‘സൗന്ദര്യം കുറവ്, സ്ത്രീധനം പോരാ, സ്വകാര്യചിത്രം പുറത്തുവിടും’: നവവധുവിനെ മർദിച്ചതിൽ ഇടപെട്ട് ഹൈക്കോടതി
Mail This Article
കൊച്ചി ∙ മലപ്പുറം വേങ്ങരയില്‍ നവവധു ഭർത്താവിന്റെ ക്രൂരമർദനത്തിന് ഇരയായ സംഭവത്തിൽ അന്വേഷണ ഉദ്യോഗസ്ഥനോടു റിപ്പോർട്ട് തേടി ഹൈക്കോടതി. പൊലീസ് അന്വേഷണം കാര്യക്ഷമമല്ലെന്നും ക്രൈംബ്രാഞ്ചിനോ സിബിഐക്കോ അന്വേഷണം കൈമാറണമെന്നും ആവശ്യപ്പെട്ടു യുവതി നൽകിയ ഹർജിയിലാണു നിർദേശം.
കഴിഞ്ഞ മേയ് രണ്ടിനായിരുന്നു വേങ്ങര ചുള്ളിപ്പറമ്പ് സൗദിനഗർ സ്വദേശി മുഹമ്മദ് ഫായിസുമായി യുവതിയുടെ വിവാഹം. ആറാം ദിവസം മുതൽ ക്രൂരമർദനം ആരംഭിച്ചെന്ന് യുവതി പൊലീസിനു നൽകിയ പരാതിയിൽ പറയുന്നു. വിവാഹസമയത്ത് 50 പവൻ സ്വർണം നൽകിയെങ്കിലും കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ടായിരുന്നു മർദനം. സൗന്ദര്യം കുറഞ്ഞുപോയെന്ന് ആക്ഷേപിച്ചും സുഹൃത്തുക്കളുടെ പേരു പറഞ്ഞും മർദിച്ചു. പരുക്കേറ്റ യുവതിയെ ഭർതൃവീട്ടുകാർ 4 തവണ ആശുപത്രിയിൽ കൊണ്ടുപോയി. മർദനവിവരം പുറത്തു പറഞ്ഞാൽ സ്വകാര്യചിത്രങ്ങൾ പുറത്തുവിടും എന്നായിരുന്നു ഭർത്താവിന്റെ ഭീഷണി. ഫായിസ് ലഹരിക്ക് അടിമയാണെന്നും പരാതിയിലുണ്ട്.
സ്വന്തം വീട്ടുകാരെ വിളിച്ചുപറഞ്ഞപ്പോൾ അവരെത്തി. അടിവയറ്റിലും നട്ടെല്ലിനും ഉൾപ്പെടെ ശരീരമാകെ പരുക്കേറ്റ അവസ്ഥയിലായിരുന്നു യുവതി. അടിയേറ്റ് ഒരു ചെവിയുടെ കേൾവിശക്തി കുറഞ്ഞു. മേയ് 22ന് സ്വന്തം വീട്ടിലേക്കു മടങ്ങി. ഫായിസ്, മാതാവ് സീനത്ത്, പിതാവ് സൈതലവി എന്നിവർക്കെതിരെ 23ന് മലപ്പുറം വനിതാ സ്റ്റേഷനിൽ പരാതി നൽകി. നിസ്സാര വകുപ്പുകളാണ് പൊലീസ് ചുമത്തിയതെന്നു യുവതി പറയുന്നു. മലപ്പുറം ജില്ലാ പൊലീസ് മേധാവിക്ക് തുടർപരാതി നൽകിയപ്പോഴാണു വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ഉൾപ്പെടുത്തിയത്. ഇതിനിടയിൽ ഫായിസും മാതാപിതാക്കളും മുൻകൂർ ജാമ്യത്തിനായി ജില്ലാ കോടതിയെ സമീപിച്ചെങ്കിലും അപേക്ഷ തള്ളി.
സീനത്തിനു പിന്നീട് ഹൈക്കോടതിയിൽനിന്ന് അറസ്റ്റിന് സംരക്ഷണം ലഭിച്ചു. ഫായിസും സൈതലവിയും ഒളിവിൽ പോയി. ഫായിസ് വിദേശത്തേക്കു കടന്നെന്നാണു യുവതിയുടെ വീട്ടുകാർ പറയുന്നത്. പ്രതികളുടെ മുന്‍കൂർ ജാമ്യാപേക്ഷ തള്ളിയിട്ടും അറസ്റ്റ് ചെയ്യന്നതടക്കമുള്ള നടപടികളിലേക്കു പൊലീസ് കടന്നില്ല. തുടക്കം മുതൽ പ്രതികളെ സഹായിക്കുന്ന നിലപാടാണു പൊലീസ് സ്വീകരിച്ചതെന്നും യുവതി പറയുന്നു.