ADVERTISEMENT

കൊച്ചി ∙ ലോക്സഭാ തിരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന്റെ കാരണങ്ങൾ റിപ്പോര്‍ട്ട് ചെയ്യാനുള്ള സിപിഎമ്മിന്റെ രണ്ടാമത്തെ മേഖലാ യോഗം ബുധനാഴ്ച കൊച്ചിയിൽ നടക്കും. എറണാകുളം, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിൽ നിന്നുള്ള ലോക്കൽ സെക്രട്ടറിമാർ മുതലുള്ള നേതാക്കൾ പങ്കെടുക്കും. പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി യോഗത്തിൽ പങ്കെടുക്കും. ഇന്ന് കണ്ണൂരിൽ നടന്ന ആദ്യ മേഖലാ യോഗത്തിൽ പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട്, പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ എന്നിവര്‍ പങ്കെടുത്തിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പിലെ പരാജയത്തിനു മുഖ്യമന്ത്രിക്കും സംസ്ഥാന ഭരണത്തിനും പാർട്ടി നേതൃത്വത്തിനുമാണ് ഉത്തരവാദിത്തമെന്ന വിമർശനങ്ങൾക്കു തുടക്കം കുറിച്ചത് എറണാകുളം ജില്ലാ കമ്മിറ്റി യോഗത്തിലായിരുന്നു.  

അതേസമയം, സിപിഎമ്മിന്റെ പാർട്ടി ഘടന അനുസരിച്ചു മേഖലാ യോഗങ്ങളിൽ കൂടിയാലോചനകളോ ചർച്ചകളോ പതിവില്ല. പാര്‍ട്ടിയുടെ പരാജയ കാരണങ്ങൾ സംബന്ധിച്ച് സംസ്ഥാന കമ്മിറ്റി, സംസ്ഥാന സെക്രട്ടറിയേറ്റ്, കേന്ദ്ര കമ്മിറ്റി യോഗങ്ങളിൽ ഉയർന്ന കാര്യങ്ങൾ ലോക്കൽ സെക്രട്ടറിമാർ, ഏരിയാ, ജില്ലാ, സംസ്ഥാന കമ്മിറ്റി അംഗങ്ങൾക്ക് റിപ്പോർട്ട് ചെയ്യുക എന്നതാണു മേഖലാ യോഗം ചെയ്യുക. പാർട്ടിയുടെ പരാജയത്തിനു കാരണമായ ഘടകങ്ങൾ എന്തൊക്കെ, ഇവ എങ്ങനെ തിരുത്താം, ഇത് ജനങ്ങളിലേക്ക് എങ്ങനെ എത്തിക്കാം എന്നീ കാര്യങ്ങൾ പാർട്ടിയുടെ താഴേത്തട്ടു വരെയുള്ള ഘടകങ്ങളെ അറിയിക്കുകയാണ് ഇതിലുണ്ടാവുക. ഇതിനു പിന്നാലെ ബ്രാഞ്ച് സെക്രട്ടറിമാർക്കുള്ള രണ്ടു മേഖലാ യോഗങ്ങൾ കോലഞ്ചേരിയിലും എറണാകുളത്തും നടക്കും. ലോക്കൽ തലത്തിൽ പാർട്ടി അംഗങ്ങളെ പങ്കെടുപ്പിച്ച് ജനറൽ ബോഡിയിൽ സംസ്ഥാന കമ്മിറ്റി രേഖയും റിപ്പോർട്ട് ചെയ്യും. 

നേരത്തെ, കേന്ദ്ര കമ്മിറ്റി യോഗം പരാജയകാരണങ്ങൾ സംബന്ധിച്ച സംസ്ഥാന സമിതിയുടെ കണ്ടെത്തലുകളെ തള്ളിക്കളഞ്ഞിരുന്നു. മത, സാമുദായിക ഘടകങ്ങളാണ് പരാജയത്തിനു പ്രധാന കാരണമായി ചൂണ്ടിക്കാണിക്കുന്നതെന്നായിരുന്നു സംസ്ഥാന സമിതിയുടെ റിപ്പോർട്ട്. എന്നാൽ പാർട്ടി ജനങ്ങളിൽ നിന്ന് അകന്നു പോയതടക്കമുള്ള കാര്യങ്ങൾ കേന്ദ്രകമ്മിറ്റി ചർച്ച ചെയ്തിരുന്നു. േകരളത്തിൽ 2019നു പിന്നാലെയാണ് 2024ലും കനത്ത തോൽവി ഉണ്ടായിരിക്കുന്നതെന്നും ഇത് നിരാശാജനകമാണെന്നും കേന്ദ്ര കമ്മിറ്റിയിൽ അഭിപ്രായമുയർന്നിരുന്നു. കേരളത്തിലെ പാർട്ടി ഘടകത്തിന് ആവശ്യമായ തെറ്റുതിരുത്തൽ രേഖ തയാറാക്കാൻ യോഗം പി.ബിയെ ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു. 

പാർട്ടിക്കേറ്റ കനത്ത പരാജയത്തിന് മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ ഉയർന്ന ആരോപണങ്ങൾ, മുഖ്യമന്ത്രിയുടെ പെരുമാറ്റം, സർക്കാരിന്റെ പ്രവർത്തനവും ക്ഷേമപദ്ധതികൾ അടക്കം നിന്നു പോയത്, നേതാക്കളുടെ വഴിവിട്ട പ്രവർത്തനവും മോശം അഭിപ്രായപ്രകടനങ്ങൾ എല്ലാം കാരണമായതായി എറണാകുളം ജില്ലാ കമ്മിറ്റി തുറന്നടിച്ചിരുന്നു. ഇതിനു പിന്നാലെയാണു സമാനരീതിയിലുള്ള വിമര്‍ശനങ്ങൾ മറ്റു ജില്ലാ കമ്മിറ്റികളിലും ഉയർന്നത്.

English Summary:

CPM Regional Meeting to Analyze Lok Sabha Defeat

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com