‘വൻ ശബ്ദത്തിൽ മലയിൽനിന്ന് പാറയും മണ്ണും; ബസ് മറിയുമെന്നുറപ്പായി, ഞാൻ പുറത്തേക്ക് ചാടി’
Mail This Article
കഠ്‌മണ്ഡു∙ നേപ്പാളിൽ നദിയിലേക്കു ബസുകൾ മറിഞ്ഞ് കാണാതായവർ 51 പേരെന്നു സ്ഥിരീകരണം. കഴിഞ്ഞദിവസം കഠ്‌മണ്ഡുവിൽനിന്ന് 86 കിലോമീറ്റർ അകലെ ചിത്വാൻ ജില്ലയിലെ ബാഗ്മതിയിലായിരുന്നു അപകടം. മണ്ണിടിച്ചിലിനെ തുടർന്നാണ് ബസുകള്‍ അപകടത്തിൽപെട്ടത്. കാണാതായവരിൽ 6 പേർ ഇന്ത്യക്കാരാണ്.
ചിത്വാൻ ജില്ലയിലെ നാരായൺഘട്ട് - മഗ്ലിങ് റോഡിലായിരുന്നു അപകടം. മണ്ണിടിച്ചിലിനിടെ ബസുകൾ സമീപത്തെ ത്രിശൂലി നദിയിലേക്ക് മറിയുകയായിരുന്നു. പുലർച്ചെയായിരുന്നു അപകടമെന്നു പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കഠ്‌മണ്ഡുവിലേക്ക് പോവുകയായിരുന്ന ബസും തിരികെ ഗൗറിലേക്ക് പോവുകയായിരുന്ന മറ്റൊരു ബസുമാണ് അപകടത്തിൽപ്പെട്ടത്.
സന്തോഷ് താക്കൂർ, സുരേന്ദ്ര ഷാ, ആദിത് മിയാൻ, സുനിൽ, ഷാനവാജ് ആലം, അൻസാരി എന്നിവരാണ് കാണാതായ ഇന്ത്യക്കാർ. ബസിലുണ്ടായിരുന്ന 3 പേർ അദ്ഭുതകരമായി രക്ഷപ്പെട്ടു. ബസ് നദിയിലേക്ക് മറിയുന്നതിന് തൊട്ടുമുൻപ് ഇവർ പുറത്തേക്ക് ചാടിയതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. ഇവർ ആശുപത്രിയിൽ ചികിത്സയിലാണ്.
‘‘വലിയ ശബ്ദത്തോടെയാണ് മലമുകളിൽനിന്ന് പാറക്കല്ലുകളും മണ്ണും വീണത്. ബസ് മറിയുമെന്ന് ഉറപ്പായതോടെ ഞാൻ പുറത്തേക്ക് ചാടി. ഞാനുൾപ്പടെ 5 പേരാണ് ബസിന് മുൻവശത്ത് നിന്നിരുന്നത്. പക്ഷേ അതിൽ 3 പേർക്ക് മാത്രമേ രക്ഷപ്പെടാൻ സാധിച്ചുള്ളൂ.’’ – അപകടത്തിൽനിന്ന് രക്ഷപ്പെട്ട ജുഗാസാർ റായ യാദവ് പറഞ്ഞു.
നേപ്പാൾ മുൻ പ്രധാനമന്ത്രി പുഷ്പ കമാൽ ദഹൽ പ്രചണ്ഡ അപകടത്തിൽ ദുഃഖം രേഖപ്പെടുത്തി. അടിയന്തര രക്ഷാപ്രവർത്തനങ്ങൾക്കായി നേപ്പാൾ സായുധസേന രംഗത്തുണ്ട്. ഇതുവരെ ഒഴുക്കിൽപ്പെട്ടവരെ കണ്ടെത്താൻ രക്ഷാപ്രവർത്തകർക്ക് സാധിച്ചിട്ടില്ല. പ്രദേശത്തെ മോശം കാവാവസ്ഥയും രക്ഷാപ്രവർത്തനത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. ജൂൺ പകുതി മുതൽ നേപ്പാളിലെ വിവിധ ഇടങ്ങളിലുണ്ടായ മണ്ണിടിച്ചിലിലും വെള്ളപ്പൊക്കത്തിലും 90ലധികം പേർ മരിച്ചതായാണ് റിപ്പോർട്ട്.