ADVERTISEMENT

തുടർച്ചയായുള്ള ആക്രമണങ്ങളിലൂടെ ജമ്മു കശ്മീരിൽ ഭീതി പരത്താനുള്ള ശ്രമത്തിലാണു ഭീകരർ. ഒരു മാസത്തിനിടെയുണ്ടായ 5 ഭീകരാക്രമണങ്ങൾ ഇതിനു തെളിവ്. ഏറ്റവുമൊടുവിൽ കഠ്‌വയിലുണ്ടായ ആക്രമണത്തിൽ 5 കരസേനാംഗങ്ങളാണു വീരമൃത്യു വരിച്ചത്. ഭീകരർക്കെതിരെ നെഞ്ചുവിരിച്ചു പൊരുതുന്ന സേന ശക്തമായ തിരിച്ചടി നൽകുന്നുണ്ട്. ജമ്മു കശ്മീരിലുടനീളം നിതാന്ത ജാഗ്രതയിൽ നിലയുറപ്പിച്ചിരിക്കുകയാണു സേന. 

ഭീകരരുടെ ലക്ഷ്യം

ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിലൂടെ മേഖലയിൽ സമാധാനം പുനഃസ്ഥാപിച്ചുവെന്ന കേന്ദ്ര സർക്കാരിന്റെ വാദം പൊളിക്കുകയാണു ഭീകരരുടെ മുഖ്യലക്ഷ്യങ്ങളിലൊന്ന്. നിരന്തര ആക്രമണങ്ങൾക്കു പിന്നിലെ പ്രധാന കാരണമായി സർക്കാരും സേനയും കരുതുന്നത് ഇതാണ്. കശ്മീരിനെ സംഘർഷഭൂമിയായി നിലനിർത്തുകയെന്ന പാക്കിസ്ഥാന്റെ ഗൂഢലക്ഷ്യമാണു മേഖലയിൽ ചോരപ്പുഴയൊഴുക്കുന്നത്. ജമ്മു കശ്മീരിൽ ഈ വർഷം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് അവതാളത്തിലാക്കാനും ഭീകരർ ലക്ഷ്യമിടുന്നു. കഴിഞ്ഞ വർഷം ഗണ്യമായി കുറഞ്ഞ ആക്രമണങ്ങൾ ഈ വർഷം വർധിച്ചതിന്റെ കാരണമായി ഇതു വിലയിരുത്തപ്പെടുന്നു. ചൈനയുമായി അതിർത്തിത്തർക്കം നിലനിൽക്കുന്നതിനാൽ സേനാംഗങ്ങളിൽ വലിയൊരു ഭാഗത്തെ കിഴക്കൻ ലഡാക്കിലേക്കു വിന്യസിച്ചിട്ടുണ്ട്. ജമ്മു കശ്മീരിലെ സേനാവിന്യാസത്തിൽ ഇതു നേരിയ കുറവു വരുത്തിയിട്ടുണ്ട്. ഇതു മുതലെടുക്കാനുള്ള ശ്രമവും ഭീകരർ നടത്തുന്നു. 

വനത്തിൽനിന്നുള്ള ഒളിപ്പോര്

ഭീകരരുടെ ആക്രമണരീതിയിൽ അടുത്ത കാലത്തായി മാറ്റം വന്നിട്ടുണ്ടെന്നാണു സേനയുടെ വിലയിരുത്തൽ. പാക്കിസ്ഥാനിൽനിന്നു നുഴഞ്ഞുകയറുന്ന ഭീകരർ കശ്മീർ താഴ്‌വരയിൽ വീടുകളിലോ മറ്റോ ഒളിവിൽ കഴിഞ്ഞ് സേനയെ ആക്രമിക്കുന്നതായിരുന്നു മുൻപുള്ള രീതി. ഭീകര സംഘടനകളിലേക്കു കശ്മീരിലെ യുവാക്കളെയും ഇതിനായി അവർ വ്യാപകമായി റിക്രൂട്ട് ചെയ്തു. ഇപ്പോൾ അതിൽ ചെറിയ മാറ്റംവന്നിരിക്കുന്നു. കശ്മീർ യുവാക്കൾ ഭീകരസംഘടനകളിൽ ചേരുന്നതു ഗണ്യമായി കുറഞ്ഞുവെന്നാണു സേനയുടെ വിലയിരുത്തൽ. 2022 ൽ 130 പേർ ഭീകരർക്കൊപ്പം ചേർന്നപ്പോൾ, കഴിഞ്ഞ വർഷം അത് 20 ആയി കുറഞ്ഞു. 

പ്രദേശവാസികൾക്കിടയിൽനിന്നുള്ള റിക്രൂട്ട്മെന്റ് കുറഞ്ഞതോടെ, പാക്കിസ്ഥാനിൽനിന്നുള്ള ഭീകരരുടെ നുഴഞ്ഞുകയറ്റം വീണ്ടും വർധിച്ചു. 2021 ഫെബ്രുവരി മുതൽ ഇരു രാജ്യങ്ങളും വെടിനിർത്തൽ പ്രഖ്യാപിച്ചതിനാൽ നിലവിൽ അതിർത്തി മേഖലകൾ ശാന്തമാണെങ്കിലും ഭീകരരുടെ നുഴഞ്ഞുകയറ്റം തുടരുന്നുണ്ട്. പാക്കിസ്ഥാനിൽനിന്നുള്ള ഭീകരർ അവിടുത്തെ സൈന്യത്തിനു കീഴിൽ പരിശീലനം നേടിയ ശേഷമാണ് അതിർത്തി കടക്കുന്നത്. 

താഴ്‌വര കേന്ദ്രീകരിച്ചുള്ള ആക്രമണങ്ങളെക്കാൾ വനമേഖലയിലുള്ള മലനിരകളിൽ തമ്പടിച്ച് സേനയ്‌ക്കെതിരെ ഒളിപ്പോരാട്ടം നടത്താനാണു ഭീകരർ ഇപ്പോൾ പ്രധാനമായും ശ്രമിക്കുന്നത്. നുഴഞ്ഞുകയറുന്ന പാക്ക് ഭീകരർ അതിർത്തിയോടു ചേർന്നുള്ള വനപ്രദേശങ്ങളാണു താവളമാക്കുന്നത്. ഒളിത്താവളം സജ്ജമാക്കാനും സേനാംഗങ്ങളുടെ നീക്കങ്ങൾ നിരീക്ഷിക്കാനും പ്രദേശവാസികളിൽ ചിലരുടെ സഹായവും ഇവർക്കു ലഭിക്കുന്നുണ്ടെന്നാണു സേനയുടെ നിഗമനം. 

Info-Card--

സൈനികരുമായി നീങ്ങുന്ന വാഹനവ്യൂഹങ്ങളെയാണു ഭീകരർ മുഖ്യമായും ലക്ഷ്യമിടുന്നത്. മലനിരകളിൽ ഒളിച്ചിരുന്നു വാഹനങ്ങളെ ആക്രമിക്കുകയാണു രീതി.  ഒരു സംഘം സൈനികരെ ഒന്നിച്ചു ലക്ഷ്യമിടാൻ ഇതുവഴി ഭീകരർക്കു സാധിക്കുന്നു. വാഹനവ്യൂഹത്തിനുനേരെ ഗ്രനേഡുകളെറിഞ്ഞു ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷമാണു സേനാംഗങ്ങളെ ഉന്നമിടുക. ഇത്തരം അപ്രതീക്ഷിത ആക്രമണങ്ങളിലൂടെ സേനയെ പ്രതിരോധത്തിലാക്കുകയാണു ലക്ഷ്യം. ആക്രമണം നടത്തിയശേഷം എളുപ്പം ഒളിക്കാൻ കഴിയുമെന്നതാണു മലനിരകളും വനമേഖലകളും താവളമാക്കാൻ ഭീകരരെ പ്രേരിപ്പിക്കുന്നത്. കൊടുംവനങ്ങൾക്കുള്ളിൽനിന്നു ഭീകരരെ തിരഞ്ഞുപിടിക്കുക സേനയ്ക്കു വെല്ലുവിളിയാണ്. 

കശ്മീരിലെ റിയാസിയിൽ തീർഥാടകരുമായി പോയ ബസിനെയും ഒളിവിലിരുന്നു ഭീകരർ അടുത്തിടെ ലക്ഷ്യമിട്ടു. സേനാംഗങ്ങൾക്കു പുറമേ തീർഥാടകരെയും വിനോദസഞ്ചാരികളെയും ലക്ഷ്യമിടുന്ന നിലയിലേക്കു ഭീകരാക്രമണങ്ങൾ വ്യാപിക്കുന്നത് ജമ്മു കശ്മീരിലെ സ്ഥിതി അതീവ ഗൗരവമേറിയതാക്കുന്നു. 

ദുഷ്കര ദൗത്യത്തിൽ നെഞ്ചുവിരിച്ച് സേന

വനത്തിൽ ഒളിവിൽ കഴിയുന്ന ഭീകരരെ സേന വധിച്ചിട്ടുണ്ടെങ്കിലും അതീവ ദുഷ്കര ദൗത്യമാണത്. ഇത്തരം ഓപ്പറേഷനുകളിൽ ധീരരായ ഒട്ടേറെ സേനാംഗങ്ങളെ രാജ്യത്തിനു നഷ്ടമായി. ഭീകരരെ വേട്ടയാടി പിടിക്കാൻ വൈദഗ്ധ്യമുള്ള പാരാ സ്പെഷൽ ഫോഴ്സസ് കമാൻഡോകളാണ് ഇത്തരം മേഖലകളിലെ ദൗത്യങ്ങളുടെ മുൻനിരയിൽ അണിനിരക്കുക. കൊടുംതണുപ്പ്, മഞ്ഞുവീഴ്ച, ഭൂപ്രദേശമുയർത്തുന്ന വെല്ലുവിളികൾ തുടങ്ങിയവയെല്ലാം അതിജീവിച്ചാണ്, രാജ്യത്തിന്റെ സുരക്ഷയ്ക്കായി സൈനികർ ഇവിടെ പോരാടുന്നത്. 

വന, മലനിരകളിലെ ഭീകരരെ നേരിടാൻ സിആർപിഎഫിന്റെ പർവത ബറ്റാലിയനു (മൗണ്ടൻ ബറ്റാലിയൻ) രൂപം നൽകുന്നതു കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ പരിഗണനയിലുണ്ട്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നേതൃത്വത്തിൽ അടുത്തിടെ ചേർന്ന സുരക്ഷാ അവലോകന യോഗത്തിൽ ബറ്റാലിയന്റെ ആവശ്യകത സിആർപിഎഫ് ചൂണ്ടിക്കാട്ടിയിരുന്നു. ജമ്മു കശ്മീരിൽ വനമേഖലകളിലുള്ള മലനിരകൾ ഭീകരർ താവളമാക്കുന്നതു വർധിച്ച സാഹചര്യത്തിൽ, അത്തരം പ്രദേശങ്ങളിലെ സേനാനടപടികളിൽ വൈദഗ്ധ്യമുള്ള സംഘം അനിവാര്യമാണെന്നാണു സിആർപിഎഫിന്റെ നിലപാട്. 

രാജ്യത്ത് സിആർപിഎഫിന്റെ സുരക്ഷാപരിധിയിൽ വരുന്ന ഏറ്റവും വലിയ മേഖലയാണ് ജമ്മു കശ്മീർ. നിലവിൽ അവിടെ സേനയ്ക്ക് 80 ബറ്റാലിയനുകളുണ്ട്. അതിലൊന്നിനെ പരീക്ഷണാടിസ്ഥാനത്തിൽ പർവത ബറ്റാലിയനിലേതിനു സമാനമായ പരിശീലനം നൽകി സജ്ജമാക്കാൻ അടുത്തിടെ സേന നടപടിയാരംഭിച്ചിരുന്നു. 

English Summary:

Security Crisis: Jammu and Kashmir Witnesses Continuous Terrorist Attacks

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com