ADVERTISEMENT

തിരുവനന്തപുരം∙ സിപിഎമ്മിന്റെ പോഷക സംഘടനകളായ സിഐടിയുവും എസ്എഫ്ഐയും സംസ്ഥാനത്ത് ഭീകരത അഴിച്ചുവിടുകയാണെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍. ക്യാംപസുകളിൽ എസ്എഫ്ഐ അഴിഞ്ഞാടുമ്പോള്‍ സിഐടിയു പൊതുസ്ഥലങ്ങളില്‍ ജനങ്ങളുടെ മേല്‍ കുതിരകയറുകയാണ്. മലപ്പുറം എടപ്പാളില്‍ ചരക്കിറക്കലിനെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് തൊഴിലാളികളെ അത്രികൂരമായാണ് സിപിഎമ്മിന്റെ തൊഴിലാളി സംഘടനാ നേതാക്കള്‍ മർദിച്ചത്.

സിഐടിയുവിന്റെ ആക്രമണം ഭയന്നോടിയ ഫയാസ് ഷാജഹാനെന്ന ചെറുപ്പക്കാരന് കെട്ടിടത്തില്‍നിന്ന് വീണ് ഇരുകാലുകള്‍ക്കും ഗുരുതരമായി പരുക്കേറ്റു. മറ്റുതൊഴിലാളികളെ ഫൈബര്‍ ട്യൂബ് ലൈറ്റ് കൊണ്ടും കൈ കൊണ്ടും സിഐടിയു പ്രവർത്തകർ മര്‍ദിച്ചെന്ന് ഫയാസിന്റെ പിതാവും കൂലി നല്‍കാമെന്ന് പറഞ്ഞിട്ടും മര്‍ദനം തുടര്‍ന്നെന്ന് കരാറുകാരനും മാധ്യമങ്ങളോട് വ്യക്തമാക്കി. എസ്എഫ്ഐയും സിഐടിയുവും സിപിഎമ്മിന്റെ ഗുണ്ടാപ്പടയായി മാറി. ജനങ്ങളുടെ സ്വൈര ജീവിതം തകര്‍ക്കുന്ന ഇത്തരം സംഘടനകള്‍ക്ക് സമൂഹത്തില്‍ പ്രവര്‍ത്തിക്കാനുള്ള അര്‍ഹതയില്ലെന്നും സുധാകരന്‍ പറഞ്ഞു.

തൊഴിലാളികളെ മര്‍ദിച്ച പ്രതികള്‍ക്കെതിരെ കൊലപാതകശ്രമത്തിന് കേസെടുക്കാന്‍ പൊലീസ് മടിക്കുകയാണ്. സമാന നിലപാടാണ് കാര്യവട്ടം ക്യാംപസിൽ എസ്എഫ്ഐ അതിക്രമം നടത്തിയപ്പോഴും പൊലീസ് സ്വീകരിച്ചത്. അക്രമം നടത്തുന്നത് സിപിഎമ്മിന്റെ  പ്രവര്‍ത്തകരാണെങ്കില്‍ നിഷ്‌ക്രിയമാവുകയും അത് ചോദ്യം ചെയ്യാനെത്തുന്ന യുഡിഎഫിന്റെ എംഎല്‍എമാര്‍ക്കെതിരെ കേസെടുത്ത് ആത്മാർഥത കാട്ടുകയും ചെയ്യുന്ന പൊലീസ് നിലപാട് തീക്കൊള്ളി കൊണ്ട് തലചൊറിയുന്നതിന് തുല്യമാണ്. അധികാര ഭ്രാന്ത് എന്തും ചെയ്യാനുള്ള ലൈസന്‍സായി സിപിഎം കാണരുത്. നിരപരാധികളെ ക്രൂരമായി മർദിക്കുന്ന സിപിഎമ്മിന്റെ രക്ഷാപ്രവര്‍ത്തന ശൈലി നാടിന് ആപത്താണ്.

ഒന്നാം പിണറായി സര്‍ക്കാര്‍ നോക്കുകൂലി ഒഴിവാക്കി നിയമം നടപ്പാക്കിയെങ്കിലും സിഐടിയുവിന് മാത്രം അത് ബാധകമല്ലെന്ന നിലപാടാണ്. നോക്കുകൂലിക്കെതിരെ ഹൈക്കോടതി നിരന്തരമായി ഇടപെട്ടിട്ടും സ്വന്തം നേതാക്കള്‍ക്കെതിരെ നടപടിയെടുക്കുന്നതില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ അലംഭാവം തുടര്‍ന്നു. ഇവരെ സംരക്ഷിക്കുന്ന ഇടതു സര്‍ക്കാരിന്റെ ഭരണത്തില്‍ നോക്കുകൂലി നിരോധനനിയമം വെറും നോക്കുകുത്തിയാണെന്നും സുധാകരന്‍ പരിഹസിച്ചു.

English Summary:

CITU and SFI Unleashing Terror in Kerala - K Sudhakaran

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com