ADVERTISEMENT

കൊച്ചി ∙ മസാലബോണ്ടുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് (ഇ.ഡി) അന്വേഷിക്കാൻ അധികാരമില്ലെന്ന വാദം ആവർത്തിച്ച് കിഫ്ബി. മസാലബോണ്ടുമായി ബന്ധപ്പെട്ട് ഇ.ഡി തുടർച്ചയായി സമൻസ് അയയ്ക്കുന്ന സാഹചര്യത്തിൽ എതിർത്തുകൊണ്ട് നൽകിയ ഹർജി പരിഗണിക്കുമ്പോഴാണ് കിഫ്ബി വാദം ആവർത്തിച്ചത്. മസാലബോണ്ട് വഴി വിദേശത്തുനിന്ന് ലഭിക്കുന്ന ഫണ്ട് പരിശോധിക്കാനും വിനിയോഗം അന്വേഷിക്കാനും അധികാരമുള്ളത് റിസര്‍വ് ബാങ്കിനു മാത്രമാണ്. ഇത്തരത്തിൽ ഏതെങ്കിലും വിധത്തിലുള്ള ക്രമക്കേട് ആർബിഐ കണ്ടെത്തിയാൽ മാത്രമേ അത് അന്വേഷിക്കാൻ ഇ.ഡിക്ക് അധികാരമുള്ളൂ എന്ന് ജസ്റ്റിസ് ടി.ആർ.രവി മുൻപാകെ കിഫ്ബി വാദിച്ചു.

കേന്ദ്ര സര്‍ക്കാരിന്റെ മറുപടിക്കായി കേസ് ഈ മാസം 17ലേക്ക് മാറ്റി. തനിക്ക് ഇ.ഡി സമൻസ് അയയ്ക്കുന്നതിനെ ചോദ്യം ചെയ്ത് മുൻ ധനമന്ത്രി തോമസ് ഐസക് നൽകിയ ഹർജിയും കോടതിയിലുണ്ട്. മസാലബോണ്ട് വഴി വിദേശവായ്പ ലഭിക്കുന്നതു സംബന്ധിച്ച് എല്ലാ മാസവും ആർബിഐക്ക് റിപ്പോർട്ട് നല്‍കുന്നുണ്ട്. ഇക്കാര്യങ്ങൾ പരിശോധിക്കാൻ ആർബിഐക്ക് വ്യക്തിയെയോ സ്ഥാപനത്തെയോ നിയമിക്കാവുന്നതാണെന്ന് കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോൾ കിഫ്ബി വാദിച്ചിരുന്നു. ഇത്തരത്തിൽ എന്തെങ്കിലും നിയമലംഘനം നടന്നിട്ടുണ്ടെന്ന് സംശയം തോന്നുകയോ ആരോപണം ഉയരുകയോ ചെയ്താൽ ആർബിഐക്ക് മാത്രമാണ് പരിശോധിക്കാൻ അധികാരം. മാത്രമല്ല, മസാലബോണ്ടിൽ കിഫ്ബിയുടെ ഓതറൈസ്ഡ് ഡീലറായ ആക്സിസ് ബാങ്കും പരിശോധന നടത്തുന്നുണ്ട്.

പദ്ധതിയെക്കുറിച്ച് ചാർട്ടേഡ് അക്കൗണ്ടുമാരും സിഎജിയും പരിശോധിക്കുന്നുണ്ട്. കിഫ്ബിയുടെ 355 പദ്ധതികളിൽ ഇതുവരെ ഇവരാരും തന്നെ നിയമലംഘനം കണ്ടെത്തിയിട്ടില്ല എന്ന് കിഫ്ബിക്കു വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ അരവിന്ദ് ദത്താർ വാദിച്ചു. 2021 മുതൽ എല്ലാ രേഖകളും ഇ.ഡിക്ക് നൽകുകയും ഉദ്യോഗസ്ഥർ ഒട്ടേറെ തവണ ഹാജരായി മൊഴി നൽകുകയും ചെയ്തിട്ടും ഇതേ രേഖകൾ തന്നെ വീണ്ടും ആവശ്യപ്പെടുകയാണ് ചെയ്യുന്നതെന്ന് കിഫ്ബി വാദിച്ചു. എന്തു ക്രമക്കേടാണ് നടന്നതെന്നു പറയാതെ ഇത്തരത്തിൽ പൊതുവായി ആരോപണങ്ങള്‍ ഉയർത്തുകയാണ്. മസാലബോണ്ട് വാങ്ങുന്ന മറ്റ് സംസ്ഥാന സർക്കാരുകളുടെയോ സ്ഥാപനങ്ങളുടെയോ കാര്യത്തിൽ ഇല്ലാത്ത അന്വേഷണമാണ് കേരളത്തിന്റെ കാര്യത്തിലെന്നും കിഫ്ബി കഴിഞ്ഞ തവണ വാദിച്ചിരുന്നു.

English Summary:

ED has no jurisdiction to investigate in Masalabond Argument reiterated by Kiifbi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com