ADVERTISEMENT

കൊച്ചി ∙  മുഴുവന്‍ അധ്യാപകർക്കും നിർമിതബുദ്ധി (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്)യിൽ പരിശീലനം നൽകുന്ന ആദ്യം സംസ്ഥാനമായി കേരളത്തെ മാറ്റുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കൊച്ചിയിൽ ഇന്ന് ആരംഭിച്ച രണ്ടു ദിവസത്തെ രാജ്യാന്തര ‘ജെൻ എഐ കോൺക്ലേവ്’ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആരോഗ്യം, വിദ്യാഭ്യാസം, ഐടി, പുനരുപയോഗ ഊർജം, ടൂറിസം തുടങ്ങി എല്ലാ മേഖലകളിലും സാമ്പത്തിക വളർച്ച ത്വരിതപ്പെടുത്താനും അതുവഴി ജനങ്ങളുടെ ജീവിതനിലവാരം വർധിപ്പിക്കുന്നതിനും നിർമിതബുദ്ധിയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കും. 

സർക്കാർ സംവിധാനങ്ങളിൽ നിർമിതബുദ്ധി ഉപയോഗിക്കുന്നത് ഇതിനകം തന്നെ നടപ്പാക്കി തുടങ്ങിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. ട്രാഫിക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി മോട്ടോർ വാഹന വകുപ്പ് നിർമിതബുദ്ധി ഉപയോഗിക്കുന്നുണ്ട്. നിര്‍മിതബുദ്ധിയെ അടിസ്ഥാനപ്പെടുത്തിയ നിക്ഷേപങ്ങൾ വരും വർഷങ്ങളിൽ സംസ്ഥാനത്തേക്ക് ഒഴുകുമെന്നാണ് തങ്ങൾ പ്രതീക്ഷിക്കുന്നതെന്നും അതുവഴി കേരളത്തെ നിർമിതബുദ്ധിയുടെ ഹബ്ബാക്കി മാറ്റാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. 

‘‘ഏഴാം ക്ലാസു മുതലുള്ള പാഠപുസ്തകങ്ങളിൽ എഐ പാഠഭാഗങ്ങൾ ഉൾപ്പെടുത്തിക്കൊണ്ട് വളരെ ചെറിയ പ്രായത്തിൽ തന്നെ കുട്ടികൾ ഇക്കാര്യങ്ങൾ മനസിലാക്കി തുടങ്ങണമെന്ന് തീരുമാനിച്ചിട്ടുണ്ട്. വിദ്യാഭ്യാസമേഖലയിൽ എഐ ഉൾപ്പെടുത്തിയിരിക്കുന്നതിൽ നിന്നു തന്നെ കേരളത്തിന് ഇക്കാര്യത്തിലുള്ള പ്രതിബദ്ധത മനസിലാകും’’– മുഖ്യമന്ത്രി പറഞ്ഞു. 

ഐടിയുടെയും സ്റ്റാർട്ട്അപ്പുകളുടെയും കേന്ദ്രമെന്ന നിലയിൽ രാജ്യത്തിന്റെ ജനറേറ്റീവ് എഐ കേന്ദ്രമാക്കി കേരളത്തെ മാറ്റുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഒട്ടേറെ പ്രകൃതിക്ഷോഭങ്ങൾക്ക് കേരളം കഴിഞ്ഞ വർഷങ്ങളിൽ സാക്ഷ്യം വഹിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ കാലാവസ്ഥയുമായി ബന്ധപ്പെട്ട അറിവുകൾ നേരത്തെ ലഭിക്കുന്നതിനു ജെൻ എഐ സംവിധാനങ്ങൾ‍ ഉപയോഗപ്പെടുത്താവുന്നതാണ്. കോവിഡ്, നിപ്പ പോലുള്ളവ പടർന്നു പിടിക്കുന്നത് തടയുന്നതിനും ജെൻ എഐ പോലുള്ളവയുടെ സഹായം തേടാവുന്നതാണ്. മനുഷ്യ–വന്യജീവി സംഘർഷം കുറയ്ക്കുന്നതിന്റെ ഭാഗമായി മുന്നറിയിപ്പുകള്‍ തരുന്നതിനും മറ്റും ജെൻ എഐക്ക് സാധിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. 

‌ബോള്‍ഗാട്ടി ലുലു ഗ്രാന്‍ഡ് ഹയാത്ത് ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന സമ്മേളനത്തിൽ വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് അധ്യക്ഷത വഹിച്ചു. നോര്‍ക്ക റൂട്ട്സ് വൈസ് ചെയര്‍മാനും ലുലു ഗ്രൂപ്പ് എംഡിയും ചെയര്‍മാനുമായ എം.എ.യൂസഫലി, വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം.മുഹമ്മദ് ഹനീഷ്, ഐബിഎം വൈസ് പ്രസിഡന്റ് ദിനേശ് നിർമൽ തുടങ്ങിയവര്‍ സംസാരിച്ചു. ഐബിഎമ്മിന്റെ സഹകരണത്തോടെയാണ് സമ്മേളനം സംഘടിപ്പിച്ചിരിക്കുന്നത്. 2000ത്തോളം പ്രതിനിധികളാണ് സമ്മേളനത്തിൽ സംബന്ധിക്കുന്നത്.

English Summary:

Kerala CM Pinarayi Vijayan Announces AI Training for All Teachers

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com