ഈ വർഷവും ‘കേരളീയം’; ചെലവ് സ്പോൺസർഷിപ്പിലൂടെ കണ്ടെത്താൻ നിർദേശം
Mail This Article
തിരുവനന്തപുരം∙ വീണ്ടും കേരളീയം പരിപാടി നടത്താനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. ഈ വർഷം ഡിസംബറിലാകും പരിപാടി നടത്തുക. പരിപാടിയുടെ നടത്തിപ്പിനെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ സംഘാടക സമിതി യോഗം ചേർന്നു. ചെലവ് സ്പോൺസർഷിപ്പിലൂടെ കണ്ടെത്താൻ വകുപ്പുകൾക്ക് നിർദേശം നല്‍കി. കഴിഞ്ഞ വർഷം നവംബർ മാസത്തിലായിരുന്നു കേരളീയം നടത്തിയത്.
ഇനി എല്ലാ വർഷവും കേരളീയം നടത്തുമെന്നും തിരുവനന്തപുരമായിരിക്കും സ്ഥിരം വേദിയെന്നും മുഖ്യമന്ത്രി കഴിഞ്ഞ വർഷം കേരളീയത്തിന്റെ സമാപന സമ്മേളനത്തിൽ പ്രഖ്യാപനം നടത്തിയിരുന്നു. സ്വകാര്യ സ്പോൺസർമാരിൽ നിന്നും പണം പിരിച്ച് സർക്കാർ നടത്തുന്ന പരിപാടി വലിയ വിമർശനങ്ങൾക്ക് വഴിവച്ചിരുന്നു. തദ്ദേശസ്ഥാപനങ്ങളിൽ നിന്നും സഹകരണ സ്ഥാപനങ്ങളിൽ നിന്നും പണം പിരിച്ചായിരുന്നു കേരളീയത്തിന്റെ ഫണ്ട് കണ്ടെത്തിയത്. ഇത്തവണയും അത് തുടരാനാണ് തീരുമാനം.