ഇടനാഴി കടലാസിൽ, ചരക്ക് കൊണ്ടുപോകാൻ ഇടവഴികൾ; വിഴിഞ്ഞത്തിന്റെ നേട്ടം റാഞ്ചുമോ തമിഴ്നാട്?
Mail This Article
തിരുവനന്തപുരം ∙ ലോകത്തെ ഏതു കൂറ്റൻ കപ്പലിനും വിഴിഞ്ഞം തുറമുഖത്തെത്താൻ കഴിയും. അത് കടലമ്മയുടെ സമ്മാനമാണ്. എന്നാൽ തുറമുഖത്ത് ഇറക്കുന്ന ചരക്കുകൾ പുറത്തെത്തിക്കാനുള്ളത് ഇടവഴികൾ മാത്രം. അതേസമയം 22 കിലോമീറ്റർ അകലെ എല്ലാ സൗകര്യവും ഒരുക്കി വ്യവസായങ്ങളെ തമിഴ്നാട് മാടി വിളിക്കുന്നുണ്ടുതാനും. ചരക്കുകൾ വിഴിഞ്ഞത്തുനിന്നു റോഡ് മാർഗമോ റെയിൽ മാർഗമോ എത്തിക്കാനുള്ള പദ്ധതികളെല്ലാം സെക്രട്ടേറിയറ്റിൽ ഫയലുകളിൽ ഉറങ്ങുകയാണ്. ഇടുങ്ങിയ വഴികളും ശ്വാസം മുട്ടിക്കുന്ന ഗതാഗതക്കുരുക്കുമുള്ള തിരുവനന്തപുരം നഗരത്തിലൂടെ ചരക്കുനീക്കം നടത്താൻ എന്താണ് ചെയ്തതെന്ന് ചോദിച്ചാൽ കടലാസ് പദ്ധതികൾ മാത്രമാണ് സർക്കാരിന്റെ ഉത്തരം.
പല കാരണങ്ങളാൽ തുറമുഖ നിർമാണം പതിറ്റാണ്ടുകൾ നീണ്ടിട്ടും അതുമുതലാക്കി അനുബന്ധ പ്രവർത്തനങ്ങൾ നടത്താത്തത് സംസ്ഥാനത്തിന്റെ വികസനത്തെ വലിയ തോതിൽ ബാധിക്കും. റോഡ്, റെയിൽ ശൃംഖല പൂർത്തിയാക്കാൻ പോലും ഇതുവരെ സാധിച്ചിട്ടില്ല. വി.എസ്.അച്യുതാനനന്ദൻ സർക്കാരിന്റെ കാലത്ത് തുടങ്ങിവച്ച കരമന– കളിയിക്കാവിള റോഡ് വികസനം സ്തംഭിച്ചിട്ട് വർഷങ്ങളായി. ഉമ്മൻ ചാണ്ടി സർക്കാർ 6 കിലോമീറ്റർ റോഡ് വികസിപ്പിച്ച ശേഷം പടിയിറങ്ങിയപ്പോൾ ഒന്നാം പിണറായി സർക്കാരിന്റെ വികസനം ബാക്കി 3 കിലോമീറ്ററിൽ ഒതുങ്ങി. എന്നാൽ റിങ് റോഡും ഔട്ടർ റിങ് റോഡും ചേർത്ത് വാണിജ്യ ഇടനാഴി പോലെയുള്ള മിക്ക പ്രഖ്യാപനങ്ങളും നടപ്പായില്ല. റിങ് റോഡിനു ഭൂമിയേറ്റെടുക്കുന്നതിലെ തടസ്സം പോലും മാറിയിട്ടില്ല. തുറമുഖവും ദേശീയപാതയും തമ്മിൽ ബന്ധിപ്പിക്കുന്ന റോഡും റെയിൽ ലൈനും യാഥാർഥ്യമാകാൻ ഇനിയുമേറെ ദൂരം പോകാനുണ്ട്.
ഇവിടെ ഇഷ്ടം പോലെ ഭൂമി; ചുവപ്പുനാടയുമില്ല
ദക്ഷിണേന്ത്യയിലെ ചരക്കു നീക്കത്തിന്റെ നിയന്ത്രണം കേരള തീരത്തേക്ക് എത്തുമ്പോൾ നേട്ടം തമിഴ്നാട് കൊണ്ടുപോകുമോയെന്നാണ് ആശങ്ക. വിഴിഞ്ഞത്തുനിന്നു സംസ്ഥാന അതിർത്തിയായ കളിയിക്കാവിളയിൽ എത്താൻ 22.6 കിലോമീറ്റർ മാത്രം മതി. തമിഴ്നാട്ടിലെ അയൽ ജില്ലകളിൽ തരിശുഭൂമി ധാരാളമുണ്ട്. കേരളത്തിന്റെ പരിമിതികളൊന്നും തൊട്ടടുത്തുള്ള തമിഴ്നാടിനില്ല. ഒഴിഞ്ഞുകിടക്കുന്ന ഭൂമിയും വിലക്കുറവും തമിഴ്നാട്ടിലേക്ക് വ്യവസായങ്ങളെ ആകർഷിക്കാനുള്ള സാധ്യത ധാരാളമാണ്. വിഴിഞ്ഞം കുതിപ്പിനു പശ്ചാത്തല സൗകര്യങ്ങൾ ഒരുക്കാൻ പല ബജറ്റുകളിലായി വമ്പൻ പ്രഖ്യാപനങ്ങളാണുണ്ടായത്. ചൈനീസ് മാതൃകയിൽ പ്രത്യേക സാമ്പത്തിക മേഖല (സ്പെഷൽ ഡവപല്മെന്റ് സോൺ) ആയിരുന്നു വലിയ പ്രഖ്യാപനം. 20 നോട്ടിക്കൽ മൈൽ അകലെ രാജ്യാന്തര കപ്പൽ ചാലും 20 മീറ്റർ ആഴക്കടലുമായി പ്രകൃതി തന്നെ അനുഗ്രഹിച്ച തുറമുഖമാണ് വിഴിഞ്ഞത്തേത്.
പണം എവിടെ നിന്ന്?
വിഴിഞ്ഞം തുറമുഖ കരാറനുസരിച്ച് അദാനിക്ക് സർക്കാർ അടിയന്തരമായി നൽകേണ്ടത് 950 കോടി രൂപയാണ്. നബാർഡിൽനിന്നു വായ്പയെടുക്കാനാണ് നീക്കമെങ്കിലും നടപടികൾ എങ്ങുമെത്തിയിട്ടില്ല. പുലിമുട്ട് നിർമിച്ചതിന് സംസ്ഥാന സര്‍ക്കാര്‍ മൂന്നു ഗഡുക്കളായി അദാനിക്ക് നൽകേണ്ടത് 1300 കോടി രൂപയാണ്. എന്നാൽ വാണിജ്യാടിസ്ഥാനത്തിൽ തുറമുഖത്തിന് ഇതുവരെ നൽകിയത് രണ്ടാം ഗഡുവിന്‍റെ പകുതി വരെ മാത്രം.
ആദ്യഘട്ട കമ്മിഷനിങ് പൂര്‍ത്തിയാകും മുൻപ് 1800 കോടി അദാനിക്ക് നൽകേണ്ട സംസ്ഥാന സര്‍ക്കാര്‍ ഇതുവരെ കൊടുത്തത് 850 കോടിയാണ്. 950 കോടി കുടിശിക. റെയിൽപാത നിർമാണത്തിനുള്ള 1200 കോടി രൂപ വേറെയും നൽകണമെന്നിരിക്കെ 3600 കോടിയുടെ വായ്പയ്ക്കാണ് വിഴിഞ്ഞം രാജ്യാന്തര തുറമുഖ നിർമാണ കമ്പനി ശ്രമിക്കുന്നത്. ഹഡ്കോയെ ഉൾപ്പെടെ വായ്പയ്ക്കായി സമീപിച്ചിരുന്നെങ്കിലും അവർ പിൻവാങ്ങുകയായിരുന്നു. വിഴിഞ്ഞം തുറമുഖം ഒന്നാം ഘട്ടം പൂര്‍ത്തിയാക്കേണ്ടത് ഡിസംബര്‍ മൂന്നിന് ആണ്. കേന്ദ്രം നൽകേണ്ട ‘വയബിലിറ്റി ഗ്യാപ് ഫണ്ട്’ 817 കോടി രൂപയും ഇതുവരെ കിട്ടിയിട്ടില്ല.