ADVERTISEMENT

കൊച്ചി ∙ വനിതാ പൊലീസ് ഉദ്യോഗസ്ഥർക്ക് 2 ദിവസത്തെ ആർത്തവ അവധി അനുവദിക്കണമെന്ന് ആവശ്യം. കേരള പൊലീസ് അസോസിയേഷൻ എറണാകുളം ജില്ലാ കമ്മിറ്റിയുടെ 38–ാമത് ജില്ലാ സമ്മേളനത്തോട് അനുബന്ധിച്ച് സർക്കാരിനും പൊലീസ് അധികൃതർക്കും സമര്‍പ്പിച്ച പ്രമേയത്തിലാണ് ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്. ഇന്ന് മൂവാറ്റുപുഴയിലാണ് സമ്മേളനം.

‘‘ക്രമരഹിതമായ ഡ്യൂട്ടി മൂലം ശാരീരികമായി പ്രയാസങ്ങൾ‍ ഏറെ അനുഭവിക്കുന്ന തൊഴിലിടമാണ് പൊലീസിന്റേത്. ആർത്തവ സമയങ്ങളിൽ സ്ത്രീകൾക്കുണ്ടാകുന്ന ശാരീരിക ബുദ്ധിമുട്ടുകൾ പരിഗണിച്ച് സേനയിലെ വനിതാ പൊലീസ് ഉദ്യോഗസ്ഥർക്ക് 2 ദിവസം ആർത്തവ അവധി ലഭ്യമാക്കുന്നതിനു വേണ്ട നടപടി സ്വീകരിക്കണം’’– പ്രമേയത്തിൽ ആവശ്യപ്പെട്ടു.

ക്രമരഹിതമായ ഡ്യൂട്ടി മൂലം ദൈനംദിന സ്റ്റേഷൻ ഡ്യൂട്ടികളും കേസന്വേഷണവും സമയബന്ധിതമായി തീർക്കാന്‍ പറ്റാത്ത സാഹചര്യമാണ് നിലവിലുള്ളത്. അതിനാൽ അനുവദനീയമായ ഡ്യൂട്ടി ഓഫ് നിർബന്ധിതമായി നൽകണമെന്നും സമ്മേളനത്തിൽ ആവശ്യമുയര്‍‍ന്നു.

പുതിയ നിയമസംഹിതകൾ നിലവിൽവന്ന സാഹചര്യത്തിൽ കേസുകള്‍ അപ്പപ്പോൾ തന്നെ വിഡിയോയിൽ റെക്കോർഡ് ചെയ്യണം. ഇലക്ട്രോണിക് മാധ്യമം തെളിവായി എടുക്കുന്നതും നിയമപരമാവുകയാണ്. ഈ സാഹചര്യത്തിൽ മൊബൈൽ ഫോൺ റീ ചാർജ് ചെയ്യുന്നതിന് കുറഞ്ഞത് 250 രൂപയെങ്കിലും പ്രത്യേക അലവൻസായി അനുവദിക്കണമെന്നു സമ്മേളനം ആവശ്യപ്പെട്ടു.

എറണാകുളം റൂറൽ പൊലീസ് ജില്ലയിലാണ് നെടുമ്പാശേരി വിമാനത്താവളം സ്ഥിതി ചെയ്യുന്നത്. വിഐപി ഡ്യൂ‍ട്ടിയുമായി ബന്ധപ്പെട്ടുള്ള ശാരീരിക, സാമ്പത്തിക പ്രയാസങ്ങൾ കണക്കിലെടുത്ത് വിഐപി ഡ്യൂട്ടികൾക്ക് വേണ്ടി കേരള ആംഡ് പൊലീസിന്റെ 2 പ്ലാറ്റൂൺ എങ്കിലും ആലുവ സബ് ഡിവിഷനോട് അറ്റാച്ച് ചെയ്യണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു.

വിഐപികള്‍‍ ഉപയോഗിക്കുന്ന വാഹനങ്ങൾക്ക് ഒപ്പം സുരക്ഷാ സംവിധാനങ്ങളുള്ള 5 പുതിയ വാഹനങ്ങളും ഡ്രൈവർമാരേയും വിഐപി ഡ്യൂട്ടിക്ക് മാത്രമായി അനുവദിക്കണം. വിഐപി ഡ്യൂട്ടികൾക്കായി കിലോമീറ്ററുകളോളം സഞ്ചരിച്ച് ‍ഡ്യൂട്ടി ചെയ്യേണ്ട സ്ഥലത്ത് എത്തേണ്ട സാഹചര്യമുള്ളതിനാൽ സ്പെഷൽ ഡ്യൂട്ടി അലവൻസ് 50% വർധിപ്പിക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. 

English Summary:

Kerala Police Association Calls for Menstrual Leave for Women Officers

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com