ADVERTISEMENT

തിരുവനന്തപുരം ∙ റീജനല്‍ കാന്‍സര്‍ സെന്ററിലെ (ആർസിസി) റേഡിയോ ഡയഗ്‌നോസിസ് വിഭാഗത്തിലെ സോഫ്റ്റ്‌വെയറുകള്‍ക്കുനേരെ ഏപ്രിലില്‍ സൈബര്‍ ആക്രമണം ഉണ്ടായെങ്കിലും രോഗികളുടെ ചികിത്സാ വിവരങ്ങള്‍ സുരക്ഷിതമാണെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ക്രിട്ടിക്കല്‍ സിസ്റ്റത്തില്‍ ബാധിക്കുന്നതിനു മുന്‍പുതന്നെ സൈബര്‍ ആക്രമണം കണ്ടെത്തുകയും ബാധിക്കപ്പെട്ട സോഫ്റ്റുവെയറുകളുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കുകയും ചെയ്തു.

സൈബര്‍ ആക്രമണം കണ്ടെത്തിയതിന്റെ ആദ്യ ദിനം മുതല്‍ തന്നെ അതു മറ്റു കംപ്യൂട്ടറുകളിലേക്കു വ്യാപിക്കാതിരിക്കാനുള്ള നടപടികള്‍ ആര്‍സിസി സ്വീകരിച്ചിരുന്നു. അടിയന്തരമായി സര്‍ക്കാരിനെയും സൈബര്‍ സെക്യൂരിറ്റി വിഭാഗത്തെയും സെര്‍ട്ടിനെയും അറിയിച്ചു. വിഷയത്തില്‍ സൈബര്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. സൈബര്‍ വിഭാഗവും സെര്‍ട്ടും പരിശോധിച്ചതിന്റെ അടിസ്ഥാനത്തില്‍ എട്ട് ഡെസ്‌ക്‌ടോപ് കംപ്യൂട്ടറുകളിലും 4 സെര്‍വറുകളിലുമാണ് വൈറസ് ബാധിച്ചതെന്നു കണ്ടെത്തി.

തുടര്‍ന്ന് ഇന്‍ഫെക്ടഡ് ആയിട്ടുള്ള കംപ്യൂട്ടറുകളിലുള്ള വിവരങ്ങള്‍ പുനഃസ്ഥാപിക്കുന്നതിനു വേണ്ടി 5 ദിവസം സ്ഥാപനത്തിലെ രോഗികളുടെ ചികിത്സ നിര്‍ത്തി വയ്ക്കുകയും ആറാം ദിനം പുനരാരംഭിക്കുകയും ചെയ്തു. സൈബര്‍ ആക്രമണം നേരിട്ട മറ്റു കംപ്യൂട്ടറുകള്‍ തുടര്‍ പരിശോധനകള്‍ക്കായി ഏറ്റെടുത്തിട്ടുണ്ട്. സൈബര്‍ വിഭാഗത്തിന്റെയും സെര്‍ട്ടിന്റെയും നിര്‍ദേശപ്രകാരം രോഗികളുടെ ചികിത്സാ രേഖകള്‍ക്ക് കൂടുതല്‍ സുരക്ഷ ഉറപ്പാക്കുന്നതിനും ഭാവിയില്‍ ഇത്തരം സൈബര്‍ ആക്രമണങ്ങള്‍ വരാതിരിക്കുന്നതിനും ഉള്ള നടപടികള്‍ ആര്‍സിസി സ്വീകരിച്ചു വരികയാണ്. ബാക്കപ്പ് ഉള്ളതിനാല്‍ രോഗികളുടെ റേഡിയേഷന്‍ ചികിത്സാ വിവരങ്ങള്‍ സുരക്ഷിതവുമാണെന്നും മന്ത്രി പറഞ്ഞു.

English Summary:

Cyber Attack in RCC: Details of Patients are Secured, Says Minister Veena George

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com