുകൊണ്ടുവരാൻ പെൺകുട്ടിയുടെ അമ്മ പോയപ്പോൾ പതിനാറുകാരൻ ഇവരുടെ ഫ്ലാറ്റിലെത്തി ആഭരണങ്ങൾ മോഷ്ടിക്കാൻ ശ്രമിക്കുകയായിരുന്നു. ഇതു കണ്ട പെൺകുട്ടി ബഹളം കൂട്ടി. ഉടൻ ദുപ്പട്ട ഉപയോഗിച്ച് ഇയാൾ പെൺകുട്ടിയുടെ കഴുത്തു ഞെരിക്കുകയായിരുന്നു. പിന്നാലെ നാഫ്തലിൻ ബോളുകൾ കൊണ്ടുവന്നു. തുണികളും തലയിണയും കൂട്ടിവച്ച് പെൺകുട്ടിയുടെ ശരീരം ഇതിനുമുകളിൽ വച്ചു. നാഫ്തലിൻ ബോളുകൾ മുകളിലേക്ക് ഇട്ടു തീയിടുകയായിരുന്നു.

മകനുമായി തിരിച്ചെത്തിയ അമ്മ ഗ്രിൽ അടഞ്ഞുകിടക്കുന്നതും വാതിൽ തുറന്നുകിടന്നുന്നതും കണ്ടു. അകത്തുകയറിയപ്പോൾ മുറിയിൽനിന്ന് തീ ഉയരുന്നതാണ് കണ്ടത്. പ്രതി നിരവധി കുറ്റകൃത്യ സീരിയലുകൾ കണ്ടിരിക്കാമെന്നാണ് ഗുരുഗ്രാം ഡപ്യൂട്ടി കമ്മിഷണർ (വെസ്റ്റ്) കരൺ ഗോയൽ പറഞ്ഞത്. പിടികൂടുന്നതിനു മുൻപ് ആഭരണം ബാൽക്കണിയിൽനിന്നു നിലത്തേക്കു വലിച്ചെറിഞ്ഞിരുന്നു. കള്ളന്മാർ ഓടി രക്ഷപ്പെട്ടുവെന്നാണ് ഇയാൾ പെൺകുട്ടിയുടെ അമ്മയോടു പറഞ്ഞത്. ലോണെടുത്ത 20,000 രൂപ തിരിച്ചടയ്ക്കാൻ വേണ്ടിയാണ് ആഭരണം മോഷ്ടിക്കാൻ ശ്രമിച്ചതെന്നു പറഞ്ഞ പ്രതി, പിന്നീട് ഇതു മാറ്റിപ്പറയുകയാണെന്നും ഗോയൽ അറിയിച്ചു.

English Summary:

16-year-old boy kills 9-year-old neighbour, attempts to burn her body in Gurugram

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com