ADVERTISEMENT

കൊച്ചി∙ തെറ്റുതിരുത്തുന്നതിന്റെയും അച്ചടക്കത്തിന്റെയും ഭാഗമായി സദുദ്ദേശ്യത്തോടെ അധ്യാപകർ വിദ്യാർഥികളെ ശിക്ഷിക്കുന്നതു കുറ്റമായി കണക്കാക്കാനാവില്ലെന്ന് ഹൈക്കോടതി. ടെസ്റ്റ് പേപ്പറിൽ മാർക്ക് കുറഞ്ഞതിന്റെ പേരിൽ എറണാകുളം കോടനാട് തോട്ടുവ സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിനിയെ അധ്യാപകൻ തല്ലിയതിനെതിരെ നൽകിയ കേസുമായി ബന്ധപ്പെട്ടായിരുന്നു ജസ്റ്റിസ് എ.ബദറുദ്ദീന്റെ ഉത്തരവ്. 

അച്ചടക്കം നടപ്പാക്കുന്നതിന്റെ ഭാഗമായി ലളിതവും ചെറുതുമായ തിരുത്തൽ നടപടികൾ അധ്യാപകർ സ്വീകരിക്കുമ്പോൾ അത് ബാലനീതി വകുപ്പിന്റെ പരിധിയിൽകൊണ്ടുവന്നാൽ സ്കൂളുകളും സ്ഥാപനങ്ങളും കഷ്ടത്തിലാകുമെന്നും കോടതി ചൂണ്ടിക്കാട്ടി. എന്നാൽ അധ്യാപകൻ പരിധിവിട്ട് ഗുരുതരമായി പരുക്കേൽപ്പിക്കുകയോ ആക്രമിക്കുകയോ ചെയ്താൽ ബാലനീതി വകുപ്പുകൾ ബാധകമാകുമെന്നും കോടതി വ്യക്തമാക്കി. 

എട്ടാം ക്ലാസ് വിദ്യാർഥിനിയെ തല്ലിയതിന്റെ പേരിൽ ഇന്ത്യൻ ശിക്ഷാനിയമം, ബാലനീതി നിയമം എന്നിവയുടെ വകുപ്പുകൾ പ്രകാരം കോടനാട് പൊലീസ് സ്റ്റേഷനില്‍ 2018 ൽ കേസ് റജിസ്റ്റർ ചെയ്തിരുന്നു. ഇതിനെതിരെ സ്കൂളിന്റെ പ്രിൻസിപ്പലും അധ്യാപകനുമായ ജോമിയാണ് ഹൈക്കോടതിയെ സമീപിച്ചത്. പെരുമ്പാവൂർ ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയിൽ ഹർജിക്കാരനെതിരെയുള്ള അന്തിമ റിപ്പോർട്ടിലെ തുടർ നടപടികളും ഹൈക്കോടതി ഇന്ന് റദ്ദാക്കി. നന്നായി പഠിക്കുന്നതിനെക്കുറിച്ചും ഉയർന്ന മാർക്കു നേടുന്നതിനെക്കുറിച്ചും ജാഗ്രതപ്പെടുത്താനാണു അധ്യാപകൻ ശ്രമിച്ചതെന്നു കോടതി പറഞ്ഞു. 

കുട്ടികളെ സ്കൂളിലോ മദ്രസയിലോ അയയ്ക്കുമ്പോൾ അച്ചടക്കം നടപ്പാക്കാനും നേരായ രീതിയിൽ അവരെ നയിക്കാനും അധ്യാപകർക്കു മാതാപിതാക്കൾ പരോക്ഷമായി അധികാരം നൽകുന്നുണ്ടെന്ന മുൻ ഉത്തരവുകൾ ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി വിധി. കുട്ടികളുടെ വ്യക്തിത്വ വികാസത്തിനും നല്ല പൗരൻമാരാകാൻ പരിശീലനം നൽകുന്നതിനും അച്ചടക്കം നടപ്പാക്കുന്നതിന്റെ ഭാഗമായി സദുദ്ദേശ്യത്തോടെ ശിക്ഷ നൽകാവുന്നതാണെന്നു നേരത്തെ ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.

English Summary:

High Court Ruling: Teachers Punishing Students for Discipline Is Not a Crime

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com