ഹാഥ്റസ് ദുരന്തത്തിൽ 6 പേർ അറസ്റ്റില്‍, കെ.സുധാകരനെതിരെ ‘കൂടോത്രം’?; അറിയാം ഇന്നത്തെ പ്രധാനവാർത്തകൾ
Mail This Article
ഹാഥ്റസ് ദുരന്തം: 6 പേർ അറസ്റ്റില്‍, മുഖ്യപ്രതിയെക്കുറിച്ച് വിവരം നൽകുന്നവർക്ക് ഒരു ലക്ഷം പാരിതോഷികം
ഹാഥ്റസ്∙ ഉത്തർപ്രദേശിലെ ഹാഥ്റസിൽ പ്രാർഥനാച്ചടങ്ങിനിടെ തിക്കിലും തിരക്കിലും പെട്ട് 121 പേർ മരിച്ച സംഭവത്തിൽ 2 സ്ത്രീകളടക്കം 6 പേരെ അറസ്റ്റ് ചെയ്തതായി പൊലീസ്. പ്രാർഥനാച്ചടങ്ങിന്റെ സംഘാടകരും അറസ്റ്റിലായവരിൽ ഉൾപ്പെടുന്നു. കേസിലെ പ്രധാനപ്രതി പ്രകാശ് മധുകറിനെക്കുറിച്ചു വിവരം നൽകുന്നവർക്ക് ഒരു ലക്ഷം രൂപ പാരിതോഷികവും ഉത്തർപ്രദേശ് പൊലീസ് പ്രഖ്യാപിച്ചു.
കെ.സുധാകരനെതിരെ ‘കൂടോത്ര’ പ്രയോഗമോ?; ചർച്ചയായി ഒന്നര വർഷം മുൻപുള്ള ദൃശ്യങ്ങൾ
കണ്ണൂർ ∙ കെപിസിസി അധ്യക്ഷനും കണ്ണൂർ എംപിയുമായ കെ.സുധാകരനെതിരെ ‘കൂടോത്ര’ പ്രയോഗം നടന്നതായി ആരോപണം. കണ്ണൂരിലെ സുധാകരന്റെ വീട്ടിൽനിന്ന് കൂടോത്രത്തിനു സമാനമായ രൂപങ്ങളും തകിടുകളും കണ്ടെടുക്കുന്നതിന്റെ വിഡിയോ ദൃശ്യങ്ങൾ പുറത്തു വന്നതോടെയാണ് ‘കൂടോത്ര’ വിവാദം ചർച്ചയായത്. പുറത്തു വന്ന വിഡിയോയിൽ ‘കൂടോത്ര’ വസ്തുക്കൾ ഒരു വ്യക്തി കുഴിച്ചെടുക്കുന്നതായാണു കാണുന്നത്.
എംപിയെക്കൊണ്ട് ഉദ്ഘാടനം ചെയ്യിക്കാമെന്ന് കരുതേണ്ട; നടനായി വരും, പണവും വാങ്ങും: സുരേഷ് ഗോപി
തൃശൂര്‍∙ ഉദ്ഘാടനത്തിനു വിളിക്കുന്നവര്‍ എംപി എന്ന നിലയിൽ തന്നേക്കൊണ്ട് ഉദ്ഘാടനം ചെയ്യിക്കാമെന്ന് കരുതേണ്ടന്നും സിനിമാ നടനായാണ് ഉദ്ഘാടനം ചെയ്യാൻ എത്തുകയെന്നും സുരേഷ് ഗോപി എംപി. അതിനുള്ള പണം വാങ്ങിയേ പോകൂവെന്നും അദ്ദേഹം വ്യക്തമാക്കി. ഇങ്ങനെ ലഭിക്കുന്ന പണം സമൂഹനന്മക്കായി ഉപയോഗിക്കും. ഏങ്ങണ്ടിയൂരിൽ ഗുരുവായൂർ മണ്ഡലം കമ്മിറ്റിയുടെ സ്വീകരണത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കൂട്ടുപ്രതികൾ അറിയാതെ മൃതദേഹം മാറ്റി അനിലിന്റെ ‘ദൃശ്യം മോഡൽ’?; ‘കലയേപ്പോലെ കൊല്ലു’മെന്ന് ഭാര്യയോട് പ്രമോദ്, കുടുങ്ങി!
ആലപ്പുഴ∙ ഇരമത്തൂർ സ്വദേശി കലയുടെ കൊലപാതകത്തിൽ തെളിവുകൾ നശിപ്പിക്കാൻ ‘ദൃശ്യം 2 മോഡൽ പദ്ധതി’ നടപ്പിലാക്കിയോ എന്ന സംശയത്തിൽ പൊലീസ്. കൂട്ടുപ്രതികൾക്കൊപ്പം കലയുടെ മൃതദേഹം സെപ്റ്റിക് ടാങ്കിൽ ഉപേക്ഷിച്ച ഒന്നാം പ്രതി കൂടിയായ ഭർത്താവ് അനിൽ, മൃതദേഹം പിന്നീട് ആരും അറിയാതെ അവിടെനിന്ന് മാറ്റിയോ എന്നാണ് അന്വേഷണ സംഘത്തിന്റെ സംശയം. ഇസ്രയേലിലുള്ള അനിലിനെ നാട്ടിലെത്തിച്ചാലേ ഇക്കാര്യത്തിൽ വ്യക്തത വരുത്താനാകൂ.
ഫറോക്ക് (കോഴിക്കോട്) ∙ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ചു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന 12 വയസ്സുകാരൻ മരിച്ചു. രാമനാട്ടുകര ഫാറൂഖ് കോളജിനുസമീപം ഇരുമൂളിപ്പറമ്പ് കൗസ്തുഭത്തിൽ അജിത് പ്രസാദ്-ജ്യോതി ദമ്പതികളുടെ മകൻ ഇ.പി. മൃദുൽ ആണ് ബുധനാഴ്ച രാത്രി 11.24 ന് മരിച്ചത്. കഴിഞ്ഞ 24 മുതൽ ഗുരുതരാവസ്ഥയിൽ വെന്റിലേറ്ററിലായിരുന്നു. ഫാറൂഖ് കോളജ് പരിസരത്തെ അച്ചംകുളത്തിൽ കുളിച്ചതിനു ശേഷമാണ് കുട്ടിയിൽ രോഗലക്ഷണം കണ്ടു തുടങ്ങിയത്. ഫാറൂഖ് കോളജ് ഹയർ സെക്കൻഡറി സ്കൂൾ ഏഴാം ക്ലാസ് വിദ്യാർഥിയാണ്.