‘തമാശയാക്കേണ്ട കാര്യമല്ല’: സിനിമകളിൽ ഭിന്നശേഷിക്കാരെ അവഹേളിക്കരുതെന്ന് സുപ്രീം കോടതി
Mail This Article
ന്യൂഡല്‍ഹി∙ സിനിമ അടക്കമുള്ള ദൃശ്യമാധ്യമങ്ങളില്‍ ഭിന്നശേഷിക്കാരെ കളിയാക്കുകയോ അവഹേളിക്കുകയോ ചെയ്യരുതെന്ന കര്‍ശന നിര്‍ദേശവുമായി സുപ്രീംകോടതി. ഇതു സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങളും കോടതി പുറത്തിറക്കി. സോണി പിക്‌ച്ചേഴ്‌സ് പുറത്തിറക്കുന്ന ഹിന്ദി സിനിമയില്‍ ഭിന്നശേഷിക്കാരെ അവഹേളിക്കുന്ന ചിത്രീകരണം നടന്നെന്ന് കാട്ടിയുള്ള ഹര്‍ജി പരിഗണിക്കവേയാണ് കോടതിയുടെ നിർദേശം. ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് നിർദേശങ്ങൾ പുറപ്പെടുവിച്ചത്.
തമാശയാക്കേണ്ടതോ അവഹേളിക്കേണ്ടതോ ആയ കാര്യമല്ല ഭിന്നശേഷി. അവരുടെ നേട്ടങ്ങളും വിജയകഥകളുമാണ് സമൂഹത്തോട് പറയേണ്ടതെന്നും കോടതി വ്യക്തമാക്കി. മോശം പ്രതിച്ഛായ ഉണ്ടാക്കുന്ന വാക്കുകള്‍ ഭിന്നശേഷിക്കാര്‍ക്കെതിരെ പ്രയോഗിക്കരുത്. സാമൂഹിക പ്രതിബദ്ധതയെ അവഗണിക്കുന്ന ഭാഷ ഉപയോഗിക്കരുത്. ഭിന്നശേഷിയുള്ള കഥാപാത്രങ്ങളെ ചിത്രീകരിക്കുമ്പോള്‍ അവരുടെ അഭിപ്രായം കൂടി തേടണമെന്നും കോടതി പറഞ്ഞു.
ഭിന്നശേഷിയെ കുറിച്ച് മതിയായ മെഡിക്കല്‍ വിവരങ്ങള്‍ പരിശോധിക്കണം. ഇത്തരം നിബന്ധനങ്ങള്‍ പാലിക്കുന്നുണ്ടോ എന്ന് സെന്‍സര്‍ ബോര്‍ഡ് ഉറപ്പു വരുത്തണമെന്നും കോടതി വ്യക്തമാക്കി.