ADVERTISEMENT

കോഴിക്കോട്∙ കാണാതെപോയ സൈക്കിൾ കിട്ടിയ സന്തോഷത്തിനിടെയാണു മൃദുലിനു പനിയും ശാരീരിക അസ്വസ്ഥതകളും തുടങ്ങിയത്. രണ്ടു ദിവസത്തിനുശേഷം മൃദുലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീടൊരിക്കലും മൃദുലിന് ആശുപത്രിയിൽനിന്നു തിരിച്ചുവരാനോ സൈക്കിൾ ഓടിക്കാനോ സാധിച്ചില്ല. അമീബിക് മസ്തിഷ്കജ്വരം മൃദുലിനെ കൊണ്ടുപോയി. രാമനാട്ടുകര ഫറൂഖ് കോളജിനു സമീപം ഇരുമൂളിപ്പറമ്പ് കൗസ്തുഭത്തിൽ അജിത് പ്രസാദ് - ജ്യോതി ദമ്പതികളുടെ മകൻ ഇ.പി.മൃദുലാണു കഴിഞ്ഞ രാത്രി അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ചത്. ഫറൂഖ് കോളജ് ഹയർ സെക്കൻഡറി സ്കൂൾ ഏഴാം ക്ലാസ് വിദ്യാർഥിയുടെ മരണത്തിൽ നാട് വിങ്ങുകയാണ്. 

ഫറൂഖ് കോളജ് അച്ചംകുളത്തിൽ കുളിച്ചതിനു പിന്നാലെയാണു മൃദുലിന് അസുഖം പിടിപെട്ടത്. കുളത്തിന്റെ കരയിൽ വച്ചാണ് സൈക്കിൾ കാണാതായത്. തുടർന്ന് കൗൺസിലർ ബീനയുടെ നേതൃത്വത്തിൽ പൊലീസിൽ പരാതി നൽകി. വാട്സാപ് ഗ്രൂപ്പുകളിലും സൈക്കിൾ കാണാതായ വിവരം അറിയിച്ചു. വൈകുന്നേരത്തോടെ സൈക്കിൾ കാണാതായ സ്ഥലത്തുനിന്നു തന്നെ കണ്ടെത്തുകയായിരുന്നു. മൃദുൽ മികച്ച ഫുട്ബോൾ കളിക്കാരനായിരുന്നു. സ്കൂൾ ടീമിലും മറ്റും കളിക്കാറുണ്ട്. കളിക്കുന്നതിനിടെ പന്ത് തലയിൽ പതിച്ചിരുന്നു. പനിയും മറ്റ് ബുദ്ധിമുട്ടുകളും തോന്നിയപ്പോൾ പന്ത് തലയിൽ തട്ടിയതുകൊണ്ടാണെന്നാണ് ആദ്യം കരുതിയത്. തുടർന്ന് കഴിഞ്ഞ 18ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

നാലു സെന്റ് സ്ഥലത്ത് സർക്കാർ നൽകിയ ചെറിയ വീട്ടിൽ വളരെ ബുദ്ധിമുട്ടിയാണു മൃദുലിന്റെ കുടുംബം ജീവിക്കുന്നത്. അച്ഛൻ അജിത് പ്രസാദിനു ഗൾഫിലായിരുന്നു ജോലി. പക്ഷാഘാതം വന്നു ജോലി ചെയ്യാൻ സാധിക്കാതെ വന്നതോടെ ഗൾഫിൽനിന്നു തിരിച്ചുപോന്നു. മൃദുലിന്റെ മുത്തച്ഛനും പക്ഷാഘാതം വന്നു ചികിത്സയിലാണ്. ഇരുവരും മരുന്നിന്റെ ബലത്തിലാണു ജീവിതം മുന്നോട്ടു കൊണ്ടുപോകുന്നത്. മൃദുലിന്റെ അമ്മ ജ്യോതിക്കു ജോലിയൊന്നുമില്ല. മൃദുലിന്റെ അനിയൻ യുകെജിയിലാണു പഠിക്കുന്നത്.  

മൃദുൽ സ്ഥിരമായി കുളിക്കുന്ന കുളത്തിലാണ് അമീബയുടെ രൂപത്തിൽ മരണം പതിയിരുന്നത്. ശരീരത്തിൽ പ്രവേശിച്ചാൽ ഈ അമീബ വളരെ പെട്ടെന്ന് തലച്ചോറിലേക്കു കയറും. കണ്ടെത്താനും പ്രയാസമാണ്. അമീബിക് മസ്തിഷ്ക ജ്വരം ആണെന്നു കണ്ടെത്തിയപ്പോഴേക്കും മൃദുലിന്റെ ആരോഗ്യസ്ഥിതി വളരെ മോശമായിരുന്നു. വെന്റിലേറ്റർ സഹായത്തോടെയാണു ജീവൻ നിലനിർത്തിയിരുന്നത്. ഒടുവിൽ ഇന്നലെ രാത്രി സൈക്കിളിനെയും ഫുട്ബോളിനെയും അനാഥമാക്കി മൃദുൽ യാത്രയായി.

English Summary:

Kozhikode School Student Dies of Amoebic Meningoencephalitis

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com